- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെസ്ന കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ കൈമാറി
തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ പിതാവ് ജയിംസ് ജോസഫ് മുദ്ര വച്ച കവറിൽ തെളിവുകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഏതാനും ചിത്രങ്ങൾ അടക്കമുള്ള തെളിവുകളാണ് പുറത്തുവന്നത്. കോടതി ഇതു പരിശോധിച്ചു സ്വീകരിച്ചു. ഈ തെളിവുകൾ മുൻപു സിബിഐ പരിശോധിച്ചിരുന്നോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ സിബിഐയോടു കോടതി ആവശ്യപ്പെട്ടു.
തങ്ങൾ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുണ്ടെങ്കിൽ തുടരന്വേഷണം നടത്താമെന്നാണു സിബിഐ നിലപാട്. അതിനാൽ തെളിവുകൾ താരതമ്യം ചെയ്ത ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക. കേസ് ഇന്നു വീണ്ടും പരിഗണിക്കും. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപു കാണാതായ ജെസ്‌ന മരിയ ജയിംസിന് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ പറഞ്ഞത്.
അതേസമയം ജെസ്‌ന ജീവിച്ചിരിക്കുന്നതിനു തെളിവും ലഭിച്ചില്ല. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നാണു ജെസ്‌നയുടെ അച്ഛന്റെ ആവശ്യം. സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നാണ് അദ്ദേഹത്തിന്റെ വാദം. ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല. മറ്റൊരു സുഹൃത്താണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ തെളിവു കോടതിക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണു തന്റെ നേതൃത്വത്തിൽ ഒരു സംഘം സമാന്തര അന്വേഷണം നടത്തിയത്. തുടർന്നാണു പുതിയ തെളിവു ഹാജരാക്കിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നു സിബിഐ കോടതിയെ അറിയിച്ചത്.
സിബിഐ ഏറ്റവും വിപുലമായി അന്വേഷണം നടത്തിയ കേസാണ് ജെസ്‌നയുടെ തിരോധാന കേസ്. 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്, ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജൻസികൾ, രാജ്യവ്യാപക പരിശോധനകൾ, സൈബർ ലോകത്തെ അരിച്ചുപെറുക്കൽ, എന്നിട്ടും അഞ്ച് വർഷങ്ങൾക്കിപ്പുറവും ജെസ്ന മരിയ ജയിംസ് കാണാമറയത്താണ്.
ജെസ്ന കേസിന്റെ നാൾ വഴികൾ
2018 മാർച്ച് 22-നാണ് പത്തനംതിട്ട കൊല്ലമുള്ള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജയിംസ് ജോസഫ് - ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്നയെ കാണാതായത്. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന വീടുവിട്ടിറങ്ങിയത്. കാണാതാകുമ്പോൾ 20-കാരിയായിരുന്ന ജെസ്ന കാഞ്ഞിരപ്പള്ളി ഡൊമിനിക് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു. എരുമേലി വരെ ബസിൽ വന്നതിന് തെളിവുണ്ട്. ചാത്തൻതറ-കോട്ടയം റൂട്ടിൽ ഓടുന്ന ബസിലാണ് ജെസ്നയെ അവസാനമായി കണ്ടത്. മുക്കൂട്ടുതറയിൽ നിന്ന് ബസിൽ കയറിയ ജെസ്ന, ആറു കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി. പിന്നീട് മുണ്ടക്കയം ബസിൽ കയറി പോയെന്നാണ് പറയപ്പെടുന്നത്. ശേഷം ജെസ്ന എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ല. ആരുടേയും കണ്ണിലുടക്കിയതുമില്ല.
മൊബൈൽ ഫോൺ വീട്ടിൽവച്ചായിരുന്നു ജെസ്ന ബസ് കയറി പോയത്. 2018 മാർച്ച് 22-ന് ജെസ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജയിംസ് വെച്ചൂചിറ, എരുമേലി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ആദ്യം വെച്ചൂചിറ പൊലീസ് അന്വേഷിച്ച കേസിൽ, തുമ്പൊന്നും കണ്ടെത്താനാകാതെ വന്നതോടെ പ്രതിഷേധമുയർന്നു. തുടർന്ന് 2018 ഏപ്രിലിൽ തിരുവല്ല ഡിവൈഎസ്‌പി ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നാൽ, ജെസ്നയെ കണ്ടെത്താനായില്ല.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ 2018 മെയ് 27-ന് മറ്റൊരു അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർന്നു. കാണാതായ ദിവസം ജെസ്നയെ ഫോണിൽ വിളിച്ച ആൺസുഹൃത്തിനെ ചോദ്യം ചെയ്യുകയും ജെസ്നയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു. പക്ഷേ, ആൺസുഹൃത്തിന് കേസിൽ റോളൊന്നുമില്ലെന്ന് പൊലീസ് മനസിലായി. കേസ് അനിശ്ചിതമായി നീണ്ടുപോകുന്നത് രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമിട്ടു. വിഷയം ഉയർത്തി കോൺഗ്രസ് രംഗത്തെത്തി. പൊലീസ് വീഴ്ച ആരോപിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചു.
കോഴിക്കോട് കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷിച്ച് കണ്ടെത്തി ജോളി ജോസഫിനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന കോഴിക്കോട് റൂറൽ എസ്‌പി കെ ജി സൈമൺ പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയെത്തുന്നത് 2020- ജനുവരിയിൽ. കൂടത്തായി അടക്കം നിരവധി കേസുകൾ കണ്ടെത്തി താരമായി നിന്ന കെ ജി സൈമൺ, പക്ഷേ ജെസ്ന കേസിൽ വെള്ളം കുടിച്ചു. 2020- ഫെബ്രുവരി 13-ന് ജെസ്ന കേസിലെ അന്വേഷനത്തിന് തന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് സൈമൺ വാഗ്ദാനം ചെയ്തു. പിന്നീട്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ജെസ്ന എവിടെയുണ്ടെന്ന് തങ്ങൾക്കറിയാമെന്നും ഉടൻ നാട്ടിലെത്തിക്കുമെന്നും സൈമണും ടോമിൻ തച്ചങ്കരിയും പറഞ്ഞെങ്കിലും ജെസ്ന മാത്രം പുറത്തുവന്നില്ല.
ഇതോടെ, കേരള പൊലീസിന്റെ അന്വേഷണത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബം കേസ് സിബിഐയെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനിടെ, ജെസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഹർജി പിൻവലിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ജെയ്സ് ജോണും കെഎസ്‌യു നേതാവ് കെ എം അഭിജിത്തും നൽകിയ ഹർജികളിൽ, കേസ് സിബിഐയ്ക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2021- മാർച്ച് 21 കേസ് സിബിഐ ഏറ്റെടുത്തു.
ഇതിനിടയിൽ പല കഥകളും ജെസ്നയെ ചുറ്റിപ്പറ്റിയുണ്ടായി. പെൺകുട്ടി തീവ്രവാദ സംഘടയിൽ ചേർന്നെന്നും മതപരിവർത്തനം നടത്തിയെന്നും പ്രചാരണമുണ്ടായി. എന്നാൽ, ഈ പ്രചാരണങ്ങൾ സിബിഐ തള്ളി. 2022- മാർച്ച് 31-ന് സിബിഐ ജെസ്നയെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി, ഇന്റർപോൾളിന്റെ സഹായം തേടി. 191 രാജ്യങ്ങളിൽ ജെസ്നയെ തിരഞ്ഞ് യെല്ലോ നോട്ടീസ് നൽകി. നിരാശയായിരുന്നു ഫലം. കൃത്യമായ ആസൂത്രണത്തോടെയാണ് ജെസ്ന വീടുവിട്ട് പോയതെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം.