- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെസ്ന മരിച്ചു എന്നതിന് യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ല: സിബിഐ
തിരുവനന്തപുരം: എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൈം ബ്രാഞ്ച് കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് സിബിഐ കോടതിയിൽ റിപ്പോർട്ടു സമർപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന കൂടുതൽ വിവരങ്ങൽ.
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകളും സൂചനകളുമൊന്നും ലഭിച്ചിട്ടില്ലെന്നും മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സി.ജി.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിശദാംശങ്ങൾ. പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല. ജസ്ന മതപരിവർത്തനവും നടത്തിയിട്ടില്ല. കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവർത്തനകേന്ദ്രങ്ങൾ പരിശോധിച്ചു. പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും റിപ്പോർട്ട്.
അയൽ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. കോവിഡ് കാലത്ത് ജസ്ന വാക്സിൻ എടുത്തതിനോ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതായോ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തി. എന്നാൽ, ജസ്ന മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല.
പിതാവിനെയും സുഹൃത്തിനെയും ബി.ഇ.ഒ.എസ്. ടെസ്റ്റിന് വിധേയമാക്കി. അവർ നൽകിയ മൊഴിയെല്ലാം സത്യമാണ്. ജസ്ന സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന പതിവില്ല. ജെസ്നയെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. പിന്നാലെ, സിബിഐ. ഇന്റർപോൾവഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് നോട്ടീസ് നൽകിയത്. ഇന്റർപോളിൽ നിന്നും യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അതേസമയം കേസിൽ ജെസ്നയുടെ പിതാവിനും കോടതി നോട്ടീസ്. സിബിഐ റിപ്പോർട്ടിന്മേൽ പരാതി ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സിജെഎം കോടതി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന് നോട്ടീസ് നൽകിയത്. നോട്ടീസിന് ഈ മാസം 19 നകം മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും, മകളെ കാണാതായതായി പരാതി നൽകി ഏഴാം ദിവസമാണ് പൊലീസ് പരാതിയിൽ അന്വേഷണത്തിനായി വീട്ടിലെത്തിയത്. പൊലീസ് തുടക്കത്തിൽ കാണിച്ച വീഴ്ചയാണ് ജെസ്ന കാണാമറയത്ത് തുടരുന്നതിന് കാരണമെന്നും ജെസ്നയുടെ പിതാവ് ആരോപിച്ചിരുന്നു.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ എരുമേലിയിൽനിന്ന് കാണാതായത്. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. 2021 ഫെബ്രുവരിയിൽ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സിബിഐ കേസ് അവസാനിപ്പിച്ചത് സാങ്കേതിക നടപടി മാത്രമെന്നും, എന്തെങ്കിലും ലീഡ് ലഭിച്ചാൽ വീണ്ടും അന്വേഷിക്കാവുന്നതേയുള്ളൂവെന്നും മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐയെന്നും, പ്രപഞ്ചത്തിൽ എവിടെ ജെസ്‌ന ജീവിച്ചാലും മരിച്ചാലും സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി പറഞ്ഞു.
തന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു. കയ്യെത്തുംദൂരത്തു ജെസ്‌നയുണ്ടെന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയെങ്കിലും കോവിഡ് ലോക്ഡൗൺ തിരിച്ചടിയായെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു.