തിരുവനന്തപുരം: ജസ്‌ന തിരോധാന കേസിൽ സിബിഐ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് കോടതിയിൽ ഹർജി നൽകി. പത്തനംതിട്ട വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും ആറ് വർഷത്തിന് മുമ്പ് പുറപ്പെട്ട ജെസ്‌നയെ അവസാനം കണ്ടത് മുണ്ടക്കയത്ത് വച്ചാണ്. ജസ്‌നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം എത്തിയില്ല എന്നതടക്കം ആരോപിച്ചാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകിയത്.

കേസ് ഈ മാസം 27ന് കോടതി പരിഗണിക്കും. ജസ്‌നയെ കാണാതായി അഞ്ചു വർഷത്തിന് ശേഷമാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്നറിയാൻ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപ്പോർട്ട്. മതപരിവർത്തനം നടന്നതായോ, വിദേശത്തേക്ക് കടന്നതായോ തെളിയിക്കാനായില്ലെന്നും സിബിഐ പറഞ്ഞിരുന്നു. താൽക്കാലികമായി കേസ് അവസാനിപ്പിച്ച് നൽകിയ റിപ്പോർട്ടിൽ നിരവധി അപാകതയുണ്ടെന്നാണ് അച്ഛന്റെ ആരോപണം.

ജെസ്‌നയുടെ കൂടെ കോളജിൽ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ലെന്നു അച്ഛൻ ആരോപിക്കുന്നു. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം നൽകി.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്‌നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഡിഗ്രിക്കു കൂടെ പഠിച്ച ഏതോ ഒരു സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ട്.

ജസ്‌നയെ കാണാതാകുന്നത് മുമ്പ് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. മർദ്ദനമേൽക്കുകയോ ആന്തരിക രക്തസ്രാവുമുണ്ടാവുയോ ചെയ്തുവോ എന്ന് അന്വേഷിച്ചില്ല. ഒപ്പം പഠിച്ച അഞ്ച് പേരിലേക്ക് അന്വേഷണം നടന്നില്ല. കോളേജിന് പുറത്ത് ജസ്‌ന എൻ എസ് എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ല ഇങ്ങനെ നിരവധി കാര്യങ്ങളാണ് ആക്ഷേപ ഹർജിയിൽ ചൂണ്ടികാട്ടുന്നത്. കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് ജസ്‌നയുടെ നാട്ടുകാരൻ രഘുനന്ദനും കോടതിയെ സമീപിച്ചു.

സുതാര്യമായി അന്വേഷണം നടന്നപ്പോൾ പറയാനുള്ളത് സിബിഐയോട് എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കോടതി ചോദിച്ചു. ആക്ഷേപ ഹർജികളിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. 2018 മാർച്ച് 22 നാണ് ജസ്‌നയെ കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും മൂന്നുവർഷം കേസ് അന്വേഷിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇതിനുശേഷം സിബിഐ കേസെറ്റെടുത്തത്

സിബിഐ അന്വേഷണം പരാജയമാണ് എന്നാണു ഹർജിയിൽ ആരോപിക്കുന്നത്. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്‌ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു സിബിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജെസ്‌നയുടെ തിരോധാനത്തിനു പിന്നിൽ മത, തീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ കണ്ടെത്തലുകൾക്കു സമാനമാണു സിബിഐയുടെ കണ്ടെത്തലും.

2018 മാർച്ച് 22നാണ് ജെസ്‌നയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐയിലേക്കെത്തിയത്. കുടുംബം പരാതി നൽകിയതിനെ തുടർന്ന് 2021 ഫെബ്രുവരി 19 നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.