- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമാനൂര്‍ ജെസി കൊലപാതകം; മൃതദേഹം കൊക്കയില്‍ തള്ളാന്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി; കാര്‍ കണ്ടെത്തിയത് കോട്ടയം ശാസ്ത്രി റോഡില്‍ കാനറ ബാങ്കിനടുത്ത പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍; പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്; പിടിയിലാകുമ്പോള്‍ സാമിനൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ്
ഏറ്റുമാനൂര്‍ ജെസി കൊലപാതകം; മൃതദേഹം കൊക്കയില്‍ തള്ളാന്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കോട്ടയത്തു നിന്നുമാണ് കാര്‍ കണ്ടെടുത്തത്. ശാസ്ത്രി റോഡില്‍ കാനറ ബാങ്കിനടുത്ത പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. പ്രതി സാം കെ.ജോര്‍ജിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഈ കാറിന്റെ ഡിക്കിയില്‍ കയറ്റിയാണ് 26നു രാത്രി ചെപ്പുകുളത്തെത്തിച്ച് കൊക്കയിലെറിഞ്ഞത്.
കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം (49) കൊല്ലപ്പെട്ട കേസില്‍ ഇന്നലെയാണ് ഭര്‍ത്താവ് സാം കെ.ജോര്‍ജിനെ (59) മൈസൂരുവില്‍ അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പം ഒരു ഇറാനിയന്‍ യുവതിയുമുണ്ടായിരുന്നു. മറ്റു സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണം. സാമിനൊപ്പമുണ്ടായിരുന്ന ഇറാനിയന്‍ വനിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു കോട്ടയം എസ്പി പറഞ്ഞു.
സാമിനും ജെസിക്കും മൂന്നു മക്കളാണുള്ളത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടിയില്ല. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കൊടുവില്‍ പ്രതി പിടിയിലായത്. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.
കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വര്‍ഷമായി സാമും ജെസിയും താമസിച്ചിരുന്നത്. 26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ വച്ച് മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടക്കുകയായിരുന്നു.
1994ലാണ് ജെസിയും സാമും വിവാഹിതരാകുന്നത്. ആദ്യഭാര്യ പ്രസവിച്ചദിവസം തന്നെയായിരുന്നു സാം ജെസിയെ ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹംകഴിച്ചതെന്നാണ് ജെസിയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, നിയമപരമായി അന്ന് വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസിയെ വിവാഹംകഴിച്ചതോടെ ആദ്യഭാര്യ കുഞ്ഞിനെ സാമിനെ ഏല്‍പ്പിച്ച് പോയി. ഇതോടെ ഈ കുട്ടിയെയും ജെസിയാണ് വളര്‍ത്തിയത്. സാം-ജെസി ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.
സാം ജോര്‍ജിന് വിദേശയുവതികളടക്കം ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. വിദേശ യുവതികളുമായി സാം വീട്ടിലെത്തുന്നതും ജെസി ചോദ്യംചെയ്തിരുന്നു. ഇഥാണ് കൊലപാതത്തിലേക്ക് നയിച്ചത്. സാമിന്റെ വഴിവിട്ട ജീവിതത്തിന് വിലങ്ങുതടിയായിനിന്ന ജെസിയെ കൊലപ്പെടുത്താന്‍ പദ്ധതി ഒരുക്കിയത് ഒരുവര്‍ഷം മുമ്പായിരുന്നു. ഇരുനിലവീട്ടില്‍ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളില്‍ ഇയാള്‍ വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി ജെസിയുടെ കണ്‍മുമ്പിലൂടെ വീട്ടില്‍ എത്തിയിരുന്നു. ഇവിടേക്ക് എത്തിയ സ്ത്രീകളോട് താന്‍ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാല്‍ വീട്ടിലെത്തുന്ന സ്ത്രീകളോട് താന്‍ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടില്‍നിന്നും അപ്പോള്‍ തന്നെ മടങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിയറ്റ്നാം സ്വദേശിയായ സ്ത്രീ താന്‍ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈല്‍ നമ്പറും ഇവര്‍ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകര്‍ത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ വിദേശ വനിതയെ അറിയിച്ചു. ഇതില്‍ ഭയന്ന ഇവര്‍ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു. പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടില്‍ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാര്‍ പറഞ്ഞു.
വിവാഹിതരായത് മുതല്‍ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008-ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്. വാതിലിന്റെ ലോക്ക് ഊരി പലതവണ തലയില്‍ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമില്‍ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
അഞ്ച് മാസങ്ങള്‍ക്കപ്പുറം ജെസി സ്വബോധത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ തനിക്ക് പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസില്‍ പരാതിപ്പെട്ടില്ല. പിന്നീടും ഇയാള്‍ പലതവണ ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴും ഇവള്‍ മക്കളെ ഓര്‍ത്ത് പലതും സഹിക്കുകയായിരുന്നുയെന്ന് ബന്ധുക്കള്‍ പറഞ്ഞു