- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ സ്വത്തുക്കള്‍; ജെസി താമസിച്ചത് മുകളിലത്തെ നിലയില്‍; സാം യുവതികളുമായി എത്തുന്നത് താഴത്തെ നിലയില്‍; ജെസിക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും സാമിനത് പാലിക്കാനായില്ല; വീട് നഷ്ടപ്പെടുമോ എന്ന പേടിയിലും പരസ്ത്രീ ബന്ധത്തിന് തടസം നിന്നതിനാലും ജെസിയെ കൊലപ്പെടുത്തി; കൊലപാതകത്തിന് മുന്‍കൂട്ടിയുള്ള ആസൂത്രണവും
കോടികളുടെ സ്വത്തുക്കള്‍; ജെസി താമസിച്ചത് മുകളിലത്തെ നിലയില്‍
കോട്ടയം: കോട്ടയം കാണക്കാരിയിലെ ജെസിയുടെ കൊലപാതകത്തിന് കാരണമായി സ്വത്തു തര്‍ക്കവും. കോടതിവിധിയിലൂടെ വീട് ഉള്‍പ്പെടെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു പ്രതിയായ സാം. ഈ ആശങ്ക കൊണ്ടാണ് ആസൂത്രമായി കൊലപ്പെടുത്തുന്നതലേക്ക് നയിച്ചത്. കസ്റ്റഡിയിലുള്ള സാമിനെ വിവിധ ഇടങ്ങളില്‍ എത്തിച്ചു തെളിവെടുക്കും.
ജെസ്സിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഭര്‍ത്താവ് സാമിന് കോടികളുടെ സ്വത്ത് ഉണ്ടായിരുന്നുവെങ്കിലും സമാധാനമുണ്ടായിരുന്നില്ല. ഭാര്യ ജെസിയുമായുള്ള തര്‍ക്കം കോടതിയില്‍ എത്തിയതോടെ ആശങ്കയില്‍ ആയിരുന്നു സാം. ജെസ്സിയെ കൊല്ലാന്‍ രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. സാമിന്റെ പരസ്ത്രീ ബന്ധത്തിന് ജെസി തടസമായി. മറ്റൊന്ന് കോടതിവിധി എതിരായി വന്നാല്‍ കാണക്കാരിയിലെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവരുമോ എന്ന ആശങ്കയും പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണക്കാരിയിലെ വീട് വാങ്ങിക്കാന്‍ ജെസ്സിയാണ് കൂടുതല്‍ പണം മുടക്കിയത്. ജെസ്സിക്ക് ജീവനാംശം ഉള്‍പ്പെടെ നല്‍കാന്‍ 2018-ല്‍ പാലാ കോടതി ഉത്തരവിട്ടിരുന്നു. ഇത് പൂര്‍ണമായി പാലിക്കാന്‍ സാമിന് കഴിഞ്ഞില്ല. ഇതെല്ലാം വീണ്ടും കോടതിയില്‍ എത്തിയാല്‍ വീട് നഷ്ടപ്പെടുമെന്ന് സാം ഭയന്നു. ഇതിനിടെ ജെസ്സിയെ കാണക്കാരിയിലെ വീട്ടില്‍നിന്ന് മാറ്റാന്‍ സാം കോടതിയെ സമീപിച്ചു. ഇതിന്റെ കോടതി നടപടികള്‍ തുടരുമ്പോഴാണ് കൊലപാതകം.
അഞ്ചുദിവസം കുറവിലങ്ങാട് പൊലീസിന്റെ കസ്റ്റഡിയിലാണ് സാം. ജെസ്സിയുടെ മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോയ കാര്‍ കോട്ടയം നഗരത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി. വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് തുടരും. 1994-ലാണ് പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിനിയായ ജെസിയും കോട്ടയം ഉഴവൂര്‍ സ്വദേശിയായ സാമും വിവാഹിതരായത്. ദമ്പതികള്‍ വിദേശത്ത് ജോലിചെയ്‌തെങ്കിലും ജോലിയിലും ജീവിതത്തിലും സമാധാനം ഉണ്ടായിരുന്നില്ല.
തന്റെ അവിഹിതബന്ധങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യയായ ജെസിയെ കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് സാം കൊലപ്പെടുത്തിയത്. കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം പത്തു ദിവസങ്ങള്‍ക്കു മുന്‍പേ സാം കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്കു മുന്‍പ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സാമിനു പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഇതേച്ചൊല്ലി പലതവണ ജെസിയുമായി വഴക്കുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 59ാം വയസ്സിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സിന് സാം എംജി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. അവിടെ സഹപാഠിയായ ഇറാന്‍ സ്വദേശിനിക്കൊപ്പം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തി. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പും വഴക്ക് നടന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
ജെസി വീടിന്റെ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. 1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ജെസിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനായി ആളൊഴിയുന്നതുവരെ സാം കാത്തുനിന്നു. രാത്രി വൈകിയും സഞ്ചാരികള്‍ വാഹനം നിര്‍ത്തിയിറങ്ങി നില്‍ക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാല്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി സാം ചെപ്പുകുളത്ത് എത്തിയത്. നാട്ടില്‍നിന്നു മുങ്ങിയ സാമിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസും നീങ്ങി. തൊടുപുഴയില്‍ ഇയാള്‍ എത്തിയതായി വ്യക്തമായെങ്കിലും പൊലീസ് എത്തുന്നതിനും മുന്‍പേ വിദേശ വനിതയ്‌ക്കൊപ്പം മൈസൂരുവിലേക്ക് കടക്കുകയായിരുന്നു.
അറസ്റ്റിലാകുമ്പോള്‍ പ്രതി ഒരു ഇറാനിയന്‍ വനിതയോടൊപ്പം ആണ് ഉണ്ടായിരുന്നത്. ഇവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. നിലവില്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.