ആലപ്പുഴ: ഇനി സെബാസ്റ്റ്യന് രക്ഷയില്ല. അതിരമ്പുഴ ജെയ്നമ്മ കൊലക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ പങ്കിന് കൂടുതല്‍ തെളിവ് അന്വേഷകര്‍ക്ക് കിട്ടിയതോടെയാണ് ഇത്. ഈ സാഹചര്യത്തില്‍ സെബാസ്റ്റിയനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊലക്കേസല്ല അതിനുപ്പുറം ചാര്‍ജ് ചെയ്താലും തനിക്കു പ്രശ്നമല്ലെന്നും ഒരു കേസും വ്യക്തമായി തെളിയിക്കാന്‍ സാധിക്കില്ലെന്നും ഈസിയായി പുറത്തിറങ്ങുമെന്നും സീരിയല്‍ കില്ലര്‍ സെബാസ്റ്റ്യന്റെ വെല്ലുവിളിച്ചിരുന്നു. രണ്ടാഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടും വ്യക്തമായ ഉത്തരം നല്‍കാതെയും പോലീസിനെ വഴിതെറ്റിച്ചു. ജെയ്നമ്മ കൊലക്കേസില്‍ വ്യക്തമായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ക്ഷീണവും ഉറക്കവും അഭിനയിച്ച് തന്ത്രം പയറ്റി. ദൂരൂഹസാഹചര്യത്തില്‍ കാണാതായ ബിന്ദു, ഐഷ, സിന്ധു എന്നിവരെ പരിചയമുണ്ടെന്നല്ലാതെ മറ്റൊന്നും അറിവില്ലെന്നാണ് മൊഴി. ചേര്‍ത്തലയിലെ വീട്ടിലും കുളിമുറിയിലും കണ്ടെത്തിയ രക്തം തന്റേതാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രമേഹരോഗമുണ്ടെന്നും കാലിലെ മുറിവ് ഉണങ്ങാതെ വന്നപ്പോള്‍ രക്തം തനിയെ പൊടിഞ്ഞതാണെന്നുമാണ് അവകാശവാദം.

എന്നാല്‍ ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ ടൈലിനിടെയില്‍ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തിരുവനന്തപുരം ഫോറസിക് ലാബില്‍ തെളിഞ്ഞു. ഇതോടെ കള്ള മൊഴിയുടെ പ്രസക്തി തീരുകയാണ്. കുളിമുറി കഴുകി വൃത്തിയാക്കാന്‍ ഉപയോഗിച്ച സ്‌ക്രബറും കണ്ടെത്തിയിരുന്നു. വീട്ടിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു. ഇതോടെ സെബാസ്റ്റിയനെതിരെ ശാസ്ത്രീയ തെളിവ് പോലീസിന് കിട്ടുകായണ്. ഇനി ചോദ്യം ചെയ്യലിനോട് സെബാസ്റ്റിയന് സഹകരിക്കാതിരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് കൊടും കുറ്റവാളിയുടെ മാനസികാവസ്ഥയായി വിലയിരുത്തപ്പെടും. തെളിവുകളൊന്നും ഇല്ലാത്തതു കൊണ്ട് മാത്രമാണ് സെബാസ്റ്റ്യനെ വേണ്ട രീതിയില്‍ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിയാതെ പോയത്. ഇനി കള്ളം പറഞ്ഞ് ചോദ്യം ചെയ്യലിനെ വഴി തെറ്റിക്കാന്‍ സെബാസ്റ്റിയന് കഴിയില്ല.

ജെയ്നമ്മയെ വെട്ടിയോ കുത്തിയോ കൊലപ്പെടുത്തി ചുട്ടരിച്ചശേഷം കത്തിയോ വസ്ത്രമോ ബാത്ത് റൂമില്‍ കഴുകിയിട്ടുണ്ടാകാനാണ് സാധ്യത. ജെയ്നമ്മയുടേതെന്നു കരുത്തുന്ന വാനിറ്റി ബാഗും വസ്ത്ര അവശിഷ്ടങ്ങളും സമീപത്തെ കുളത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. അടുപ്പില്‍ കത്തിച്ച നിലയില്‍ ലേഡീസ് വാച്ചിന്റെ ഡയലും ലഭിച്ചിരുന്നു. ജെയ്നമ്മയുടെ മൃതദേഹം മറവുചെയ്തു മാസങ്ങള്‍ക്കു ശേഷം അസ്ഥികള്‍ പുറത്തെടുത്തു വീണ്ടും കത്തിച്ചിട്ടുണ്ടാകാം എന്നും സംശയമുണ്ട്. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു സെബാസ്റ്റ്യന്‍. തെളിവും കിട്ടില്ലെന്ന ആത്മവിശ്വാസത്തില്‍ അന്വേഷണവുമായി സഹകരിച്ചുമില്ല. ഇതാണ് ആദ്യ ഫോറന്‍സിക് തെളിവില്‍ പൊളിയുന്നത്. ജെയ്നമ്മയുടെ 11 പവന്‍ ആഭരങ്ങളില്‍ അഞ്ചു പവന്‍ 24ന് സെബാസ്റ്റ്യന്‍ സഹായിയെ അയച്ച് പണയം വച്ച് പണമെടുത്തിരുന്നു. വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയം വെച്ച ആഭരണങ്ങള്‍ ജെയ്‌നമ്മയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ തയാറാകാത്ത സെബാസ്റ്റ്യനെ വ്യാഴാഴ്ച വൈകുന്നേരം വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് വീണ്ടും ചോദ്യം ചെയ്യും. സമ്പൂര്‍ണ ഡിഎന്‍എ ഫലം അന്വേഷണ സംഘത്തിന് അടുത്ത ദിവസങ്ങളില്‍ തന്നെ കൈമാറും എന്നാണ് വിവരം. അതിന് ശേഷമാകും വീണ്ടും ചോദ്യം ചെയ്യുക.

കഴിഞ്ഞ 28-ന് വീട്ടുവളപ്പിലെ പരിശോധനയില്‍ ശരീരാവശിഷ്ടം കത്തക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ജെയ്നമ്മയുടെ മൊബൈല്‍ഫോണും വസ്ത്രവും കണ്ടെത്തണം. കോട്ടയം ക്രൈംബ്രാഞ്ചാണ് ജെയ്നമ്മയുടെ തിരോധാനം അന്വേഷിക്കുന്നത്. കാണാതായ ഡിസംബര്‍ 23-നുതന്നെ ജെയ്നമ്മ കൊല്ലപ്പെട്ടെന്നെ നിഗമനത്തിലായിരുന്നു അന്വേഷകസംഘം. ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റിയന്‍ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടര്‍ന്നുള്ള അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവായത്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നുലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതല്ലെന്നാണ് പ്രാഥമിക നിഗമനം. 2024 ഡിസംബറിലാണ് ഏറ്റുമാനൂര്‍ സ്വദേശിനി ജെയമ്മയെ കാണാതായത്. കണ്ടെത്തിയ അസ്ഥിയുടെ ഭാഗങ്ങള്‍ക്ക് ആറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ക്യാപ്പിട്ട പല്ലുകളും ഇവിടെ നിന്ന് ലഭിച്ചിരുന്നു. ജെയ്‌നമ്മയ്ക്ക് അത്തരം പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. ചേര്‍ത്തല സ്വദേശിനി ഹൈറു മ്മയ്ക്ക് (ഐഷ) വെപ്പുപല്ലുണ്ടെന്നും കാണാതായ ബിന്ദു പത്മനാഭന്‍ പല്ലുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.

ജെയ്‌നമ്മയുടെ തിരോധാനശേഷം അവരുടെ മൊബൈല്‍ഫോണ്‍ സെബാസ്റ്റിയന്‍ ഉപയോഗിച്ചതാണ് നിര്‍ണായക തെളിവ്. ഇൗരാറ്റുപേട്ടയിലെ സ്ഥാപനത്തിലെത്തി ജെയ്‌നമ്മയുടെ നമ്പറില്‍ ഫോണ്‍ റീചാര്‍ജ് ചെയ്തത് അന്വേഷകസംഘം കണ്ടെത്തി. അവിടത്തെ സിസിടിവി ദൃശ്യവും ശേഖരിച്ചു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ശേഷമാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി സെബാസ്റ്റ്യനെ റിമാന്‍ഡില്‍ വിട്ടത്.