റാഞ്ചി: ഗോത്രവിഭാഗക്കാരിയായ വീട്ടു ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി വനിതാ നേതാവ് സീമ പത്രയെ ജാർഖണ്ഡ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഗോത്രവർഗ യുവതിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ഝാർഖണ്ഡിലെ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സീമ പത്രയ്‌ക്കെതിരെ അർഗോര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവും 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' ക്യംപെയിന്റെ സംസ്ഥാന കൺവീനറുമായിരുന്നു സീമ പാത്ര. പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടയിൽ താൻ നിരപരാധിയാണെന്നും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

സുനിത എന്ന യുവതിയാണ് സീമയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. റാഞ്ചിയിലെ അശോക് നഗറിലുള്ള സീമയുടെ വീട്ടിൽ തന്നെ വർഷങ്ങളായി പീഡിപ്പിക്കുകയാണെന്നായിരുന്നു സുനിതയുടെ ആരോപണം. സീമയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് നേതാവിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥനായ സുഹൃത്തിനോട് ആയുഷ്മാൻ വിവരങ്ങൾ വെളിപ്പെടുത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉദ്യോഗസ്ഥൻ നൽകിയ വിവരം അനുസരിച്ച് പൊലീസ് കഴിഞ്ഞ ആഴ്‌ച്ച സീമയുടെ വീട്ടിലെത്തി സുനിതയെ മോചിപ്പിച്ചു. ഇന്നലെയാണ് സുനിതയെ മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയത്.

വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് ഡിജിപിക്ക് കത്തുനൽകിയിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ടും ചൂടുള്ള പാൻ കൊണ്ടും പരിക്കേറ്റതിന്റെ നിരവധി പാടുകൾ സുനിതയുടെ ദേഹത്തുണ്ട്. ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റ് യുവതിയുടെ പല്ലുകളും തകർന്നിരുന്നു. ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിട്ടതിനാൽ ഇവർക്ക് സ്വയം എഴുന്നേറ്റ് നിൽക്കാൻ പോലുമായിരുന്നില്ല. കൂടാതെ തറയിൽ നിന്ന് മൂത്രം നക്കി തുടപ്പിക്കുകയും ചെയ്തിരുന്നതായും യുവതി ആരോപിക്കുന്നു. പൊലീസ് രക്ഷപ്പെടുത്തിയ സുനിതയിപ്പോൾ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലാണ്.

സീമയുടെ മകൻ ആയുഷ്മാൻ കാരണമാണ് താനിപ്പോൾ ജീവിച്ചിരിക്കുന്നതെന്നും ഇവർ പറയുന്നു. നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിച്ചിരുന്നു. തറയിലെ മൂത്രം നാവുകൊണ്ട് തുടപ്പിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് പല്ല് കൊഴിച്ചതായും ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായും യുവതി ആരോപിക്കുന്നു. ക്രൂരമർദനത്തെ തുടർന്ന് തന്റെ ഒട്ടേറെ പല്ലുകൾ നഷ്ടമായിട്ടുണ്ടെന്നും തൊണ്ടയിലെ പരിക്ക് കാരണം സംസാരിക്കുന്നതുപോലും വ്യക്തമാകുന്നില്ലെന്നും അവർ പറയുന്നു.

29-കാരിയായ സുനിത പത്തുവർഷമായി സീമയുടെ വീട്ടിലെ ജോലിക്കാരിയാണ്. എന്നാൽ തടവിൽ പാർപ്പിച്ച് സീമ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ഇവരുടെ പരാതി. ജോലിയിൽ വീഴ്ചവരുത്തിയെന്നാരോപിച്ചായിരുന്നു ഉപദ്രവം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിട്ടതായും ആരോപണമുണ്ട്.

താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് സുനിത പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം ചർച്ചയായത്. തന്നെ എട്ട് വർഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി.