കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളുമായി തെളിവെടുപ്പു പോലീസ്. പ്രവാസി വ്യവസായി ഗഫൂര്‍ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചാണ് പോലീസ് മൊഴിയെടുത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം ആയതിനാല്‍ കടുത്ത രോഷത്തിലായിരുന്നു നാട്ടുകാര്‍. ബന്ധുക്കളും നാട്ടുകാരും ജിന്നുമ്മ ഷമീമക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ തിരിഞ്ഞപ്പോള്‍ പോലീസ് നിയന്ത്രിക്കാനും പാടുപെട്ടു. സ്ത്രീകള്‍ അടക്കമുള്ളവര്‍ രോഷാകലരായി. പോലീസ് ജീപ്പിലായതിനാലാണ് പ്രതികള്‍ക്ക് മര്‍ദ്ദനമേല്‍ക്കാതിരുന്നത്.

നാട്ടുകാരും വീട്ടുകാരുമുള്‍പ്പെടെ നിരവധി പേരാണ് അബ്ദുള്‍ ഗഫൂറിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. അബ്ദുല്‍ ഗഫൂറിനെ കൊലപ്പെടുത്തിയ മുറിക്കകത്ത് നിലവില്‍ തെളിവെടുപ്പ് നടത്തി. ഗഫൂറിലെ ഏത് മുറിയില്‍ വെച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിന് കാണിച്ചു കൊടുത്തു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് സാധാരണ മരണമെന്ന് എഴുതിത്തള്ളിയ വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്നത്.

മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വര്‍ണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മന്ത്രവാദിനിയും ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേരാണ് പൊലീസ് പിടിയിലായത്. മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് 596 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തു. ഇത് തിരിച്ച് നല്‍കാതിരിക്കാനായിരുന്നു കൊലപാതകം. കാസര്‍കോട് സ്വദേശി അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെയാണ്. സ്വാഭാവിക മരണത്തിയിരുന്നു ആദ്യം കേസ് എടുത്തത്. സ്വര്‍ണ്ണത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ആഭിചാരക്രിയക്കിടെ സ്വര്‍ണ്ണം തട്ടിയെടുത്ത് തല ചുമരിലിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെഎച്ച് ഷമീന, ഭര്‍ത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്‌നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്. ഗഫൂറില്‍ നിന്ന് സംഘം 10 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും സംഘം കൈപ്പറ്റിയതിന്റെ രേഖളും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം വിറ്റ ജുവല്ലറിയില്‍ എത്തിച്ചു തെളിവെടുത്തു.

ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി കെജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബേക്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ ആയില്ല. പൊലീസിന് മേല്‍ ഉന്നതങ്ങളില്‍ സമ്മര്‍ദ്ദമുണ്ടായതായി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. തട്ടിയെടുത്ത സ്വര്‍ണം അറസ്റ്റിലായ ആയിഷ മുഖേന വിവിധ ജ്വല്ലറികളില്‍ വിറ്റതായാണ് സൂചന. സംഘം കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് 2023 ഏപ്രില്‍ 14 നാണ് ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന അബ്ദുള്‍ ഗഫൂര്‍ പൂച്ചക്കോട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണ്ണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വച്ച് സംഘം മന്ത്രവാദം നടത്തി. ഭാര്യയേയും മക്കളെയും ബന്ധുവീടുകളിലേക്ക് പറഞ്ഞ് വിട്ടായിരുന്നു മന്ത്രവാദം. സ്വര്‍ണ്ണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ സമാഹരിച്ച സ്വര്‍ണ്ണമായിരുന്നു, ഏകദേശം നാല് കിലോയിലേറെ വരുന്ന 596 പവന്‍.

മന്ത്രവാദത്തിന് തൊട്ടടുത്ത ദിവസം ഗഫൂര്‍ കട്ടിലില്‍ നിന്ന് വീണ് കിടക്കുന്ന നിലയിലായിരുന്നു. അതിനാല്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയില്ല. എന്നാല്‍ സ്വര്‍ണ്ണം നല്‍കിയ ബന്ധുക്കളുള്‍പ്പെടെ ഇതന്വേഷിച്ച് വന്നതോടെ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് മകന്‍ നല്‍കിയ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് തലക്ക് പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്.

അറസ്റ്റിലായ ഷമീമയെന്ന ജിന്നുമ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസിയെ ഹണിട്രാപ്പില്‍പ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ പ്രതിയാണ് ജിന്നുമ്മ. രണ്ടാഴ്ച ജയിലിലും കിടന്നിരുന്നു. അന്ന് ജയിലില്‍ കൂടെയുണ്ടായവരാണ് അറബി ദുര്‍മന്ത്രവാദ സംഘത്തിലുണ്ടായിരുന്നത്.

ഉയര്‍ന്ന സാമ്പത്തികമുള്ളവരേയാണ് ജിന്നുമ്മ നോട്ടമിട്ടിരുന്നത്. സമ്പന്നരുടെ വീടുകളിലെത്തി ജിന്നുമ്മയ്ക്ക് ആത്മീയശക്തിയുണ്ടെന്ന് സംഘത്തിലെ മറ്റുള്ളവര്‍ പറഞ്ഞ് വിശ്വസിപ്പിക്കും. കാസര്‍കോട് ജില്ലയിലെ ഒട്ടേറെ പ്രമുഖര്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്നാണ് വിവരം. ഇതേക്കിച്ച് പോലീസ് അന്വേഷണം വിശദമായി അന്വേഷിച്ചേക്കും. ഇസ്ലാമിക ആഭിചാരത്തിന് ശേഷം ജിന്നുമ്മ കര്‍ണ്ണാടകകാരി 'പാത്തൂട്ടി'യായി ഉറഞ്ഞുതുള്ളും. തന്റെ ശരീരത്തില്‍ പാത്തൂട്ടിയുടെ ആത്മാവുണ്ടെന്ന് പറഞ്ഞ് ഇവര്‍ വിശ്വസിപ്പിക്കും. തട്ടിപ്പിനിരയാകുന്നവര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ആയതിനാല്‍ ആരും പരാതിപ്പെടാറില്ല. ഇതായിരുന്നു സംഘം മുതലെടുത്തത്.