കണ്ണൂർ: കണ്ണൂർ നഗരത്തിൽ അക്രമികൾ വിളയാടുമ്പോഴും പൊലീസ് നിഷ്‌ക്രീയമായി നോക്കുകുത്തിയാകുന്നു. കണ്ണൂർ നഗരത്തിലെ ഹൃദയ ഭാഗമായ പഴയ ബസ് സ്റ്റാൻഡിൽ ചരക്കുലോറി ഡ്രൈവറെ വെട്ടി കൊന്ന നിലയിൽ കണ്ടെത്തിയ സംഭവം പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്‌ച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. രാത്രികാലങ്ങളിൽ പൊലിസ് പട്രോളിങ് സംവിധാനം കർശനമാക്കാത്തതാണ് കവർച്ചക്കാർക്കും തീവയ്‌പ്പുകാർക്കും വിലസാൻ വളമായത് കണ്ണൂരിൽ ചരക്കുലോറി ഡ്രൈവർ വെട്ടെറ്റു മരിച്ചത് മോഷണ ശ്രമത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണെന്ന് കണ്ണൂർ അസി. സിറ്റി പൊലീസ് കമ്മീഷണർ ടി.കെ രത്‌നകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കേളകം കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കെ ത്ത് വിഡി ജിന്റോയാണ് (39) കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്‌ച്ച രാവിലെ മൂന്ന്മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിന്റോ വിനെ കൊലപ്പെടുത്തിയതാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ പി എം ബിനുമോഹനും സംഘവും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മോഷണശ്രമം തടഞ്ഞതിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലിസ് സംശയിക്കുന്നു. പ്രതികളെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

തിങ്കളാഴ്‌ച്ച പുലർച്ചെ കണ്ണൂർ നഗരത്തിലുണ്ടായ കൊലപാതകം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ് നഗരത്തിൽ പൊലിസ് രാത്രി സുരക്ഷ ഏർപ്പെടുത്തണമെന്നാണ് ആവശ്യം ശക്തമായിരിക്കുകയാണ്. മോഷണ ശ്രമത്തിനിടെയാണ് ജിന്റോ കൊല്ലപെടുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാളുടെ കാലിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ചോരവാർന്നൊഴുകിയാണ് മരണം തിങ്കളാഴ്‌ച്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. കണ്ണൂർ മാർക്കറ്റിൽ ഇറക്കാനുള്ള പച്ചക്കറി ലോഡുമായി എത്തിയതായിരുന്നു ജിന്റോ.

ലോറിക്കുള്ളിൽകാലിന് ഏറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമായതെന്ന് കണ്ണൂർ എ.സി.പി. ടി കെ രത്‌നകുമാർ പറഞ്ഞു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് 'കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയം, കണ്ണൂർ ടൗൺ പൊലിസ് , അസി. പൊലിസ് കമ്മിഷണറുടെ കാര്യാലയം, ക്രൈംബ്രാഞ്ച് ഓഫിസ് എന്നിവടങ്ങളിൽ നിന്നും ഏതാണ്ട് 100 മീറ്റർ അകലെയാണ് അതിദാരുണമായ കൊലപാതകം നടന്നത്. നാലു ദിവസം മുൻപാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ ബോഗികൾക്ക് തീ കൊളുത്തിയത്.

ഇതിലെ സുരക്ഷാവീഴ്‌ച്ചയെ കുറിച്ചുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് മറ്റൊരു സംഭവമുണ്ടായത്. ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് വിൽപ്പനക്കാരും സൈര്യവിഹാരം നടത്തുന്ന കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ തെരുവ് വിളക്കുകളോ പൊലിസ് എയ്ഡ് പോസ്റ്റോയില്ല. ഇതു കാരണം ഇവിടെയെത്തുന്ന യാത്രക്കാരും വ്യാപാരികളും അരക്ഷിതാവസ്ഥയിലാണ്.