- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്ത് ഫാമിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; ലഹരി വിൽപ്പനയിലൂടെ പണമുണ്ടാക്കി ആഡംബര ജീവിതം; പോത്തിനെ വാങ്ങാൻ വേഷം മാറിയെത്തിയത് എക്സൈസുകാരെന്ന് അറിയാതെ സാധനം പുറത്തെടുത്തു; ന്യൂ ജെനറേഷൻ ബൈക്കിൽ യുവാക്കളെത്തി പോകുന്നത് നാട്ടുകാരിൽ സംശയമായി; എംഡിഎംഎയുമായി ജിതിൻ കെ പ്രകാശ് കുടുങ്ങുമ്പോൾ
കോട്ടയം: പോത്ത് ഫാമിന്റെ മറവിൽ വൻ തോതിൽ എം ഡി എം എ വില്പന നടത്തി വന്ന കോട്ടയം സ്വദേശിയെ എക്സൈസ് പിടികൂടിയത് തന്ത്രപൂർവ്വം. എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് കോട്ടയം ജില്ലയിലെ എം ഡി എം എ വിതരണത്തിന്റെ പ്രധാന ഇടനിലക്കാരൻ ആയ മോനിപ്പള്ളിയിലെ എ. ആർ. ജെ. ഫാം ഉടമയും കോട്ടയം തിരുവഞ്ചൂർ കായത്തിൽ ജിതിൻ. കെ. പ്രകാശ് ( 30) എന്നയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് ആഴ്ചയിൽ അധികമായി എക്സൈസ് സംഘം മഫ്തിയിലും എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ രഹസ്യന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രി പോത്തിനെ വാങ്ങാൻ എന്ന വ്യാജേന ഫാമിൽ എത്തുകയും തന്ത്രപൂർവ്വം പ്രതിയെ കീഴ്‌പ്പെടുത്തുകയും ആയിരുന്നു. പ്രതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിലായും തുടർന്ന് പോത്ത്ഫാമിലെ റൂമിൽ നിന്നും കാറിൽ നിന്നുമായി വിപണിയിൽ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം എം ഡി എം എ ആണ് കണ്ടെത്തിയത്.
ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്നിരുന്ന എം ഡി എം എയുടെ പ്രധാന ആവശ്യക്കാർ യുവാക്കളും കോളേജ് വിദ്യാർത്ഥികളും ആയിരുന്നു. എം ഡി എം എക്ക് അടിമയായ പ്രതി ഒരു വർഷത്തിൽ ഏറെയായി ആഡംബര ജീവിതം നയിക്കാൻ വില്പന നടത്തി വരികയായിരുന്നു. പാതിരാത്രിയിൽ വരെ പോത്ത്ഫാമിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ യുവാക്കൾ എത്തി അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇയാൾ വാടകക്ക് സ്ഥലം എടുത്തു പോത്ത് ഫാം നടത്തുകയായിരുന്നു.
മഫ്തയിലെത്തിയത് എക്സൈസ് ആണെന്ന് മനസിലാക്കിയതോടെ ഇയാൾ ചെറുത്തു നിൽക്കാൻ ബലം പ്രയോഗിച്ചു. യൂണിഫോമിൽ കൂടുതൽ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് ടീമിൽ പ്രിവന്റീവ് ഓഫീസർ പി. ലെനിൻ, എം.നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, അനീഷ് രാജ് കെ. ആർ, രതീഷ്. പി. ആർ, സന്തോഷ് കുമാർ വി. ജി., ലാലു തങ്കച്ചൻ, നിമേഷ് കെ. എസ്. ജോസഫ് തോമസ് എന്നിവർ ഉണ്ടായിരുന്നു.
സമൂഹത്തിനു ഭീഷണി ആവുന്ന തരത്തിൽ വളർന്നു വരുന്ന മയക്കമരുന്ന് ലോബിയെ അടിച്ചമർത്തുന്നതിനുള്ള തുടർ നടപടികൾ മുന്നോട്ടും ഉണ്ടാകുമെന്നു കോട്ടയം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി. ഐ. രാജേഷ് ജോൺ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ