പാലാ: ജോലി വാഗ്ദാനം ചെയ്ത് പണം കൈവശപ്പെടുത്തിയ ശേഷമുള്ള തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ പതിവാണ്. എത്രതന്നെ കെണിയിൽ വീണാലും മലയാളിൾ ഇക്കാര്യത്തിൽ പാഠം പഠിക്കുകയുമില്ല. ഇപ്പോഴിതാ പാലാ സ്വദേശിനിയായ യുവതിയും തട്ടിപ്പിന് ഇരയായ വിവരം പുറത്തുവന്നു. ജോലി വാഗ്ദാനംചെയ്ത് പണം കൈവശപ്പെടുത്തിയ ശേഷം യുവതിയെ ഒമാനിൽ വീട്ടുതടങ്കലിലാക്കിയെന്നാണ് പരാതി.

ഒമാനിൽ വീട്ടുതടങ്കലിലാക്കിയ യുവതിയെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാർ മന്ത്രിക്ക് നിവേദനം നൽകി. പാലാ ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി(34) ആണ് ഒമാനിൽ വീട്ടുതടങ്കലിൽ കഴിയുന്നത്. രഞ്ജിനിയുടെ അമ്മ രാമപുരം മരങ്ങാട് നെല്ലിയാനിക്കുന്നേൽ ബീന, മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി.

ഒമാനിൽ റസ്റ്റോറന്റ് നടത്തുന്ന കണ്ണൂരുകാരനായ ജാഫറും സംഘവുമാണ് അദ്ധ്യാപികയുടെ ജോലി വാഗ്ദാനംചെയ്ത് വിസിറ്റിങ് വിസയിൽ രഞ്ജിനിയെ ഒമാനിൽ എത്തിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഒമാനിൽ എത്തിയ രഞ്ജിനിയെ വീട്ടുവേലയ്ക്ക് നിർത്തുകയായിരുന്നു. തിരികെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി. നാട്ടിൽ പോകണമെങ്കിൽ 40,000 രൂപ വീണ്ടും ആവശ്യപ്പെടുകയുംചെയ്തു. ഈ തുക നൽകിയെങ്കിലും രഞ്ജിനിയെ നാട്ടിൽ എത്തിക്കാതെ ഏജന്റ് മുങ്ങി.

ഒമാനിൽ അൽവാദി എന്ന സ്ഥലത്ത് പൊലീസുകാരുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. എട്ട് മാസമായി ജോലിചെയ്തിട്ട് ആകെ അയ്യായിരം രൂപയെ നൽകിയുള്ളൂവെന്നും അമ്മ പറയുന്നു. പാലാ ഡിവൈ.എസ്‌പി. ഓഫീസിലും പരാതിനൽകി.