- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാർട്ട് ടൈം ജോലിയുടെ പേരിൽ വാട്സാപ്പ് തട്ടിപ്പ്
ഇടുക്കി: ഓൺലൈൻ ജോലി വാഗ്ദാനങ്ങളുമായി പുതിയ കെണിയൊരുക്കി സൈബർ തട്ടിപ്പുകാർ രംഗത്ത്. വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളെ വല വീശിപ്പിടിക്കാനാണ് തട്ടിപ്പ് സംഘങ്ങൾ നീക്കം തുങ്ങിയത്. ഉയർന്ന വരുമാനം ലഭിക്കുന്ന പാർട് ടൈം ജോലിയെന്ന പേരിലാണ് സന്ദേശങ്ങൾ. പ്രതിദിനം 1750 മുതൽ 3000 രൂപ വരെ സമ്പാദിക്കാമെന്നാണ് ഇത്തരക്കാരുടെ വാഗ്ദാനം. ഏതെങ്കിലും കമ്പനിയുടെ എച്ച്ആർ പ്രതിനിധിയാണെന്ന് അറിയിച്ചാണ് തട്ടിപ്പുകാരിൽ നിന്നുള്ള ആദ്യ വാട്സാപ്പ് സന്ദേശം എത്തുക. രണ്ട് മിനിട്ട് ചാറ്റിങിന് അനുവാദം ചോദിക്കും.
അനുവാദം നൽകിയാൽ ഉടൻ യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, ഹോട്ടലുകളുടെ അവലോകനങ്ങൾ നൽകുക, ഓൺലൈൻ ഉൽപ്പന്നങ്ങൾക്ക് റേറ്റിങ് നൽകുക തുടങ്ങിയ ഏതെങ്കിലുമൊന്ന് ടാസ്ക്കായി നല്കും. തുടർന്ന് അതിന്റെ സ്ക്രീൻഷോട്ടുകൾ അവർക്ക് അയച്ചു നല്കാൻ ആവശ്യപ്പെടും. ഓരോ ടാസ്ക്കിനും 150 രൂപ വീതം പ്രതിഫലമായി അയച്ചു നല്കുകയും ചെയ്യും. മൂന്നു തവണ അക്കൗണ്ടുകളിൽ പണം എത്തി കൂടുതൽ ടാസ്ക്കിൽ പലരും ആകൃഷ്ടരാകുന്നതോടെയാണ് തട്ടിപ്പുകളുടെ തുടക്കം.
ടാർഗറ്റ് പൂർത്തിയാക്കണമെങ്കിൽ ടെലിഗ്രാം ഉപയോഗിക്കാനും പ്രീപെയ്ഡ് ടാസ്ക്കുകൾ ഉപയോഗിക്കാനുമാണ് പിന്നീട് ആവശ്യപ്പെടുക. കൂടുതൽ വരുമാനം ലഭിക്കണമെങ്കിൽ ഒന്നോ രണ്ടോ ലക്ഷം രൂപ ഇവർ നല്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശിക്കും. ഇങ്ങനെ പണം നിക്ഷേപിക്കുന്നവർക്ക് കുറച്ച് ദിവസം ബോണസെന്ന പേരിൽ നിശ്ചിത തുക നല്കുകയും ചെയ്യും. ഒരു ഘട്ടത്തിൽ ബോണസ് നൽകുന്നത് നിർത്തും. ഇരകൾ തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നതോടെയാണ് കൂടുതൽ തട്ടിപ്പുകൾക്ക് കളമൊരുങ്ങുന്നത്. നിക്ഷേപിച്ച തുക ആറിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും പണം പിൻവലിക്കണമെങ്കിൽ ചില നിയമ തടസങ്ങളുണ്ടെന്നും സന്ദേശങ്ങൾ കൈമാറും.
തെളിവിനായി റിസർവ് ബാങ്ക് ഗവർണറുടെ വരെ വ്യാജ ഉത്തരവുകൾ നിർമ്മിച്ച് ഇരകൾക്ക് അയച്ചു നല്കും. ഇതോടെ ആവശ്യപ്പെടുന്ന തുക തട്ടിപ്പുകാർക്ക് നല്കാൻ ഇരകൾ നിർബന്ധിതരാകും. ഒടുവിൽ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ഇര മനസിലാക്കി തട്ടിപ്പുകാരുമായി ബന്ധപ്പെടുമ്പോൾ അവരുമായി ആശയവിനിമയം അവസാനിപ്പിക്കുന്നതാണ് തട്ടിപ്പു സംഘത്തിന്റെ രീതി. ഓഹരി വിപണിയുടെ പേരിലും സമാന രീതിയിൽ തട്ടിപ്പ് സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.