- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പിലെ ആർജെഡി സ്ഥാനാർത്ഥിയായി മത്സരിച്ചത് ചൂണ്ടിക്കാണിച്ച് വമ്പൻ ജോലി തട്ടിപ്പ്; എൻസിപി നേതാവ് അടക്കം മൂന്നു പേർ അടൂരിൽ അറസ്റ്റിൽ; വ്യാജനിയമന ഉത്തരവ് നൽകിയത് ആരോഗ്യ വകുപ്പിലേക്ക്; കൂടുതൽ പേർ ഇരയായെന്ന് സംശയം
അടൂർ: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവ് നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ എൻസിപി ബ്ലോക്ക് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് അടക്കം മൂന്നു പേർ പിടിയിൽ. ഒമ്പതു ലക്ഷം രൂപ നഷ്ടമായ മലമേക്കര സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം പെരിനാട് വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് ബാഹുലേയൻ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയത്തിൽ മുരുകദാസ് കുറുപ്പ് (29), സഹോദരൻ അയ്യപ്പദാസ് കുറുപ്പ് (22) എന്നിവരെയാണ് അടൂർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി വിനോദ് എൻ.സി.പി കുണ്ടറ ബ്ലോക്ക് പ്രസിഡന്റാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ ആർ.ജെ.ഡി സ്ഥാനാർത്ഥിയായി മത്സരിച്ചു. മുൻപ് ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2021 മാർച്ചിൽ മുരുകദാസും, അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ പരിചയപ്പെടുത്തുകയായിരുന്നു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങൾ ഉള്ളയാളും പൊതു പ്രവർത്തകനുമാണെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ ആർ.ജെ.ഡി സ്ഥാനാർത്ഥിയാണെന്ന് കൂടി പറഞ്ഞതോടെ വിശ്വാസ്യത വർധിച്ചു. പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനുമായതിനാൽ വിനോദ് ഒരുപാട് ആളുകൾക്ക് തന്റെ സ്വാധീനം മുഖേനെ ജോലി വാങ്ങി നൽകിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. അതിന് ശേഷം തൊട്ടടുത്ത മാസം തന്നെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലാർക്കായി ജോലിയിൽ നിയമിച്ചു കൊണ്ടുള്ള വ്യാജ ഉത്തരവ് വിനോദ് പരാതിക്കാരിക്ക് നൽകി. ജോലിയിൽ പ്രവേശിക്കുന്നതിന്റെ തലേ ദിവസം ഫോണിൽ വിളിച്ച് മറ്റൊരു ദിവസം ജോയിൻ ചെയ്താൽ മതിയെന്ന് അറിയിച്ചു.
പുതിയ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രി മാറി വന്നതാണ് നിയമനം വൈകാൻ കാരണമെന്ന് ഇയാൾ പരാതിക്കാരിയെ ധരിപ്പിച്ചു. പിന്നീട് നിരവധി തവണ ഇയാൾ ഇത്തരത്തിൽ ഒഴിവുകൾ പറഞ്ഞ് മാറി. സംശയം തോന്നിയ പരാതിക്കാരി നിയമന ഉത്തരവ് സുഹൃത്തുക്കെള കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസിലാകുന്നത്. ചതി മനസിലാക്കിയ പരാതിക്കാരി പണം തിരികെ നല്കാൻ ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും വിനോദ് ഒഴിഞ്ഞു മാറി. ഇതേ തുടർന്ന് പരാതിക്കാരി പൊലീസിനെ സമീപിച്ചു.
ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നിർദ്ദേശാനുസരണം അടൂർ ഡി.വൈ.എസ്പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ പ്രതികൾ ഫോൺ ഓഫ് സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതികൾ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി ഇത്തരത്തിൽ നിരവധി ആളുകളിൽ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തിട്ടുണ്ട്. സമാന തട്ടിപ്പിന് ഇവർക്കെതിരേ അടൂരിൽ തന്നെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. പ്രതികളുടെ തട്ടിപ്പിനിരയായ ആളുകൾ ഉണ്ടെങ്കിൽ അടിയന്തിരമായി അടൂർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
വിനോദിന്റെ പേരിൽ വഞ്ചനാ കേസടക്കം നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, സംഘടനകളുടെയും ഭാരവാഹിയാണെന്ന് പറഞ്ഞു ജനങളുടെ വിശ്വാസം നേടിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്