- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസർബേജാനിൽ റിഗിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിദേശത്ത് നിന്ന് വന്നിറങ്ങിയ മേരി സാബു ഡൽഹിയിൽ അറസ്റ്റിൽ; കൂട്ടാളി ആദം ജോൺ എയർപോർട്ട് അധികൃതരെ പറ്റിച്ച് മുങ്ങി
കാലടി: അസർബെജാനിൽ ഓയിൽ റിഗിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ കേസിലെ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് വന്നിറങ്ങിയപ്പോൾ ഡൽഹി എയർപോർട്ടിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞു വച്ച തൃശൂർ പുറത്തൂർ മേരി സാബുവിനെ (34)നെയാണ് കാലടി പൊലീസ് അവിടെ ചെന്ന് കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് നടത്തിയ ഏഷ്യാഓറിയ കമ്പനിയുടെ എച്ച്ആർ മാനേജരാണ് മേരി. ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ കുര്യൻ എന്ന ആദം ജോൺ എമിഗ്രേഷൻ അധികൃതരെ വെട്ടിച്ച് കടന്നു. ഈ കേസിൽ ഒന്നാം പ്രതി കിഷോർ ചൗധരിയെ മുംബൈയിൽ നിന്ന് കാലടി എസ്എച്ച്ഓയുടെ നേതൃത്വത്തിലുള്ള സംഘം നവംബർ 10 ന് സാഹസികമായി പിടികൂടി നാട്ടിലെത്തിച്ച് റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള തട്ടിപ്പ് കേസുകളിൽ പ്രതികളായിട്ടുള്ള അരുൺ കുര്യൻ, സത്യജ ശങ്കർ, ജോസഫ് ജോഗി എന്നിവരെ ഇനിയും പിടികിട്ടാനുണ്ട്.
കാലടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് അറസ്റ്റ്. 588/23 നമ്പർ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സിബിൻ വർഗീസ് ആണ് പരാതിക്കാരൻ. പ്രതികൾ അസർബെജാനിൽ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബർ 16 ന് 1.25 ലക്ഷം ഗൂഗിൾ പേ മുഖേനെ വാങ്ങിയെടുത്തുവെന്നാണ് പരാതി. ജോലിയോ പണമോ കിട്ടാതെ വന്നതോടെയാണ് പരാതി നൽകിയത്.
കാലടി പൊലീസ് 589/23 നമ്പർ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാമത്തെ എഫ്ഐആറിലും പ്രതികൾ ഇവർ മൂന്നു പേരും തന്നെയാണ്. സോജിൻ പോൾ എന്നയാളാണ് പരാതിക്കാരൻ. അർബെജാനിൽ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പല തവണയായി 2.25 ലക്ഷം രുപ കബളിപ്പിച്ചെടുത്തുവെന്നാണ് പരാതി.
പാലക്കാട് കൊങ്ങാട് പൊലീസ് സ്റ്റേഷനിൽ കേരളശേരി സ്വദേശി അഖിൽ എന്ന യുവാവ് നൽകിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മേരിസാബു, അരുൺ കുര്യൻ, സത്യജ ശങ്കർ എന്നിവരാണ് പ്രതികൾ. വിദേശ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയാണ് അഖിലിൽ നിന്ന് കൈപ്പറ്റിയത്. ബാങ്ക് അക്കൗണ്ട് മുഖേനെയാണ് പണം നൽകിയത്.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്റ്റേഷനിൽ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി അർജൂൻ നൽകിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അരുൺ കുര്യൻ, മേരി സാബു, ജോസഫ് ജോഗി എന്നിവരാണ് പ്രതികൾ. അർജുനും സുഹൃത്തായ അശ്വിനും അർബെജാനിൽ റിഗിൽ റോസറ്റ് ബോട്ട് എന്ന തസ്തികയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മുംബൈ സാൻപാഡാ എന്ന സ്ഥലത്തുള്ള അസ്റ്റാ ഓറിയ എന്ന കമ്പനിയുടെ ആൾക്കാരാണെന്ന് പറഞ്ഞാണ് അരുൺ കുര്യൻ, മേരി സാബു, ജോസഫ് ജോഗി എന്നിവർ ചേർന്ന് ആറു ലക്ഷം രൂപ അക്കൗണ്ട് മുഖേനെ വാങ്ങിയെടുത്തത്.
കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദേശത്തുള്ള മേരി സാബു, അരുൺ കുര്യൻ എന്ന ആദം ജോൺ എന്നിവർക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ വിവരം അറിയാതെ വന്നിറങ്ങിയപ്പോഴാണ് മേരി എയർ പോർട്ടിൽ പിടിയിലായത്. സമീപകാലത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് നിരവധി ട്രാവൽ ഏജൻസി ഉടമകൾ അറസ്റ്റിലായിരുന്നു. ഇവരെയെല്ലാം പറ്റിച്ചത് ഏഷ്യാ ഓറിയ കമ്പനിയാണെന്നാണ് പറയപ്പെടുന്നത്. വിവിധ ട്രാവൽ ഏജൻസികൾ ഉദ്യോഗാർഥികളെ ക്യാൻവാസ് ചെയ്ത് വിദേശജോലിക്ക് പണം വാങ്ങുകയും തട്ടിപ്പുകാരെന്ന് അറിയാതെ ഏഷ്യ ഓറിയ ഏജൻസിക്ക് കൈമാറുകയുമായിരുന്നുവെന്ന പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്