കാലടി: അസർബെജാനിൽ ഓയിൽ റിഗിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപക തട്ടിപ്പ്. നാലു കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. സ്ത്രീകളടക്കമുള്ള പ്രതികൾ തട്ടിപ്പ് നടത്തിയത് റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ. മുഖ്യപ്രതി കിഷോർ ചൗധരിയെ മുംബൈയിൽ നിന്ന് കാലടി എസ്എച്ച്ഓയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടി നാട്ടിലെത്തിച്ച് റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള തട്ടിപ്പ് കേസുകളിൽ പ്രതികളായിട്ടുള്ള അരുൺ കുര്യൻ, സത്യജ ശങ്കർ, മേരി സാബു, ജോസഫ് ജോഗി,  എന്നിവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്നും പരാതി.

കാലടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് കിഷോർ ചൗധരിയെ മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. 588/23 നമ്പർ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സിബിൻ വർഗീസ് ആണ് പരാതിക്കാരൻ. ചൗധരിക്ക് പുറമേ ആദംജോൺ, മേരി സാബു എന്നിവരാണ് പ്രതികൾ. അസർബെജാനിൽ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബർ 16 ന് 1.25 ലക്ഷം ഗൂഗിൾ പേ മുഖേനെ വാങ്ങിയെടുത്തുവെന്നാണ് പരാതി. ജോലിയോ പണമോ കിട്ടാതെ വന്നതോടെയാണ് പരാതി നൽകിയത്.

കാലടി പൊലീസ് 589/23 നമ്പർ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാമത്തെ എഫ്ഐആറിലും പ്രതികൾ ഇവർ മൂന്നു പേരും തന്നെയാണ്. സോജിൻ പോൾ എന്നയാളാണ് പരാതിക്കാരൻ. അർബെജാനിൽ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പല തവണയായി 2.25 ലക്ഷം രുപ കബളിപ്പിച്ചെടുത്തുവെന്നാണ് പരാതി.

പാലക്കാട് കൊങ്ങാട് പൊലീസ് സ്റ്റേഷനിൽ കേരളശേരി സ്വദേശി അഖിൽ എന്ന യുവാവ് നൽകിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മേരിസാബു, അരുൺ കുര്യൻ, സത്യജ ശങ്കർ എന്നിവരാണ് പ്രതികൾ. വിദേശ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയാണ് അഖിലിൽ നിന്ന് കൈപ്പറ്റിയത്. ബാങ്ക് അക്കൗണ്ട് മുഖേനെയാണ് പണം നൽകിയത്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്റ്റേഷനിൽ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി അർജൂൻ നൽകിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അരുൺ കുര്യൻ, മേരി സാബു, ജോസഫ് ജോഗി എന്നിവരാണ് പ്രതികൾ. അർജുനും സുഹൃത്തായ അശ്വിനും അർബെജാനിൽ റിഗിൽ റോസറ്റ് ബോട്ട് എന്ന തസ്തികയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മുംബൈ സാൻപാഡാ എന്ന സ്ഥലത്തുള്ള അസ്റ്റാ ഓറിയ എന്ന കമ്പനിയുടെ ആൾക്കാരാണെന്ന് പറഞ്ഞാണ് അരുൺ കുര്യൻ, മേരി സാബു, ജോസഫ് ജോഗി എന്നിവർ ചേർന്ന് ആറു ലക്ഷം രൂപ അക്കൗണ്ട് മുഖേനെ വാങ്ങിയെടുത്തത്. 

കിഷോർ ചൗധരിയെ കീഴടക്കിയത് സാഹസികമായി

കാലടി പൊലീസ് അതീവ സാഹസികമായിട്ടാണ് കിഷോർ ചൗധരിയെ കീഴടക്കിയത്. മുംബൈയിൽ നിന്നും കിഷോറിനെ പിടികൂടി കൊണ്ടു വന്ന കേരളാ പൊലീസ് സഞ്ചരിച്ചിരുന്ന വാഹനം ഇയാളുടെ സംഘാംഗങ്ങൾ തടയാൻ ശ്രമിച്ചു. ഒരു വിധത്തിൽ അവിടെ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥർ വാഹനം മാറിയാണ് ഇയാളുമായി കേരളത്തിലേക്ക് വന്നത്. കിഷോറിനെ വിട്ടയച്ചിട്ടു പോരാൻ കനത്ത സമ്മർദം അവിടുത്തെ പൊലീസ് ചെലുത്തിയിരുന്നു. അതെല്ലാം മറികടന്നാണ് പ്രതിയുമായി കേരളാ പൊലീസ് കാലടിയിൽ എത്തിയത്. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടന്നു വരുന്നു.

അരുൺ കുര്യൻ ജോലി തട്ടിപ്പിലെ ഉസ്താദ്

ഈ കേസുകളിലൊക്കെ പ്രതിയായിട്ടുള്ള കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ അരുൺ കുര്യൻ (33) 2017 ലാണ് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടങ്ങിയത്. അറുനൂറോളം പേരെയാണ് ഇയാൾ പറ്റിച്ചത്. 2021 ഡിസംബറിൽ മൂവാറ്റുപുഴ പൊലീസ് കോടികളുടെ വിദേശജോലി തട്ടിപ്പിന് ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ അരുൺ കുര്യൻ പേര് മാറ്റി ആദം ജോൺ തോട്ടത്തിൽ ആയി. എന്നാൽ ഇയാൾ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്ത പേപ്പർ ആൾമാറാട്ടം വെളിച്ചത്തു കൊണ്ടു വന്നു. റിട്ടേൺ ഫയൽ ചെയ്യാൻ വേണ്ടി ഇയാൾ ഉപയോഗിച്ച ആധാർ കാർഡും ഇ-മെയിൽ ഐഡിയും അരുൺ കുര്യൻ എന്ന പേരിലുള്ളതായിരുന്നു. അരുൺ കുര്യൻ എന്ന പേരിൽ തട്ടിപ്പ് നടത്തി പിടിയിലായ വിവരം മാധ്യമങ്ങൾ വഴി നാട്ടുകാർ അറിഞ്ഞതോടെ പേര് മാറ്റി തട്ടിപ്പ് തുടരുകയാണ്.

കാനഡ, റഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മാളുകളിലും റിഗ്ഗുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിസിറ്റിങ് വിസയിൽ തായ്ലാൻഡിലും മലേഷ്യയിലും എത്തിച്ച് അഭിമുഖം നടത്തി ലക്ഷങ്ങൾ വാങ്ങിയ ശേഷം ഉദ്യോഗാർഥികളെ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ടിക്കറ്റ് തുകയായ 12,000 രൂപ മാത്രമാണ് ഇതിനായി ചെലവഴിച്ചത്. 600 പേരോളം ചതിക്കപ്പെട്ടു. തൊഴിലന്വേഷകരിൽ നിന്ന് നാലു മുതൽ ഏഴു ലക്ഷം രൂപ വരെ വാങ്ങി. റഷ്യയിൽ റിഗ്ഗിൽ കൊണ്ടു പോകാമെന്ന് പറഞ്ഞ് 30 പേരിൽ നിന്ന് ഏഴു ലക്ഷം രൂപ വരെ വാങ്ങി.

റഷ്യയിൽ റിഗ്ഗിൽ കൊണ്ടു പോകാമെന്ന് പറഞ്ഞ് 30 പേരിൽ നിന്ന് ഏഴു ലക്ഷം രൂപ വീതം വാങ്ങിയായിരുന്നു ആദ്യ തട്ടിപ്പ്. രണ്ടാമത് 40 അംഗ സംഘത്തെ മലേഷ്യയിൽ കൊണ്ടു പോയി പണം തട്ടി. പിന്നീട് കാനഡ, പോർച്ചുഗൽ, റുമാനിയ എന്നിവിടങ്ങളിൽ കൊണ്ടു പോകാനെന്ന് പറഞ്ഞ് മലേഷ്യയിലെത്തിച്ച് തട്ടിപ്പ് നടത്തി. കുടിയന്മല, പെരിന്തൽമണ്ണ, തൃശൂർ ഈസ്റ്റ്, കാലടി, മൂവാറ്റുപുഴ, തൃക്കുന്നപ്പുഴ, കൊങ്ങാട് എന്നീ സ്റ്റേഷനുകളിലാണ് അരുൺ കുര്യനെതിരേ കേസുകളുള്ളത്. മൂവാറ്റുപുഴയിൽ നിന്ന് മാത്രം ഇരുപതോളം പേരിൽ നിന്ന് ഒന്നേ മുക്കാൽ കോടിയോളം തട്ടി.

കൊങ്ങാട് പൊലീസ് സ്റ്റേഷനിൽ അരുൺ കുര്യനൊപ്പം തട്ടിപ്പ് കേസിൽ പ്രതിയായിട്ടുള്ള സത്യജ ശങ്കറിന്റെ പേരിലും നിരവധി കേസുകൾ നിലവിലുണ്ട്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദൂർ, പെരുമ്പാവൂർ, ചാലക്കുടി, കരിങ്കുന്നം, കൊച്ചി ഇൻഫോപാർക്ക്, ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ പാലക്കാട് എന്നിവിടങ്ങളിലാണ് ഇവർക്കെതിരേ എഫ്ഐആറുള്ളത്. കൂടാതെ തളിപ്പറമ്പ്, ഹോസ്ദുർഗ് എന്നീ കോടതികളിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട പണം മടക്കി നൽകാത്തതിനെ തുടർന്ന് വണ്ടിച്ചെക്ക് കേസുമുണ്ട്. ഒരു കേസിൽ കഴിഞ്ഞ മാസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു.