പാലക്കാട്: നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ദളിത് യുവതിയുടെ പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 24-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കൗണ്‍സിലര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രശോഭ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പലതവണ അതിക്രമത്തിന് ഇരയാക്കിയെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. ജോലി ആവശ്യത്തിനായി കാറില്‍ കൊണ്ടുപോകുന്നതിനിടെയും ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ഉപദ്രവിച്ചു. നഗരത്തിലെ ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായക തെളിവാകും.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രശോഭ് എന്നത് സംഭവത്തിന് രാഷ്ട്രീയമാനം നല്‍കുന്നു. മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദങ്ങളില്‍പ്പെട്ട സമയത്ത് പ്രശോഭിന് വേണ്ടി വോട്ട് തേടി പാലക്കാട്ടെത്തിയത് ചര്‍ച്ചയായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രശോഭ് ആദ്യം പോയതും രാഹുലിനെ കാണാനായിരുന്നു. ഈ ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രശോഭ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരവും ലൈംഗിക അതിക്രമത്തിനുമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.