കണ്ണൂർ: ഒടുവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്നു ബന്ധുക്കൾ ആരോപിച്ച സി.പി. എം പ്രാദേശിക നേതാവിനെ പൊലിസ് അറസ്റ്റു ചെയ്തത് തെളിവുകൾ എതിരായതോടെ. കണ്ണൂർ കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ ദുരൂഹമരണത്തിലാണ് സി.പി. എം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിൻ ചോനാട്ടിനെ കേളകം പൊലിസ് അറസ്റ്റു ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ നവംബർ 27ന് ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോബിന്റെ നേതൃത്വത്തിൽ ഒരുസംഘമാളുകൾ സന്തോഷിനെ മർദ്ദിച്ചതായി ഭാര്യ സുദിനയും ബന്ധുക്കളും കേളകം പൊലിസിൽ പരാതി നൽകിയിരുന്നു. അക്രമിക്കപ്പെട്ടതിനു ശേഷം ആശുപത്രിയിലേക്ക് പോയ സന്തോഷ് വീട്ടിലേക്ക് തിരിച്ചുവന്നില്ല. തുടർന്ന് ഭാര്യ ഫോണിൽ വിളിച്ചപ്പോൾ ജോബുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ പോയതാണെന്ന് സന്തോഷ് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസമാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്്. ഇതോടെയാണ് അടയ്ക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന ആരോപണവുമായി ഭാര്യയും ബന്ധുക്കളും രംഗത്തു വന്നത്.

സന്തോഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടു മുഖ്യമന്ത്രിക്കും ജില്ലാെപാലിസ് മേധാവിക്കു ഭാര്യ സുദിനയും ബന്ധുക്കളും നാട്ടുകാരുമായ കെ.വി ബിനു, പി. എൻ സനീഷ്, എസ്.സി ഷിനി എന്നിവർ പരാതി നൽകിയത്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സന്തോഷിന്റെ ദേഹത്തെ മുറിവുകൾ അതിക്രൂരമായ മർദ്ദനമേറ്റതിന്റെ തെളിവാണെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ഇവർ നൽകിയ പരാതിയിൽ പറയുന്നു.

ഈക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് ബന്ധുവീട്ടിൽ നിന്നും രണ്ടുകിലോമീറ്റർ അകലെ സന്തോഷിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാസകലവും മർദ്ദനമേറ്റതെന്നു സംശയിക്കുന്ന തരത്തിൽ പരുക്കേറ്റ പാടുകളുണ്ടെന്നു പോസ്റ്റുമോർട്ടംറിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ മൃതദേഹത്തിലെകാലുകളിൽ നിന്നും ചെരുപ്പുകൾ അഴിഞ്ഞുപോകാത്തതും പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴാത്തതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായി കേളകം പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഭാര്യ സുദിന സന്തോഷ് ആരോപിച്ചിരുന്നു.

ഞായറാഴ്‌ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് വെണ്ടേക്കും ചാൽ ശാന്തിഗിരി റോഡിന് സമീപം സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച്ച രാത്രി കാടുവെട്ടൽ യന്ത്രം നന്നാക്കി കേളകത്തു നിന്നും അടയ്ക്കാത്തോട്ടിലെ വീട്ടിലേക്ക് വരുന്ന വഴി പാറത്തോട്ടിൽ വെച്ചു ഒരു സംഘമാളുകൾ തന്നെ മർദ്ദിച്ചതായി സന്താഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. റോഡിൽ വഴിയാത്രക്കാർക്ക് തടസമായി ഇരുന്നവരോട് മാറാൻ സന്തോഷ് ആവശ്യപ്പെട്ടിരുന്നു. മാറാത്തതിനെ തുടർന്ന് ഇവരെ ചീത്ത വിളിച്ചതാണ് മർദ്ദനകാരണമായി സന്തോഷ് പറഞ്ഞത്.

സി.പി. എം ബ്രാഞ്ച് സെക്രട്ടറി ജോബിൻസടക്കം അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നു സന്തോഷ്പറഞ്ഞിരുന്നതായി ഭാര്യ ആരോപിക്കുന്നു. പൊലിസിൽ പരാതിപ്പെട്ടാൽ തിക്തഫലം അനുഭവിക്കുമെന്ന് ഇവർ സന്തോഷിനെ ഭീഷണിപ്പെടുത്തിയതായി സുദിന പറയുന്നു. അക്രമത്തിൽ സന്തോഷിന്റെ കണ്ണൂകൾക്ക് സാരമായി പരുക്കേറ്റിരുന്നു. മറ്റു പരുക്കുകളൊന്നും വീട്ടുകാടുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ശനിയാഴ്‌ച്ച രാവിലെ ആശുപത്രിയിൽ കാണിച്ചു മരുന്ന് വാങ്ങാനായി കേളകത്തേക്കു പോയ സന്തോഷ് പിന്നീട് തിരികെ വീട്ടിലെത്തിയിട്ടില്ല. ഇതിനിടെയിൽ പലരും ഒത്തുതീർപ്പിനായി വിളിച്ചിരുന്നുവെന്നും തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഒരു സംഘം ശ്രമിച്ചതായും സന്തോഷ് തന്നോടു പറഞ്ഞതായി ഭാര്യ സുദിന പറയുന്നു.

ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിവരെ സന്തോഷ് ഫോണിൽ സംസാരിച്ചുവെന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നുവെന്നും ഇവർ പറയുന്നു. രാത്രിയാേടെ സന്തോഷിനെ കാണാതായതിനെ തുടർന്നര കേളകം പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ശനിയാഴ്ച രാത്രിയിലും ഞായറാഴ്‌ച്ചയും നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യാതൊരുകാരണവാശാലും ഭർത്താവ് ആത്മഹത്യ ചെയ്യില്ലെന്നും വെള്ളിയാഴ്‌ച്ച മർദ്ദിച്ച സംഘം തന്നെ ശനിയാഴ്‌ച്ച വീണ്ടും മർദ്ദിച്ചു കൊലപ്പെടുത്തി കെട്ടിതൂക്കിയാതാകാമെന്നാണ് ഭാര്യയും ബന്ധുക്കളും ആരോപിക്കുന്നത്. ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സന്തോഷിന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടത്.

ഭർത്താവിന്റെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നു ആവശ്യപ്പെട്ടു ദുഃഖം കടിച്ചമർത്തി സുദിന നടത്തിയ പോരാട്ടത്തിനൊടുവിലാണ് സി.പി. എം പ്രാദേശിക നേതാവ് ജോബിൻ അറസ്റ്റിലാകുന്നത്. ഈയാൾക്കൊപ്പം സന്തോഷിനെ മർദ്ദിച്ചവർക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇവരെയും അറസ്റ്റു ചെയ്യണമെന്ന് ഭാര്യ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി. എം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറിയായ ജോബിൻ ചോനാട്ടിനെ അറസ്റ്റു ചെയ്യാൻ പരാതിയുണ്ടായിട്ടും തുടക്കത്തിൽ പൊലിസ് തയ്യാറായിരുന്നില്ല. ഈയാളുടെ രാഷ്ട്രീയ സ്വാധീനമാണ് പൊലിസിനെ പുറകോട്ടടിപ്പിച്ചത്.

എന്നാൽ ഭാര്യയും ബന്ധുക്കളും നിയമപോരാട്ടം നടത്തുമെന്ന് മുന്നറിയിപ്പു നൽകിയതോടെയാണ് പൊലിസ് സി.പി. എം പ്രാദേശിക നേതാവിനെ വൈകിയെങ്കിലും അറസ്റ്റുചെയ്യാൻ തയ്യാറായത്. പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് കേളകം പൊലിസ് അറിയിച്ചു.