- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇടത്തിട്ടയിലെ ജോബിമാത്യുവിന്റെ മരണം: മുൻകൂർ ജാമ്യം തേടി സംശയ നിഴലിലുള്ളയാൾ
പത്തനംതിട്ട: ഇടത്തിട്ടയിലെ വെൽഡിങ് വർക്ക് ഷോപ്പുടമ ജോബി മാത്യുവിന്റെ ദുരൂഹ മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പൊലീസ് കാരണമില്ലാതെ പീഡിപ്പിക്കുന്നുവെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. സംശയത്തിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്നാണ് വാദം. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലാണ്.
കൊടുമൺ ഇടത്തിട്ട പുതുപ്പറമ്പിൽ മത്തായി മകൻ ജോബി മാത്യു (44) വിനെ തലയ്ക്ക് പിന്നിൽ മുറിവേറ്റ നിലയിൽ കഴിഞ്ഞ മാസം 25 ന് രാത്രി 8.45 ന് ഇടത്തിട്ട ജങ്ഷന് സമീപമാണ് കണ്ടത്. വാടകയ്ക്ക് എടുത്ത കാറിന് സമീപം ഇയാൾ വീണു കിടക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞു വരുന്നതിനിടെ എട്ടു ദിവസത്തിന് ശേഷം മരിച്ചു. അപകടത്തിൽ പരുക്കേറ്റതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, തലയ്ക്ക് പിന്നിലേറ്റ ക്ഷതം കാരണം തലയോട്ടി പൊട്ടിയുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
സിസിടിവി പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിൽ വന്നവരുമായി ജോബി വാക്കു തർക്കവും സംഘട്ടനവുമുണ്ടാകുന്നത് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവ സമയത്ത് ആ വഴി വന്ന വാഹനങ്ങളെല്ലാം പൊലീസ് പരിശോധിച്ചിരുന്നു. ചില വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ഉടമകളെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചെയ്തു. ഒടുവിൽ പത്തനംതിട്ട സ്വദേശിയായ ആളുടേതാണ് വാഹനമെന്ന് കണ്ടെത്തി. ഇതോടെ ഇയാൾ ഒളിവിൽപ്പോയി. സിപിഎമ്മിന്റെ ഒരു നേതാവിന്റെ ബന്ധുവാണ് ഇയാൾ. മനഃപൂർവമല്ലാത്ത നരഹത്യയാണ് സംഭവിച്ചിരിക്കുന്നത്.
ജോബിയും കാറിൽ വന്നയാളുമായി വാക്കു തർക്കവും ഉന്തും തള്ളുമുണ്ടാവുകയും മദ്യലഹരിയിലായിരുന്ന ജോബി താഴെ വീണപ്പോൾ തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. ഈ പരുക്ക് മരണത്തിലേക്ക് നയിച്ചു. അപകടത്തിലാണ് ജോബിക്ക് പരുക്കേറ്റത് എന്നാണ് ആശുപത്രിയിൽ എത്തിച്ച പ്രദേശവാസികൾ കരുതിയിരുന്നത്. ചികിൽസിക്കുന്ന ഡോക്ടറോട് തന്നെ ചിലർ മർദിച്ചിരുന്നുവെന്ന് ഇയാൾ തന്നെ പറഞ്ഞതാണ് വഴിത്തിരിവായത്.