തൊടുപുഴ: സർക്കാർ പുറമ്പോക്കിൽ നിന്നു തേക്ക് വെട്ടിക്കടത്തിയതിനു സസ്‌പെൻഷനിലായിരുന്ന അടിമാലി മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോണിനെ തിരിച്ചെടുത്തത് വിവാദത്തിൽ. പുനലൂർ ഡിവിഷനിൽ വർക്കിങ് പ്ലാൻ റേഞ്ചിലാണു പുതിയ നിയമനം. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞാൽ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്ന സാധാരണ നടപടിയുടെ ഭാഗമാണിതെന്നും കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. സംസ്ഥാനത്ത് 8 റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്കുള്ള സ്ഥലംമാറ്റ ഉത്തരവിനൊപ്പമാണു ജോജി ജോണിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

കൊന്നത്തടി വില്ലേജിലെ മങ്കുവയിൽ റവന്യു പുറമ്പോക്കിൽ നിന്നു തേക്ക് വെട്ടിക്കടത്തിയെന്ന കേസിൽ ജോജി ജോൺ ഉൾപ്പെടെ 3 പേർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസെടുത്തിരുന്നു. മങ്കുവയിൽ നിന്ന് 130 ഇഞ്ചിലേറെ വണ്ണമുള്ള തേക്ക് ജോജിയുടെ ബന്ധുക്കളുടെ പേരിൽ തേക്കടിയിലുള്ള റിസോർട്ടിലേക്കു കടത്തിയെന്നാണു കേസ്. മുക്കുടം സെക്ഷൻ ഫോറസ്റ്റർ സന്തോഷ് കുമാർ, വില്ലേജ് ജീവനക്കാരൻ രഞ്ജിത്ത് എന്നിവരാണു മറ്റു പ്രതികൾ.

നേരത്തെ ജോജി ജോൺ അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇടുക്കി വെള്ളത്തൂവൽ പൊലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. നേരത്തെ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജോജി ജോണിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയിൽനിന്ന് എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതിന് വെള്ളത്തൂവൽ പൊലീസാണ് കേസെടുത്തത്. മുൻകൂർ ജാമ്യം സുപ്രീംകോടതി പോലും അനുവദിച്ചില്ല.

അന്ന് കേസിലെ മറ്റ് രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതായി ജോജി ജോണിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ റേഞ്ച് ഓഫീസർ തസ്തികയിൽ ഇരുന്ന വ്യക്തിയാണ് ജോജി ജോൺ എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. താരതമ്യേന ജൂനിയർ ആയ ഉദ്യോഗസ്ഥർക്ക് അനുവദിച്ചത് പോലെ സീനിയർ ആയ ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം അനുവദിക്കാൻ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു കേസിലെ പ്രതിയാണ് സർവ്വീസിൽ തിരിച്ചെത്തുന്നത്. പൊലീസിലെ കളങ്കിതരെ പിരിച്ചു വിടുന്നത് തുടരുമ്പോഴാണ് വനം വകുപ്പിൽ ഈ സാഹചര്യം.

പട്ടയം ഉണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതുകൊണ്ടാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്നായിരുന്നു ജോജി ജോണിന്റെ വാദം. 2021 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. 8 തേക്ക് മരങ്ങൾ മുറിച്ചുകടത്തിയെന്നും ഇതുവഴി സർക്കാരിന് 11 ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. കട്ടിങ് പെർമിറ്റ് നൽകിയ കൊന്നത്തടി വില്ലേജിലെ ഒരു ജീവനക്കാരനെതിരെയും കേസ് എടുത്തിരുന്നു.

മരം മുറി സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശാനുസരണമാണ് പൊലീസ് മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുള്ളത്. വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ കുമളിയിൽ നിന്ന് ജോജി ജോണിന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം കണ്ടടുത്തിരുന്നു.

ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന് സമീപത്തെ മാതാവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്നാണ് തേക്കുതടി കണ്ടെടുത്തത്. 4.41 ക്യുബ്ക് ഉരുപ്പടികൾ ആണ് കണ്ടെടുത്തത്.2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് അടിമാലി റേയിഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് തേക്കുമരങ്ങൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകിയത്.

ചിന്നാറിലുള്ള ഇടനിലക്കാരൻ വഴി റേഞ്ച് ഓഫിസർക്ക് ബന്ധമുള്ള കുമളിയിലെ റിസോർട്ടും മറ്റും നോക്കി നടത്തുന്ന സൂപ്രവൈസർ ബൈജു ആണ് തടിയിൽ ഒരു ഭാഗം വാങ്ങിയത്. കോതമംഗലം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ അന്വേഷണത്തിലാണ് മരം റവന്യൂ പുറംപോക്കിൽ നിന്നും മുറിച്ചുകടത്തിയെന്ന് വ്യക്തമായത്.