പാലക്കാട്: വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ പഴയ വീഡിയോ ദൃശ്യങ്ങളിൽ അന്വേഷണം തുടങ്ങി. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ പൊലീസിന് ജോമോൻ വിശദീകരണം നൽകി. ഓർമ്മയില്ലെന്നാണ് മറുപടി.

ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോൻ ബസ് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ 2010 ലേതെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു. പൂണെയിൽ യാത്ര പോയപ്പോൾ എടുത്ത ദൃശ്യങ്ങളാണിത്. .ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്നും മൊഴിയിലുണ്ട്. ജോമോന്റ മുൻകാല ഡ്രൈവിങ് പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്ക്തമാക്കി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്. ലുമിനസ് അസുര എന്ന ബസാണ് ദാരുണ അപകടമുണ്ടാക്കിയത്.

വടക്കഞ്ചേരി അപകടത്തിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ജോമോനെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അതിനാലാണ് ജോമോനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ എത്തിയത്. മോന്റെ മൊഴി പൂർണ്ണമായും പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലുണ്ടാകുമെന്ന് ആലത്തൂർ ഡിവൈഎസ്‌പി അറിയിച്ചു.

അപകടം ഉണ്ടായ സമയത്ത് ജോമോൻ മദ്യപിച്ചിരുന്നോയെന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ജോമോന്റെ രക്തസാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ സമയം വൈകിയതിനാൽ കൃത്യമായ ഫലം കിട്ടാൻ ഇടയില്ല. ജോമോന്റെ മുൻ കാല പശ്ചാത്തലം കൂടി പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ച ടൂറിസ്റ്റ് ബസ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നിയമ ലംഘനങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. ഡി വൈഎഫ് ഐ ഓഫീസ് അക്രമ കേസിലും ജോമോൻ പ്രതിയാണ്.

വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസ് തിങ്കളാഴ്ച ഹൈക്കോടതിയിൽ പ്രാഥമികറിപ്പോർട്ട് സമർപ്പിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണച്ചുമതലയുള്ള ആലത്തൂർ ഡിവൈ.എസ്‌പി. ആർ. അശോകനാണ് ഹാജരാകുക. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജി.പി.എസ്. സംവിധാനം പരിശോധിച്ചതിൽനിന്ന്, മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിലിടിച്ചശേഷം 200 മീറ്റർ മുന്നോട്ടുപോയി മറിയുകയായിരുന്നു. ഡ്രൈവർ ജോമോൻ പത്രോസും ബസ്സുടമ എസ്. അരുണും റിമാൻഡിലാണ്. ഡ്രൈവറുടെ പേരിൽ മനഃപൂർവമുള്ള നരഹത്യയ്ക്കും ബസ്സുടമയുടെ പേരിൽ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

അപകടം നടക്കാനിടയായ സാഹചര്യത്തെക്കുറിച്ച് മോട്ടോർവാഹനവകുപ്പ് വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ആരോപിച്ചിരുന്നു. എന്നാൽ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എ. ഉബൈദ് കെ.എസ്.ആർ.ടി.സി. വിജിലൻസിനു സമർപ്പിച്ച റിപ്പോർട്ടിൽ ബസ് നിർത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിന്റെ അന്വേഷണം നടക്കുന്നതേയുള്ളൂ. കെ.എസ്.ആർ.ടി.സി. ബസ് പെട്ടെന്ന് നിർത്തിയിരുന്നെങ്കിൽപ്പോലും തെറ്റായി കാണാനാകില്ലെന്ന് ആലത്തൂർ ഡിവൈ.എസ്‌പി. ആർ. അശോകൻ പറഞ്ഞു.

മുന്നിൽപ്പോകുന്ന വാഹനവുമായി വാഹനം അകലം പാലിക്കണമെന്നാണ് നിയമം. പെട്ടെന്ന് നിർത്തിയാൽ വാഹനം നിയന്ത്രിച്ചുനിർത്താനാണിത്. അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ടൂറിസ്റ്റ് ബസ് മറികടന്ന കാറിന്റെ ഡ്രൈവറോട് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരിൽനിന്നും നാട്ടുകാരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതിനുശേഷമാണ് അന്തിമറിപ്പോർട്ട് സമർപ്പിക്കുക.