കൊച്ചി: സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ നടന്ന വൻ കവർച്ചയ്ക്ക് പിന്നിലെ സംഘത്തെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണു മോഷണം പോയത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി അന്വേഷണത്തിൽ തുമ്പാകുമെന്നാണ് പ്രതീക്ഷ. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നിരീക്ഷണത്തിലാണ്. എ്ല്ലാം മനസ്സിലാക്കിയായിരുന്നു സംഘത്തിന്റെ ഓപ്പറേഷൻ.

തൊപ്പി ധരിച്ചെത്തിയ മോഷ്ടാവു ജനലിനു സമീപത്തെത്തുന്നതും ജനൽ തുറക്കുന്നതുമായ ദൃശ്യങ്ങളാണു സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചത്. ഇതിനു ശേഷമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. മോഷ്ടാവ് സിസിടിവി ക്യാമറകൾ മറുവശത്തേക്കു തിരിച്ചു വച്ചതിനാലാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കയ്യുറ ധരിച്ചാണു മോഷ്ടാവ് എത്തിയത്. ഒരാളുടെ ചിത്രം മാത്രമാണ് കിട്ടിയതെങ്കിലും ഒന്നിലേറെ പേർ കവർച്ചയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. അടുക്കള ജനലിന്റെ കമ്പികൾ വളച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മുകളിലത്തെ നിലയിലുള്ള ആളില്ലാത്ത രണ്ടു മുറികളിലെ ലോക്കർ കുത്തിത്തുറന്നാണ് മോഷണം.

പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ 'അഭിലാഷത്തി'ൽ വെള്ളിയാഴ്ച രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്നാണു മോഷ്ടാവ് ഉള്ളിൽ കയറിയത്. വീടിനെ കുറിച്ച് വ്യക്തമായ അറിവ് ഇയാൾക്കുണ്ടെന്നാണ് നിഗമനം,. വീടിന്റെ മുകൾ നിലയിലെ വടക്കു കിഴക്കേ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്ലസ്, 10 വജ്രമോതിരങ്ങൾ, 12 വജ്ര കമ്മൽ, രണ്ട് സ്വർണ വങ്കി(മോതിരം), 10 സ്വർണമാലകൾ, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണു കവർന്നത്.

ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവർന്നത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോൾ അഭിലാഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. ജോഷി, മരുമകൾ വർഷ, മൂന്നു പേരക്കുട്ടികൾ, അടുത്ത ബന്ധുവിന്റെ മക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു. ആളില്ലാത്ത മുറിയും ലോക്കറുമെല്ലാം മുൻകൂട്ടി മനസ്സിലാക്കിയ ശേഷമായിരുന്നു മോഷണം എന്ന് വ്യക്തമാണ്. അതുകൊണ്ടു കൂടിയാണ് പ്രൊഫഷണൽ സംഘങ്ങളിലേക്ക് പരിശോധന നീളുന്നത്.

പ്രദേശത്തെ കൂടുതൽ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ പിടികൂടാൻ കഴിയുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഉത്തരേന്ത്യയിൽ നിന്നെത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രാദേശിക മോഷ്ടാക്കളും അടുത്തിടെ ശിക്ഷകഴിഞ്ഞിറങ്ങിയ കള്ളന്മാരും അന്വേഷണപരിധിയിലുണ്ട്.

വീടിന് ചുറ്റുമുള്ള സി.സി ടി.വി ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. പൂർണമായും മുഖം മറയ്ക്കാത്ത മോഷ്ടാവിന്റെ ദൃശ്യം നിർണ്ണായകമാണ്. സമീപത്തെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.