പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലുണ്ടായ 3.94 കോടിയുടെ ക്രമക്കേടിൽ പ്രതിയായ മുൻസെക്രട്ടറിയെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഹൈക്കോടതി നിർദേശമുണ്ടായിട്ടും മുൻ സെക്രട്ടറി ജോഷ്വാ മാത്യു അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായില്ല. രോഗബാധിതനായതിനാൽ രണ്ടാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോഷ്വാ മാത്യു അറസ്റ്റ് ഒഴിവാക്കിയത്. ഹൃദയസംബന്ധമായി ഗുരുതരമായ രോഗമുണ്ടെന്നും അതിനാൽ അറസ്റ്റ് ഒഴിവാക്കണമെന്നും കാട്ടി എക്സ്റ്റൻഷൻ ഹർജി ഫയൽ ചെയ്യാനുള്ള നീക്കത്തിലാണ് ജോഷ്വാ മാത്യു എന്നാണ് സൂചന.

അതേസമയം, അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നേതൃത്വത്തിൽ നടക്കുന്നത് എന്ന ആക്ഷേപവുമായി മുൻ ഡയറക്ടർ ബോർഡ് അംഗം ഗീവർഗീസ് തറയിൽ രംഗത്തു വന്നു. ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടു പോലും കേസ് അട്ടിമറിയുടെ വക്കിലാണ്. അതിശക്തമായ രാഷ്ട്രീയ സമ്മർദം അന്വേഷണ സംഘത്തിന് മേലുണ്ടെന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് ഒന്നിന് അന്വേഷണ സംഘത്തിന്റെ മുന്നിൽ മുൻ സെക്രട്ടറി ഹാജരാകാൻ ഉത്തരവിട്ടത് ഹൈക്കോടതിയാണ്. എന്നാൽ ഭരണ കക്ഷിയിലെ പ്രബലർ ഇടപെട്ട് ഇയാളെ ഹാജരാക്കാതിരിക്കാൻ ശ്രമം നടക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ സംഭവിച്ചാൽ ബാങ്കിലേക്ക് മുൻസെക്രട്ടറിയെ തെളിവെടുപ്പിന് കൊണ്ടു വരും. അതോടെ പല രാഷ്ട്രീയ നേതാക്കളുടെയും ബിനാമി നിക്ഷേപങ്ങളും ലോണുകളും അടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരും. കോൺഗ്രസുകാരനായിരുന്ന ജോഷ്വാ മാത്യുവിനെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുന്ന കാഴ്ച ദയനീയമാണ്. സിപിഎമ്മിന്റെ ജില്ലാ നേതാക്കൾക്ക് വരെ ഇവിടെ ബിനാമി നിക്ഷേപവും ലോണും ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അതൊക്കെ ശരിയെന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ജോഷ്വാ മാത്യുവിനെ ഒരു കാരണവശാലും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ കിട്ടരുതെന്ന് ചിലർ ലക്ഷ്യമിടുന്നു.

കേസ് രജിസ്റ്റർ ചെയ്ത ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയിരുന്നു. അവർക്ക് മേൽ സിപിഎമ്മിന്റെ ജില്ലാസംസ്ഥാന നേതാക്കളുടെ സമ്മർദം ഉണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അന്വേഷണം ്രൈകംബ്രാഞ്ചിന് കൈമാറിയതിന് ശേഷമാണ് ശരിയായ ദിശയിലേക്ക് വന്നത്. അതിവേഗം അവർ തെളിവുകൾ കണ്ടെത്തി. ക്രമക്കേടിന്റെ വിശദവിവരങ്ങൾ എല്ലാം മനസിലാക്കി. അന്വേഷണം ചെന്ന് നിൽക്കാൻ പോകുന്നത് ഉന്നത നേതാക്കളിലേക്കാണെന്ന് വന്നപ്പോഴാണ് അട്ടിമറിക്കുള്ള നീക്കം തുടങ്ങിയത്. ്രൈകംബ്രാഞ്ചിന് മേലും ശക്തമായ സമ്മർദം ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അവർ പക്ഷേ, അതിനൊന്നും വഴങ്ങാത്തതു കൊണ്ടാണ് മുൻസെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം വന്നത്. ഇനിയും കേസ് അട്ടിമറിക്കാനാണ് നീക്കമെങ്കിൽ ബാങ്കിന് മുന്നിൽ നിരാഹാര സത്യഗ്രഹം അടക്കം നടത്തുമെന്ന് ഗീവർഗീസ് തറയിൽ പറഞ്ഞു.

മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ വിവിധ രീതിയിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ വർഷം പത്തനംതിട്ട പൊലീസ് ചാർജ് ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് എക്കണോമിക്സ് ഒഫൻസ് വിങ്ങിന് കൈമാറുകയായിരുന്നു. അറസ്റ്റുണ്ടാകുമെന്ന് മനസിലാക്കി പ്രതി ജോഷ്വാ മാത്യു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് സമീപിച്ചു. കഴിഞ്ഞ 19 ന് കേസ് പരിഗണിച്ച കോടതി അറസ്റ്റൊഴിവാക്കാനാവില്ലെന്ന് ഉത്തരവിട്ടു. ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും നിർദേശിച്ചു. ജോഷ്വാ മാത്യുവിന് മുൻകൂർ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഡിവൈ.എസ്‌പി ഹൈക്കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി മനസിലാക്കിയ കോടതി അറസ്റ്റിന്റെ ആവശ്യകതയിലേക്ക് എത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് റിമാൻഡിൽ പോവുകയും തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്താൽ ബാങ്കിലെ തട്ടിപ്പുകൾ മുഴുവൻ വെളിച്ചത്തു വരുമെന്ന് മനസിലാക്കിയാണ് നിലവിൽ ജോഷ്വാ മാത്യു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അറസ്റ്റ് ഒഴിവാക്കിയിരിക്കുന്നത്.

മൈലപ്ര ബാങ്കിൽ നടന്ന അനേകം ക്രമക്കേടുകളിൽ ഒന്നു മാത്രമാണിത്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ്് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതു സംബന്ധിച്ച് കോന്നി സഹകരണ ജോയിന്റ് രജിസ്ട്രാർ പത്തനംതിട്ട പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പിന്നീട് കൈംബ്രാഞ്ചിന്് കൈമാറി. ഇല്ലാത്ത സ്റ്റോക്ക് ഉണ്ടെന്ന് കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. ലോക്കൽ പൊലീസിന് തന്നെ ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യാമായിരുന്നു.

എന്നാൽ, സിപിഎം ഏരിയാ കമ്മറ്റിയംഗമായ ജെറി ഈശോ ഉമ്മൻ പ്രസിഡന്റായ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നാൽ അത് പാർട്ടിയെ ബാധിക്കുമെന്ന തിരിച്ചറിവിൽ അറസ്റ്റും തുടരന്വേഷണവും അട്ടിമറിക്കുകയായിരുന്നുവെന്ന് പറയുന്നു. പലപ്പോഴായി ഈ കേസിൽ ജോഷ്വാ മാത്യു മുൻകൂർ ജാമ്യം തേടുകയുണ്ടായി. ഇത്രയും വലിയ തട്ടിപ്പ് നടത്തിയതിന് തെളിവുള്ള സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ എതിർത്തത്. വായ്പ, നിക്ഷേപങ്ങൾ, പർച്ചേസ്, സൂപ്പർ മാർക്കറ്റ് നടത്തിപ്പ് എന്നിങ്ങനെ പല രീതികളിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. അന്വേഷണം മുറുകിയതോടെ കുറ്റമെല്ലാം കോൺഗ്രസുകാരനായ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ തലയിലാക്കി സിപിഎം നേതാക്കൾ നല്ല പിള്ള ചമയാൻ ശ്രമിച്ചു.

അതിനിടെയാണ് ബാങ്കിൽ 86.12 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന മറ്റൊരു പരാതിയിൽ ജോ്വഷ്വാ മാത്യു, പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മൻ എന്നിവരെ പ്രതികളാക്കി പത്തനംതിട്ട പൊലീസ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണവും നിലവിൽ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും പ്രതികൾക്കെതിരേ ചെറുവിരൽ അനക്കാൻ പൊലീസ് തയാറായിട്ടില്ല. സിപിഎം ഇടപെട്ടാണ് അന്വേഷണം വൈകിപ്പിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയർന്നു.