- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിൽ ഡോ.റുവൈസിന്റെ പേരും; 'വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം' എന്ന് പരാമർശം ഉള്ളതായി റിമാൻഡ് റിപ്പോർട്ടിൽ; ഡോ.റുവൈസ് 21 വരെ റിമാൻഡിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി.വിദ്യാർത്ഥിനി ഡോ.ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഡോ. റുവൈസിനെ റിമാന്റ് ചെയ്തു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തത്.
മെഡിക്കൽ പിജി വിദ്യാർത്ഥിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി റുവൈസിന്റെ പേരു പരാമർശിച്ചിരുന്നതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ പേരു പരാമർശിക്കുന്നതും, ഷഹ്നയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഐപിസി 306 (ആത്മഹത്യാപ്രേരണ), സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 എന്നിവ അനുസരിച്ചാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. ഐപിസി 306 അനുസരിച്ച് 10 വർഷംവരെയും സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 പ്രകാരം 2 വർഷംവരെയും ശിക്ഷ ലഭിക്കാം. ജില്ലാ കോടതിയാണ് വിചാരണ പരിഗണിക്കേണ്ടത്.
'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറു കണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലായെന്നുള്ളത് സത്യമാണ്...'ഇത്തരം പരാമർശങ്ങൾ ആത്മഹത്യാക്കുറിപ്പിൽ ഉള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റുവൈസിന്റെ ഫോണിലേക്ക് ഷഹ്ന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്.
കൊല്ലം ശക്തികുളങ്ങര സ്വദേശിയായ റുവൈസ് മെഡിക്കൽ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ഷഹനയുടെ മരണം വിവാദമായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പിന്നാലെ തങ്ങൾ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ നേതൃത്വം വാർത്താക്കുറിപ്പിറക്കി.
മെഡിക്കൽ കോളജിലെ യുവഡോക്ടർ ജീവനൊടുക്കാൻ കാരണം ഇഷ്ട വിവാഹത്തിന് താങ്ങാനാവാത്ത സ്ത്രീധനം പ്രതിശ്രുത വരനും അയാളുടെ വീട്ടുകാരും ആവശ്യപ്പെട്ട് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ്. സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഷഹ്ന(28)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഡിസംബർ 4 തിങ്കളാഴ്ച രാത്രിയോടെ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ സഹപാഠികളാണ് ഷഹ്നയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് മരിച്ചുപോയതിനാൽ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചതായിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടു. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു. കാറുമാണ് യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്ന് ഷഹ്നയുടെ ബന്ധുക്കൾ പറയുന്നു.
മികച്ച സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നെങ്കിലും, യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയതായാണ് ബന്ധുക്കളുടെ ആരോപണം. ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നു. രണ്ടുവർഷം മുൻപാണ് ഷഹ്നയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്. രണ്ടു സഹോദരങ്ങളുമുണ്ട്.
(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക രോഗ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056).
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്