- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹോസ്റ്റലിലെ ആ രൂപം കണ്ടതും പെണ്‍കുട്ടി തകര്‍ന്നുപോയി! 11 വര്‍ഷം മുന്‍പത്തെ ആ പൈശാചികത പുറംലോകം അറിഞ്ഞത് ഇങ്ങനെ; പീഡനക്കേസില്‍ ട്യൂഷന്‍ മാസ്റ്ററെ കുടുക്കി അതിജീവിത; സുഭാഷ് കുമാറിന് 18 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും
ട്യൂഷന്‍ അധ്യാപകന് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ട്യൂഷന്‍ അധ്യാപകനില്‍ നിന്ന് നേരിട്ട പീഡനം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തിയ കേസില്‍ പ്രതിക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. മെഡിക്കല്‍ കോളേജ് സ്വദേശിയായ സുഭാഷ്‌കുമാറിനെ (57) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 18 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പീഡനം അതിജീവിത പുറത്തുപറഞ്ഞത് എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ്. ജഡ്ജി അഞ്ജു മീര ബിര്‍ളയുടേതാണ് ഉത്തരവ്.
വര്‍ഷങ്ങള്‍ നീണ്ട മാനസിക വേദന
2013-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അഞ്ചാം ക്ലാസ്സുകാരിയായിരുന്ന പെണ്‍കുട്ടിയെ ട്യൂഷന്‍ അധ്യാപകനായ സുഭാഷ്‌കുമാര്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു. 2014 വരെ ഇത് തുടര്‍ന്നു. പേടി കാരണം കുട്ടി ആറാം ക്ലാസ്സില്‍ ട്യൂഷന്‍ നിര്‍ത്തിയെങ്കിലും അധ്യാപകന്റെ ഭീഷണി മൂലം വിവരം ആരോടും പറഞ്ഞില്ല. ഈ ക്രൂരത പെണ്‍കുട്ടിയുടെ മനോനിലയെ സാരമായി ബാധിച്ചു. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും പ്ലസ് ടു കാലഘട്ടത്തില്‍ ഒരു വര്‍ഷം പഠനം നഷ്ടമായി.
പ്ലസ്ടു കഴിഞ്ഞപ്പോള്‍ പീഡന സംഭവം ഓര്‍ത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നില്‍ക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓര്‍ഡര്‍ )കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാര്‍ സൈക്കോളജിസ്റ്റിനെ കാണിച്ചു. കോവിഡ് സമയം ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാല്‍ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് അസുഖം ഭേദം ആയിരുന്നു.
ഹോസ്റ്റലിലെ ആ കാഴ്ചയും വെളിപ്പെടുത്തലും
പിന്നീട് എംബിബിഎസ് പ്രവേശനം നേടി ഹോസ്റ്റലില്‍ താമസം തുടങ്ങിയ പെണ്‍കുട്ടിക്ക്, പ്രതിയുമായി സാമ്യമുള്ള ഒരാളെ അവിടെ കണ്ടത് കുട്ടിക്ക് മനോവിഭ്രാന്തിക്ക് കാരണമായി. തുടര്‍ന്ന് ഡോക്ടര്‍ക്ക് മുന്നിലെത്തിയ പെണ്‍കുട്ടി വര്‍ഷങ്ങളായി ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ദുരന്തം തുറന്നുപറഞ്ഞു. ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2024-ലാണ് പോലീസ് കേസെടുത്തത്.
കോടതി വിധി
പ്രതിയുടെ ക്രൂരത കുട്ടിയുടെ വിദ്യാഭ്യാസത്തെയും മനോനിലയെയും തകര്‍ത്തെന്ന് കോടതി നിരീക്ഷിച്ചു.
ശിക്ഷ: 18 വര്‍ഷം കഠിനതടവ്.
പിഴ: 35,000 രൂപ (ഒടുക്കാത്ത പക്ഷം മൂന്നര വര്‍ഷം കൂടി തടവ്).
നഷ്ടപരിഹാരം: പ്രതി ഒടുക്കുന്ന പിഴ തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി (DLSA) നല്‍കുന്ന തുകയും അതിജീവിതയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. സുരഭി. പി എന്നിവര്‍ ഹാജരായി. സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ നിയാസ്. പി, മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു പി.എല്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.


