പത്തനംതിട്ട: ആയുഷ് നിയമന കോഴക്കേസ് പ്രതി അഖിൽ സജീവിന്റെ പേരിൽ വീണ്ടും തട്ടിപ്പ് കേസ്. റാന്നി വലിയകുളം സ്വദേശിയായ എം.കോം ബിരുദമുള്ള യുവതിയിൽ നിന്ന് കിഫ്ബി ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ റാന്നി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് സ്റ്റേഷനിൽ ചെന്ന പരാതിക്ക് മണിക്കൂറുകൾക്കകം എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഖിൽ സജീവ് ഒന്നാം പ്രതിയും യുവമോർച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റായ ടി.ആർ. രാജേഷ് (ജൂഡോ രാജേഷ്) രണ്ടാം പ്രതിയുമാണ്. നിയമനം കിട്ടുമെന്ന് വിശ്വസിപ്പിക്കുന്നതിനായി യുവതിയെ കിഫ്ബിയുടെ ആസ്ഥാനത്തുകൊണ്ടു ചെന്നിരുന്നുവെന്നും മൊഴിയുണ്ട്.

നേരത്തേ സ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 4.39 ലക്ഷം തട്ടിയ കേസിൽ അഖിലും രാജേഷും പ്രതികളായി പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ജൂഡോ രാജേഷ് ഒളിവിൽപ്പോയി. ഇതു വരെ അഖിലിന്റേതായി പുറത്തു വന്ന തട്ടിപ്പുകളിൽ ഏറ്റവും വലുതാണ് റാന്നിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. രാജേഷ് അഖിലിന്റെ ഇടനിലക്കാരനാണ്.

10 ലക്ഷം രൂപ വാങ്ങിക്കൊടുത്തപ്പോൾ ഒരു ലക്ഷം രാജേഷിന് കമ്മിഷൻ കൊടുത്തുവെന്നാണ് അറിയുന്നത്. യുവമോർച്ചയിലെ മറ്റു ചില നേതാക്കൾക്കും നിയമനക്കോഴയിൽ പങ്കുള്ളതായി വിവരമുണ്ട്. രാജേഷ് യുവമോർച്ച നേതാവല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമവുമുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിൽ വന്ന സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ അങ്ങനെ ഒരു നേതാവും ഒരു തസ്തികയും യുവമോർച്ചയ്ക്കില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.

കൂടുതൽ ചോദ്യങ്ങൾ ചെന്നപ്പോൾ സംസ്ഥാന പ്രസിഡന്റ് ഒഴിഞ്ഞു മാറുകയായിരുന്നു. ഒരു കേന്ദ്രമന്ത്രിയുടെ പേരിലും സംഘം തട്ടിപ്പു നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഗ്രൗണ്ട് വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞ് 20 ലക്ഷത്തോളം രൂപ സംഘം കൈക്കലാക്കിയെന്നാണ് വിവരം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.