കൊല്ലം: കുളത്തൂപ്പുഴ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീർ സെയിനിയെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പ്രാർത്ഥനയ്ക്ക് ക്ഷണിച്ചു കൊണ്ടാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിദേശത്ത് പോകുന്നതിനു മുൻപ് പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ട് യുവാവ് തന്നെ സമീപിക്കുകയായിരുന്നു എന്നാണ് ഇമാം പറയുന്നത്. ഒരു യുവാവ് കൊണ്ടുപോകുമ്പോൾ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കൾ കാറിൽ കയറി. സംശയം തോന്നി ഇമാം കാറിൽ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്‌ത്തിയത്. പന്തികേടു തോന്നിയതിനാലാണ് കാറിൽ നിന്നിറങ്ങിയതെന്ന് ഇമാം പിന്നീട് പ്രതികരിച്ചു.

'ഞങ്ങൾ പോകുന്ന വഴി എന്നെ കൊണ്ടുപോയ പയ്യന് ഒരു ഫോൺകോൾ വന്നു. അവന്റെ രണ്ടുമൂന്ന് കൂട്ടുകാർ അവിടെ നിൽപ്പുണ്ട്. അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംക്ഷന്റെ മറുവശത്ത് എത്തിയപ്പോൾ അവന്റെ നാലു കൂട്ടുകാർ വന്നു. അവരുടെ രൂപങ്ങൾ കണ്ടപ്പോൾ എനിക്കെന്തോ പന്തികേടു തോന്നി. അവരുടെ കയ്യിൽ മൊബൈൽ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്റെ മനസ്സിൽ ഒരു ഭയപ്പാടു തോന്നി. ഞാൻ വരുന്നില്ലെന്നു പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയോടി.

ആദ്യം വന്ന പയ്യൻ പ്രാർത്ഥനയ്ക്ക് വരാൻ നിർബന്ധിച്ച് എന്റെ പിന്നാലെ വന്നു. പിന്നെ ഇവിടെയെത്തിയപ്പോൾ ഈ തിട്ടയിലേക്ക് ചാടിക്കയറിയതു മാത്രമേ എനിക്ക് ഓർമയുള്ളൂ' ഇമാം വിവരിച്ചു. കാറിലിൽ നിന്നിറങ്ങി തിരികെ ഓടുന്ന ഇമാമിനെ പിന്നിൽ നിന്നു വന്ന് കാറിനിടിച്ച് വീഴ്‌ത്താനുള്ള ശ്രമം സിസിടിയിൽ പതിഞ്ഞിട്ടുണ്ട്. വീണിടത്തു നിന്ന് എഴുന്നേറ്റ് ഇമാം ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.