- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ എടുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു; അതിനു ശ്രീറാമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല'; കെ എം ബഷീറിന്റെ മരണത്തിൽ ശ്രീറാമിന് വേണ്ടി പൊലീസ് സംവിധാനങ്ങളെല്ലാം ഒത്തുകളിച്ചത് ചൂണ്ടിക്കാട്ടി കോടതി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന് വേണ്ടി കേരളത്തിലെ പൊലീസ് സംവിധാനങ്ങളെല്ലാം ഒരു നീതി നിഷേധത്തിന് കൂട്ടു നിന്നു. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഉണ്ടായത് വൻ അട്ടിമറിയാണ്. കേസിൽ പൊലീസിനു കോടതി ഉത്തരവിൽ വിമർശനമുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നിവരുടെ വിടുതൽ ഹർജിയിലെ ഉത്തരവിലാണ് തിരുവനന്തപുരം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയുടെ വിമർശനം.
''ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ എടുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. അതിനു ശ്രീറാമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിനു തെളിവില്ല'' ഉത്തരവിൽ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന് കെ.എം.ബഷീറിനെ മുൻപരിചയമില്ലായിരുന്നുവെന്നും അതുകൊണ്ട് കൊല്ലാനുള്ള ഉദേശത്തോടെയല്ല വാഹനം ഓടിച്ചതെന്നും അപകടശേഷം ബഷീറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രീറാം സഹായിച്ചെന്നും കോടതി നിരീക്ഷിച്ചു. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയ്ക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം 304 (2) കോടതി ഒഴിവാക്കിയിരുന്നു.
മദ്യലഹരിയിൽ വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ ശ്രീറാമിനെ സഹായിക്കാൻ അന്ന് തിരുവനന്തപുരത്തെ പൊലീസ് സംവിധാനങ്ങൾ മുഴുവൻ ഇടപെട്ടിരുന്നു. ഇതിൽ പ്രധാനമായി മാറിയത് ശ്രീറാം മദ്യലഹരിയിൽ വാഹനം ഓടിച്ചു എന്നു തെളിയിക്കാൻ യാതൊരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ശ്രീറാമിന്റെ രക്തം ശേഖരിക്കാനോ മദ്യപിച്ചെന്ന് തെളിയിക്കാനോ യതൊരു ശ്രമവും പൊലീസ് നടത്തിയിരുന്നില്ല. പൊലീസ് ഇട്ടുനൽകിയ പഴുതുകൾ വിചാരണാ ഘട്ടത്തിൽ ശ്രീറാം ഉപയോഗപ്പെടുത്തുകയായിരുന്നു.
നരഹത്യാ കുറ്റം ഒഴിവാക്കിയതോടെ കെ എം ബഷീറിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ ആവർത്തിച്ചു പറഞ്ഞതാണ് നീതി ലഭിക്കുമെന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് സംവിധാനങ്ങൾ തന്നെ കേസ് അട്ടിമറിച്ചുവെന്ന് കരുതേണ്ടി വരും. നരഹത്യാ കേസ് ഒഴിവാക്കപ്പെട്ടതോടെ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നേരിടേണ്ടി വരും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.സനിൽകുമാർ ആണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. നരഹത്യാ കുറ്റമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പ് 304 നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നായിരുന്നു വിടുതൽ ഹർജികളിൽ ഇരുവരുടെയും ആവശ്യം. എഫ് ഐആറിൽ താൻ പ്രതിയല്ലന്ന് ശ്രീറാം ബോധിപ്പിച്ചിരുന്നു. രക്തസാമ്പിൾ എടുക്കാൻ താൻ വിമുഖത കാട്ടിയില്ല. വൈകിപ്പിച്ചത് പൊലീസാണെന്ന കാര്യവും ശ്രീറാം ചൂണ്ടിക്കാട്ടി. ഇവിടെ പൊലീസ് ശ്രീറാമിനെ സഹായിച്ചതാണ് കേസ്എങ്ങുമെത്താതെ പോകാൻ കാരണമെന്ന് വ്യക്തമാകുന്നു.
ശ്രീറാമിനെ മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മാത്രമാണ് പൊലീസ് വെളുപ്പിന് 5.30 മണിക്ക് തനിക്ക് കത്ത് തന്നതെന്ന് 30 ആം സാക്ഷി ഡോ. രാകേഷ് തമ്പി മൊഴിയും നൽകിയിട്ടുണ്ട്. ഇതിൽ നിന്നും അട്ടിമറി വ്യക്തമാണ്. രക്തസാമ്പിൾ എടുക്കാനോ മറ്റു പരിശോധന നടത്താനോ പൊലീസ് കത്തിൽ ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടർ. പിന്നീട് രക്തസാമ്പിൾ പരിശോധിച്ച കെമിക്കൽ അനാലിസ് ലാബ് രക്തത്തിൽ ആൽക്കഹോൾ ഇല്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടാണ് ശ്രീറാമിന പിടിവള്ളിയായത്. അതുകൊണ്ട് തന്നെ തെളിവു നശിപ്പിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ കുറ്റം നിലനിൽക്കാതെയും വന്നു. വാഹന സ്പീഡ് മണിക്കൂറിൽ 50 കി.മി. നു മേൽ വേഗതയിലെന്നു മാത്രമാണ് വോക്സ് വാഗൺ കാർ കമ്പനിയിലെ മെക്കാനിക്കൽ ഡിപ്ലോമക്കാരനായ ടെക്നീഷ്യൻ റിപ്പോർട്ട്.
പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ഡ്രൈവിങ് സീറ്റിൽ വഫയായിരുന്നെന്ന് സർക്കാർ മറുവാദം ഉന്നയിച്ചയിരുന്നു. ശ്രീറാം. എന്നാൽ, ഈ വാദം പൊളിയുകയാണ് ഉണ്ടായത്. ഉടൻ രക്ത സാമ്പിളെടുത്തെങ്കിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സർക്കാർ. ആശുപത്രി സ്റ്റാഫും ഡോക്ടർമാരും ആശുപത്രിയിൽ ചികിത്സ മോശമാണെന്നും കിംസ് എന്ന ആശുപത്രിയിലേക്ക് മാറ്റണം എന്നുമാവശ്യപ്പെട്ടുള്ള ശ്രീറാമിന്റെ പ്രവൃത്തികൾ വിവരിച്ച് സാക്ഷിമൊഴികൾ തന്നിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് സർക്കാർ ബോധിപ്പിച്ചു.
കഴിക്കുന്ന മദ്യത്തിന്റെ അളവ് അനുസരിച്ച് 8 മണിക്കൂർ വരെ രക്തത്തിൽ മദ്യത്തിന്റെ അംശം നിലനിൽക്കുകയുള്ളുവെന്ന് വിദഗ്ദ്ധ ഡോക്ടർ ഉമാദത്തൻ തന്റെ പുസ്തകത്തിൽ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീറാം രക്തസാമ്പിളെടുക്കാൻ ആദ്യം ഡോക്ടർക്ക് സമ്മതം നൽകിയില്ല. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടർ സർട്ടിഫിക്കറ്റിൽ എഴുതിയിട്ടുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. എന്നാൽ, ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കൽ നിലനിൽക്കണമെങ്കിൽ നിയമത്തിൽ പറയുന്നത് 100 മി.ലി. രക്തത്തിൽ 30 മി.ഗ്രാം ആൽക്കഹോൾ അംശം വേണമെന്നാണ്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ തന്റെ രക്തത്തിൽ ഈഥൈൽ ആൽക്കഹോൾ കണ്ടെത്തിയിട്ടില്ലെന്നാണ് ശ്രീറാം ബോധിപ്പിച്ചത്.
അതേസമയം ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നൽകാനായി പോകുക മാത്രമാണ് ചെയ്തതെന്നാണ് വഫ ഫിറോസ് കോടതിയിൽ പറഞ്ഞത്. മദ്യപിച്ച് വാഹനമോടിക്കാൻ താൻ പ്രേരിപ്പിച്ചിട്ടില്ല. അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നതെന്നും വഫ ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിൽ വാദം ബോധിപ്പിക്കാതെ 3 തവണ സമയം തേടിയ പ്രതികൾ കോടതി അന്ത്യശാസനം നൽകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹർജി ഫയൽ ചെയ്തത്. ബഷീർ കൊല്ലപ്പെട്ട് ഓഗസ്റ്റ് 2 ന് രണ്ടു വർഷം തികയുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികൾ തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ