- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നു ശുചിമുറിയിൽ പോയി വന്ന ഭാര്യ ഒറ്റ നിമിഷം കൊണ്ടു കൺമുൻപിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ ആഘാതത്തിൽ രഘു; ഇനി മറ്റൊരാൾക്ക് ഇങ്ങനെ സംഭവിക്കരുതെന്ന് സിന്ധുവിന്റെ ഭർത്താവ്; യുവതിയുടെ മരണത്തിലേക്ക് നയിച്ചത് കുത്തിവെപ്പിന്റെ പാർശ്വഫലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും
കോഴിക്കോട്: ആരോഗ്യവതിയായി എഴുന്നേറ്റ് സ്വന്തമായി ശുചിമുറിയിൽ പോയി വന്ന ഭാര്യ ഒറ്റ നിമിഷം കൊണ്ടു കൺമുൻപിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ ഞെട്ടലിലാണ് രഘു. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ കെ ടി സിന്ധുവിന്റെ ഭർത്താവാണ് രഘു. കുത്തിവെപ്പിന്റെ പാർശ്വഫലത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ഭാര്യയെ നഷ്ടമായ വേദനയിലാണ് ഇദ്ദേഹം. ഇനി മറ്റൊരാൾക്ക് ഇങ്ങനെ സംഭവിക്കരുത് എന്നതു കൊണ്ടാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് രഘു വ്യക്തമാക്കുന്നത്.
സംഭവത്തെ കുറിച്ച് രഘു വിവരിക്കുന്നത് ഇങ്ങനെ: രണ്ട് ദിവസമായി പനി തുടങ്ങിയിട്ട്. ബുധനാഴ്ച രാവിലെ കൂടരഞ്ഞി ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കാണിച്ചു. അവിടെ നിന്ന് ഇൻജക്ഷൻ നൽകി. പിന്നീട് മെഡിക്കൽ കോളജിൽ പോകാൻ നിർദേശിച്ചു. കൂടുതലില്ലല്ലോ പിന്നീട് പോയാൽ പോരേയെന്നു ഡോക്ടറോട് ചോദിച്ചു. അല്ല.. കൂടുതൽ പരിശോധന നടത്തണം. ഉടനെ പോകണമെന്നും പറഞ്ഞു. അതു പ്രകാരമാണ് പന്ത്രണ്ടരയോടെ അത്യാഹിത വിഭാഗത്തിലെത്തിയത്. ഡോക്ടർ പരിശോധിച്ച ശേഷം ഡെങ്കിപ്പനിയാണോയെന്നെല്ലാം സംശയമുണ്ടെന്നു പറഞ്ഞു.
അതു പ്രകാരം ടെസ്റ്റുകൾക്കുള്ളത് എഴുതിത്ത്തന്നു. ഡെങ്കിപ്പനിയുടെ ടെസ്റ്റ് നടത്താൻ പറഞ്ഞു. 400 രൂപ നൽകി എച്ച്ഡിഎസ് ലാബിൽ പരിശോധന നടത്തി. പിന്നീട് ടെസ്റ്റ് റിസൽറ്റ് കാണിച്ചപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നും പറഞ്ഞു. വൈകിട്ടോടെ ഇൻജക്ഷൻ നൽകി. കുഴപ്പമൊന്നും ഇല്ലല്ലോ, രാത്രിയിൽ വീട്ടിൽ പോകട്ടേയെന്നു ചോദിച്ചെങ്കിലും വാർഡ് 21ലേക്ക് അഡ്‌മിറ്റ് ചെയ്തതായി ഡോക്ടർ പറഞ്ഞു. രാത്രി പത്തോടെ വാർഡിലെത്തി. വാർഡിൽ സ്ഥലമില്ലെന്നും വരാന്തയിൽ കിടന്നാൽ മതിയെന്നും നഴ്‌സ് പറഞ്ഞു.
വാതരോഗിയാണെന്നും കാലിൽ ചെറിയ മുറിവുണ്ടെന്നും നിലത്ത് കിടക്കാൻ പ്രയാസമുണ്ടെന്നുമെല്ലാം പറഞ്ഞു നോക്കിയെങ്കിലും, കട്ടിൽ ഒഴിവില്ലാതെ എന്തു ചെയ്യാൻ എന്നായിരുന്നു മറുപടി. തുടർന്ന് വരാന്തയിൽ നിലത്ത് കിടക്കുകയായിരുന്നു. അതിരാവിലെ സിന്ധു സ്വന്തമായി ശുചിമുറിയിൽ പോയി വന്നതാണ്. അതിനു ശേഷം ഞാൻ ചായ വാങ്ങിവരാമെന്നു പറഞ്ഞു പുറത്തേക്കു പോകുമ്പോഴാണ് നഴ്‌സ് ഇൻജക്ഷൻ വയ്ക്കാനായി ഫോണിൽ സംസാരിച്ചു കൊണ്ടു വന്നത്. സിന്ധുവല്ലേ.. എന്നു ചോദിച്ചു. അതേയെന്നു ഞങ്ങൾ മറുപടിയും പറഞ്ഞു. ഒരു ഇൻജക്ഷൻ വയ്ക്കാനുണ്ടെന്നും പറഞ്ഞു. ഉടനെ കുത്തിവച്ചു. നിമിഷങ്ങൾക്കകം സിന്ധു കുഴഞ്ഞുവീണു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. ഉടനെ ഡോക്ടർ വന്ന് സിപിആറും മരുന്നും ഓക്‌സിജനുമെല്ലാം നൽകിയെങ്കിലും ഫലമുണ്ടായില്ലരഘു പറഞ്ഞു.
അതേസമയം ആന്തരികാവയവങ്ങൾക്ക് കുത്തിവെയ്പിനെ തുടർന്ന് തകരാർ സംഭവിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിനൊപ്പം ഭർത്താവ് രഘുവാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. കുത്തിവെയ്പ് എടുത്ത് നിമിഷങ്ങൾക്കുള്ളിൽ സിന്ധു ഭർത്താവിന് മുന്നിൽ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്നും മരുന്ന് മാറി കുത്തിവെച്ചെന്നും കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. രഘുവിന്റെ പരാതിയിന്മേൽ മെഡിക്കൽ കോളേജ് നഴ്സിനെതിരെ പൊലീസ് കേസെടുത്തു.
ആദ്യം സിന്ധുവിന്റെ കൈയിൽ അലർജി ഉണ്ടോയെന്ന് നോക്കാനായി മരുന്ന് കുത്തിവെച്ചിരുന്നു. കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കൈയിൽ ടെസ്റ്റ് ഡോസ് നൽകി കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ച ശേഷമാണ് ക്രിസ്റ്റലൈൻ പെനിസിലിൻ ഇൻജക്ഷൻ സിന്ധുവിന് നൽകിയത്. എന്നാൽ, ഈ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ചില രോഗികൾക്ക് നൽകുമ്പോൾ ടെസ്റ്റ് ഡോസിൽ കുഴപ്പം കാണിച്ചില്ലെങ്കിലും പിന്നീടുള്ള ഡോസിൽ അനഫെലാക്‌സിസ് എന്ന അലർജി ഉണ്ടാകാറുണ്ടെന്നും അതാണ് സിന്ധുവിന് സംഭവിച്ചെതന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിന്ധുവിന് വ്യാഴാഴ്ചയാണ് കുത്തിവെയ്പ് നൽകിയത്. സിന്ധുവിന് മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ