അടൂർ: കാപ്പ കേസിലെ പ്രതി വിദേശത്തേക്ക് കടക്കുകയും അവിടെ ഇരുന്നു കൊണ്ട് നാട്ടിൽ പാസ്പോർട്ട് പുതുക്കുകയും ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന വൻവീഴ്ച സംബന്ധിച്ച് പൊലീസ് വകുപ്പു തല അന്വേഷണം തുടങ്ങി. പറക്കോട് സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമൽ ജനാർദനന്റെ പാസ്പോർട്ടാണ് അടൂർ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതുക്കി നൽകിയത്. പുതുതായി ചുമതലയേറ്റ ഇൻസ്പെക്ടർ ഗുണ്ടകളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ മാത്രമാണ് കാപ്പ ചുമത്തപ്പെട്ടയാൾ വിദേശത്താണെന്ന് അറിഞ്ഞത്.

വിദേശത്തേക്ക് കടന്ന ഇയാൾ അവിടെ നിന്ന് പുതുക്കാൻ അപേക്ഷ നൽകി. ഇവിടെ വെരിഫിക്കേഷന് പോയ പൊലീസുകാരൻ ഇയാൾ കാപ്പ കേസ് പ്രതിയാണെന്ന് അറിയാതെ പുതുക്കി നൽകുന്നതിന് റിപ്പോർട്ട് കൊടുക്കുകയുമായിരുന്നു. പാസ്പോർട്ട് സംബന്ധിച്ച അന്വേഷണത്തിന് പോയ പൊലീസുകാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പന്തളത്ത് നിന്ന് സ്ഥലം മാറി എത്തിയ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ ചുമതലയേറ്റതിന് പിന്നാലെ സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട റൗഡികളെ വിളിച്ച് വിവരം ശേഖരിച്ചിരുന്നു.

അപ്പോഴാണ് നിർമൽ സ്ഥലത്തില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് വിവരം ലഭിച്ചു. കാപ്പ ചുമത്തിയ ആൾക്ക് പാസ്പോർട്ട് എങ്ങനെ പുതുക്കി ലഭിച്ചവെന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണം തുടങ്ങി. പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ പാസ്പോർട്ട് ഓഫീസിലേക്ക് കത്തയച്ചു. വിദേശത്ത് പോയ ശേഷം ഇയാൾ അവിടെ നിന്ന് സുഹൃത്തുക്കളെ വിളിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 2013 ൽ ഇയാൾക്ക് പുതിയ പാസ്പോർട്ട് ലഭിക്കുമ്പോൾ മൂന്നു കേസുകളിൽ പ്രതിയായിരുന്നു. അന്നും യാതൊരു തടസവുമില്ലാതെയാണ് ഇയാൾക്ക് പാസ്പോർട്ട് ലഭിച്ചത്.

അതിന് ശേഷം നിർമൽ വിദേശത്തേക്ക് പോയി കുറെക്കാലം അവിടെ ജോലി നോക്കി. മടങ്ങി നാട്ടിൽ വന്നു കഴിഞ്ഞ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി. അങ്ങനെയാണ് കാപ്പ ചുമത്തിയത്. കാപ്പ നിലനിൽക്കേ വീണ്ടും വിദേശത്തേക്ക് കടന്നു. അവിടെ നിന്നാണ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയത്. അന്വേഷണത്തിന് പോയ പൊലീസുകാരൻ പുതുക്കി വിടുകയായിരുന്നുവെന്നാണ് സൂചന. ഇയാൾക്കെതിരേ ഉടൻ നടപടിയുണ്ടാകും. പാസ്പോർട്ട് ഓഫീസിലെ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞ് പൊലീസിന്റെ കൂടി അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി തുടർ നടപടി സ്വീകരിക്കും.

അടൂർ, ഏനാത്ത് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള രാഷ്ട്രീയ നേതാക്കൾക്കും ഇതേ രീതിയിൽ പാസ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നേരത്തേ അന്വേഷണം നടന്നുവെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കപ്പെട്ടു. ഇവർ ഇപ്പോഴും നിർബാധം വിദേശയാത്ര നടത്തുന്നുണ്ട്.