ഇരിട്ടി: കേരളത്തിലെ വനനിരകളില്‍ നിന്നും മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും തുടച്ചു നീക്കിയെന്ന വിലയിരുത്തലില്‍ കേരളാ പോലീസ്. കബനീദളം മാവോയിസ്റ്റ് ഗ്രൂപ്പിന്റെ ദക്ഷിണമേഖല കമാന്‍ഡര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സി.പി.മൊയ്തീനും പിടിയിലായതോടെയാണ് ഈ ചര്‍ച്ച സജീവമാകുന്നത്. കഴിഞ്ഞദിവസം കാടിറങ്ങിയ മൊയ്തീന്‍ ഉള്‍പ്പെട്ട നാലംഗ മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെയും പിടിക്കാന്‍ എ.ടി.എസിന് കഴിഞ്ഞു. ഒരാള്‍ തമിഴ്‌നാട്ടിലേക്കും പോയെന്നാണ് വിലയിരുത്തല്‍.

ആറളം, വയനാട് വനമേഖല കേന്ദ്രീകരിച്ച് തുടരെത്തുടരെ പോലീസുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായതോടെയാണ് ഇവരെ അമര്‍ച്ചചെയ്യാനുള്ള പദ്ധതിക്ക് പോലീസ് രൂപംനല്‍കിയത്. വനത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഇടത് കൈപ്പത്തി നഷ്ടപ്പെട്ട സി.പി.മൊയ്തീനായിരുന്നു കബനീദളം ഗ്രൂപ്പിന്റെ ശക്തിയും ബുദ്ധികേന്ദ്രവും. ബാണാസുര ഗ്രൂപ്പില്‍നിന്ന് ആന്ധ്ര, തമിഴ്നാട്, കര്‍ണാടക വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഗ്രൂപ്പുകളില്‍ നിന്നുള്ളവരെ കബനീദളത്തിന്റെ ഭാഗമാക്കിയായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ കേരളാ പോലീസിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു.

ആലപ്പുഴയില്‍നിന്നാണ് വ്യാഴാഴ്ച രാത്രി സി.പി.മൊയ്തീന്‍ എ.ടി.എസിന്റെ പിടിയിലായത്. സംഘത്തിലെ മനോജിനെ കഴിഞ്ഞദിവസം എറണാകുളത്തുനിന്നും സോമനെ ഷൊര്‍ണ്ണൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, വയനാട് ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തില്‍ അവശേഷിക്കുന്നത് തമിഴ്‌നാട് സ്വദേശിയായ സന്തോഷ് മാത്രമാണ്. ഇയാളും കേരളം വിട്ടു.

മൊയ്തീനെതിരെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് റൂറല്‍ പോലീസ് സ്റ്റേഷനിലും ഒരുഡസനിലധികം യു.എ.പി.എ. കേസുകളുണ്ട്. 2019-ല്‍ വയനാട്ടിലെ ലക്കിടി റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട സി.പി.ജലീലിന്റെ സഹോദരനാണ് മൊയ്തീന്‍. ജലീലിന്റെ മരണത്തോടെയാണ് മൊയ്തീന്‍ കബനീദളം എന്നപേരില്‍ ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തനം ശക്തമാക്കിയത്. തുടക്കത്തില്‍ മൊയ്തീന്റെ സംഘത്തില്‍ പതിനഞ്ചിലധികം പേരുണ്ടായിരുന്നു. പിന്നീട് നാലുപേരിലേക്ക് ചുരുങ്ങി.

അയ്യന്‍കുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് വനമേഖലയില്‍ മാസങ്ങള്‍ക്കുമുന്‍പ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലാണ് കബനീദളത്തെ തളര്‍ത്തിയത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ കവിത എന്ന മാവോയിസ്റ്റ്് രക്തസാക്ഷിത്വം വരിച്ചതായി കാണിച്ച് മാവോയിസ്റ്റുകളുടെ പേരില്‍ വയനാട് മേഖലയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അതിനിടയില്‍ കബനീദളത്തില്‍ ഭിന്നതയുണ്ടായതായും വിക്രം ഗൗഡ, ജയണ്ണ, കോട്ടകോണ്ട രവി, വനജാക്ഷി, മുണ്ടകാരു ലത ഉള്‍പ്പെടെ ഒരുവിഭാഗം കര്‍ണാടക വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

അതിനുപിന്നാലെ മൊയ്തീന്‍ ഉള്‍പ്പെടെ നാലുപേര്‍ കാടിറങ്ങിയ വിവരവും ലഭിച്ചു. മൊബൈല്‍ സംവിധാനങ്ങളൊന്നും ഉപയോഗിക്കാത്ത സംഘത്തെ പോലീസ് കൃത്യമായി പിന്തുടരുകയായിരുന്നു. അങ്ങനെയാണ് എല്ലാവരും പിടിയിലായത്.