കണ്ണൂർ: കോൺഗ്രസ് നിയന്ത്രിത കാടാച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. ബാങ്കിന്റെ പനോന്നേരിശാഖയിൽ നിക്ഷേപിച്ച നിരവധി പേരുടെ സ്ഥിരനിക്ഷേപ തുകയും ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളുമടക്കം കോടിക്കണക്കിന് രൂപയുടെ മുതലുകൾ വ്യാജരേഖകൾ ചമച്ചു തട്ടിയെടുത്തെന്നാണ് ആരോപണം.

പ്രമുഖ ജ്യോതിഷിയും ക്ഷേത്രങ്ങളിലെ അധ്യാത്മിക പ്രഭാഷകനുമായ മുൻ മാനേജർ പ്രവീൺ പനോന്നേരി ബാങ്ക് സെക്രട്ടറി സനലിന്റെ സഹായത്തോടെ തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ഇതോടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവർ കണ്ണൂർ അസി. കമ്മിഷണർ ഓഫ് പൊലിസ്, സഹകരണവകുപ്പ് എന്നിവടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.ഇടപാടുകാരിൽ പലരും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ എ.സി.പിയുടെ നിർദ്ദേശപ്രകാരം എടക്കാട് പൊലിസ് പരാതിയെ കുറിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗവും ബാങ്കിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. 2017-ൽ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയവരുടെ പണമാണ് നിക്ഷേപകരുടെ വ്യാജഒപ്പിട്ടു പ്രവീൺ പനോന്നേരി തട്ടിയെടുത്തതായി പറയുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു വർഷത്തെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് കാലാവധിക്ക തൊട്ടടുത്ത ദിവസം പുതുക്കാനെന്ന പേരിൽ കൈക്കലാക്കിയാണ് തട്ടിപ്പ്. പിന്നീട് സർട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി നിക്ഷേപകർക്ക് നൽകി ഒറിജിനൽ സർട്ടിഫിക്കറ്റ് തിരിച്ചെടുത്ത ശേഷം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ടു നിക്ഷേപ തുകയും ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും തട്ടിയെടുത്തുവെന്നാണ് പരാതി.

ബാങ്കിലെ പ്രധാനജീവനക്കാരനായതിനാലും എല്ലാ ഇടപാടുകളും പ്രവീൺ മുഖേനെയേ നടക്കൂവെന്നതിനാലും ഇയാൾ പറഞ്ഞത് നിക്ഷേപകർ വിശ്വസിക്കുകയായിരുന്നു. ഇതുകാരണമാണ് പലർക്കും പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. കണ്ണൂർ ചാലയിലെ ഒരു വീട്ടിലെ മാത്രം മൂന്നു പേരുടെ അൻപതു ലക്ഷത്തിന് മുകളിൽ സ്ഥിരനിക്ഷേപവും സ്വർണാഭരണവും ഇയാൾ തട്ടിയെടുത്തതിൽപ്പെടും. സർക്കാർ സർവീസിലുള്ള ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ആനുകൂല്യങ്ങളടക്കമുള്ള സംഖ്യയാണ് ഇവർ ബാങ്കിൽ നിക്ഷേപിച്ചത്. 2022-ജൂലായ് മാസത്തിൽ നിക്ഷേപിച്ച തുകയിൽ കുറച്ചു തുക പിൻവലിക്കാൻ പോയപ്പോഴാണ് ഇവർ പോലും അറിയാതെ കാടാച്ചിറ സർവീസ് സഹകരണബാങ്കിൽ നിക്ഷേപിച്ച തുക പിൻവലിച്ചതായി അറിയുന്നത്.

ബാങ്ക് അധികൃതർക്ക് പിന്നീട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ നിക്ഷേപകരുടെ വ്യാജ ഒപ്പിട്ടു പ്രവീൺ പനോന്നേരി 2019-ൽ തന്നെ പ്രസ്തുത തുകകളെല്ലാം പിൻവലിച്ചതായി വ്യക്തമായി. ബാങ്കിൽ 1,75,000 ഒരിക്കൽ സ്ഥിരനിക്ഷേപമിട്ടതിന് തുകയ്ക്കു സമാനമായ സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെങ്കിലും ബാങ്കിന്റെ വരവിൽ തുകയുടെ അവസാനപൂജ്യം ഒഴിവാക്കി 17,500 രൂപ മാത്രം കാണിച്ചു അവശേഷിക്കുന്ന ഭീമമായ സംഖ്യ പ്രവീൺ കൈക്കലാക്കിയതായും പരാതിയുണ്ട്.

ഈക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടും ബാങ്കിൽ നിക്ഷേപിച്ച തുക നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും ബാങ്ക് അധികൃതർ ഒഴിഞ്ഞുമാറുകയാണെന്നാണ് നിക്ഷേപകരുടെ പരാതി. ബാങ്കിൽ നിക്ഷേപിച്ച തുകയ്ക്ക് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഇപ്പോഴത്തെ ജീവനക്കാരുടെയും ഭരണസമിതിയുടെയും നിലപാട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് കാടാച്ചിറ സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. കുറ്റാരോപിതനായ പ്രവീണിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ, പ്രധാനസുഹൃത്തുക്കൾ എന്നിവരടക്കമുള്ള ചിലരുടെ തുകതട്ടിയെടുത്തതു മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ എത്ര നിക്ഷേപകരുടെ തുകനഷ്ടപ്പെടുവെന്ന് വ്യക്തമാവുകയുള്ളൂ.സംഭവം വിവാദമായതോടെ നിക്ഷേപിച്ച തുക പിൻവലിക്കാനായി കൂടുതൽ പേർ ബാങ്കിലെത്തുന്നത് ബാങ്കിന്റെ തുടർപ്രവർത്തനങ്ങൾക്കു തടസമാകുന്നത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സ്വദേശത്തിന് സമീപം സ്ഥിതിചെയ്യുന്നതാണ് കാടാച്ചിറ സഹകരണബാങ്ക്. കരുവന്നൂർ മോഡലിൽ കോൺഗ്രസ് നിയന്ത്രിത സഹകരണബാങ്കിൽ നടന്ന തട്ടിപ്പിൽ പാർട്ടി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും കടുത്ത പ്രതിഷേധമുണ്ട്. ഇവർ ഭരണസമിതിക്കെതിരെ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മൗനം പാലിക്കുകയാണ്.

എന്നാൽ ബാങ്ക് ലോക്കറിലെ സ്വർണവുമായി ബന്ധപ്പെട്ടു ക്രമക്കേട് നടന്നുവെന്ന ആരോപണം തെറ്റാണെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതു കെട്ടിച്ചമച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുന്മാനേജർ പ്രവീൺ പാനോന്നരി പറഞ്ഞു.