- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഫോൺ റെക്കോഡുകൾ പരിശോധിച്ച് പൊലീസ്:
അടൂർ: കടമ്പനാട് വില്ലേജ് ഓഫീസർ ആയിരുന്ന കെ. മനോജ് ജോലി സ്ഥലത്തെ മാനസിക പീഡനവും സഖാക്കളുടെ സമ്മർദവും കാരണം ജീവനൊടുക്കിയെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം ശക്തമായി. സർവീസ് സംഘടനകളും കോൺഗ്രസും ബിജെപിയും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നു. കടമ്പനാട്ടെ സിപിഎം നേതാക്കളുടെ പങ്ക് അടുത്ത ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞതിനെ തുടർന്ന് പൊലീസും ജാഗരൂകരാണ്. മനോജിന്റെ രണ്ടു ഫോണിന്റെും വിളികളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിനിടെ കാണാനില്ലെന്ന് ബന്ധുക്കൾ ആരോപിച്ച മനോജിന്റെ ഔദ്യോഗിക ഫോൺ വീട്ടിൽ നിന്ന് ലഭിച്ചു. ഇതും പൊലീസിന് കൈമാറിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് പള്ളിക്കലിലെ സ്വന്തം വീട്ടിൽ മനോജ് തൂങ്ങി മരിച്ചത്. രാവിലെ വന്ന ഒരു ഫോൺ കാളിന് ശേഷമാണ് മനോജ് അസ്വസ്ഥനായതും ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകും. സഖാക്കളുടെ ഭീഷണി മനോജിന് ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സഖാക്കളുടെ ഭീഷണി കാരണം കടമ്പനാട് വില്ലേജ് ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
കടമ്പനാട് വില്ലേജ് ഓഫീസറുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് കടമ്പനാട് , മണ്ണടി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. സിപിഎം നേതാക്കന്മാരുടെ ഭീഷണി മൂലം മാനസിക സംഘർഷത്തിൽപ്പെട്ട വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്തതാണെന്നും അതിന് കാരണക്കാരായ ആളുകളെ കണ്ടെത്തുവാൻ സിബിഐ അന്വേഷണം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂവെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കടമ്പനാട് വലിയപള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കടമ്പനാട് ജംഗ്ഷനിൽ സമാപിച്ചു . തുടർന്നു നടന്ന പ്രതിഷേധയോഗം കെപിസിസി മുൻ നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജീ മാമ്മൻ അധ്യക്ഷത വഹിച്ചു. എം.ജി. കണ്ണൻ, എസ്. ബിനു, എം.ആർ .ജയപ്രസാദ്, മണ്ണടി പരമേശ്വരൻ, ജി മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് തോമസ്, പ്രസന്ന കുമാർ, സാറാമ്മ ചെറിയാൻ,ഘ. ഉഷാകുമാരി, അഡ്വ.ഷാബുജോൺ, ഷിബുബേബി, സുരേഷ് കുഴുവേലിൽ , മണ്ണടി മോഹനൻ, കെ.രവീന്ദ്രൻ പിള്ള, അനൂപ് മോഹൻ, വൈഷണവ് രാജീവ്, രഞ്ജിനി സുനിൽ, ശ്രീദേവി ബാലകൃഷ്ണൻ, ആശാ ജിജി, സരളാലാൽ, ലില്ലി രാജു, സാനു തുവയൂർ, ബാലകൃഷ്ണൻ, ജോയി തെക്കേവീട്ടിൽ, ജോസ് പി. ജോൺ, ജോൺ. സി. ശാമുവേൽ, സാബു പാപ്പച്ചൻ, ജെറിൻ ജേക്കബ്, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി കടമ്പനാട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു കടമ്പനാട്, മണ്ണടി പ്രദേശങ്ങളിൽ മണ്ണ് മാഫിയയുടെ സമ്മർദത്തിന് വില്ലേജ് ഓഫീസർ വഴങ്ങാതിരുന്നത് സംബന്ധിച്ച്
ഭരണകക്ഷിയുടെ ഏരിയ, ലോക്കൽ നേതാക്കന്മാരുടെ ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെയാണ് വില്ലേജ് ഓഫീസർ ആത്മഹത്യചെയ്തതെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ പട്ടിക ജാതിയിൽപെട്ട ആൾ കൂടിയായ വില്ലേജ് ഓഫീസർക്കെതിരെയുണ്ടായ കടുത്ത മാനസിക പീഡനവും ഭീഷണിയും അതീവ ഗൗരവമാർന്നതും ഡിവൈ.എസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കേണ്ടതുമാണ്. ഒരു വില്ലജ് ഓഫീസർ സമാധാനപരമായി പ്രവർത്തിക്കുവാൻ കഴിയാത്ത വിധത്തിൽ ജോലിഭാരം വർധിപ്പിച്ച് കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കിയ സംസ്ഥാന ഭരണ നേതൃത്വവും ഇതിന് സമാധാനം പറയേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎമ്മിന്റെ ലോക്കൽ നേതാക്കന്മാർ പരസ്യമായി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. സത്യസന്ധതയോടെയും നിഷ്പക്ഷമായും ജോലി ചെയ്ത വില്ലേജ് ഓഫീസർ മനോജിന്റെ മരണത്തിൽ യോഗം അനുശോചിച്ചു. ഏരിയ പ്രസിഡന്റ് രാജീവ്, സെക്രട്ടറി അജയകുമാർ, അഡ്വ. രാജു മണ്ണടി, മണ്ഡലം വൈസ് പ്രസിഡന്റ് അജീവിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.
കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് എൻ.ജി.ഓ സംഘ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാവിന്റെ രാഷ്ട്രീയ സമ്മർദ്ദവും, ഫോണിലൂടെയുള്ള ഭീഷണിയും മൂലമാണ് വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്തതെന്നും മനോജിന്റെ ഔദ്യോഗിക മൊബൈൽ ഫോൺ എടുത്തു കൊണ്ടു പോയത് ഏറെ ദുരൂഹമാണെന്നുമുള്ള കുടുംബത്തിന്റെ ആരോപണം ഗൗരവകരമാണ്. ഭരണ സ്വാധീനം ഉപയോഗിച്ചുള്ള ശിപാർശ മൂലം കടമ്പനാട് വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് നിഷ്പക്ഷവും നീതിപൂർവകവുമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ വില്ലേജ് ഓഫീസറുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൻ.ജി. ഒ. സംഘ് ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ് എന്നിവർ ആവശ്യപ്പെട്ടു.