പത്തനംതിട്ട: ഇലന്തൂരിലെ നരബലി പൊലീസ്  കണ്ടെത്തിയത് പഴുതടച്ച അന്വേഷണത്തിലൂടെ. കഴിഞ്ഞ മാസം 26ന് കൊച്ചയിൽനിന്നു പത്മത്തെ കാണാതായതുമുതൽ മകനും സഹോദരിയും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയായിരുന്നു. ഇതുകൊണ്ടാണ് കേസ് കാര്യക്ഷ്മമായി അന്വേഷിച്ചത്. ഇതിനിടെ കിട്ടിയ സിസിടിവി ദൃശ്യം നിർണ്ണായകമായി. ഇതിൽ പിടിച്ച് നീങ്ങിയ പൊലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന രണ്ട് കൊലപാതകങ്ങളാണ്. സാധാരണക്കാരെ കാണാതായാൽ പൊലീസ് കാര്യക്ഷ്മമായി അന്വേഷിക്കില്ലെന്ന പ്രതികളുടെ നിഗമനമാണ് തെറ്റിയത്.

കടവന്ത്ര പൊലീസ് അന്വേഷിച്ചു തുടങ്ങിയ ഈ കേസിൽ ഇന്ന് പത്തനംതിട്ടയിലേയും ആലുവയിലേയും എറണാകുളം സിറ്റിയിലേയും പൊലീസ് മേധവിമാരുടെ നിരീക്ഷണവും ഉണ്ടായി. കടവന്ത്ര പൊലീസിന്റെ യാത്രയാണു കേരളത്തെ ഞെട്ടിച്ച നരബലി പുറത്തു കൊണ്ടു വന്നത്. ഓഗസ്റ്റിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത റോസിലി തിരോധാന കേസ് കൂടിയാണു കടവന്ത്ര പൊലീസിന്റെ അന്വേഷണത്തിലൂടെ പുറത്തു വന്നത്. ദുർമന്ത്രവാദത്തിന്റെ പേരിൽ ചിന്തിക്കാൻ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികൾ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയത്. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി റോസ്ലിയെയും പത്മത്തെയും കൂട്ടിക്കൊണ്ടു പോയത്. ഇലന്തൂരിൽ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണു പൊലീസിന്റെ വിശദീകരണം.

രജിസ്റ്റർ ചെയ്യപ്പെട്ട സാധാരണമായ തിരോധാന കേസാണ് നരബലിയാകുന്നത്.. കൊച്ചിയിൽ ജോലിക്കെത്തിയ ഒരു തമിഴ് സ്ത്രീയുടെ തിരോധാനത്തെക്കുറിച്ചു കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഇലന്തൂരിലെ നരബലിയുടെ ചുരുൾ അഴിച്ചത്. എളംകുളത്തെ വാടക വീട്ടിലാണു തമിഴ്‌നാട് ധർമപുരി സ്വദേശിയായ പത്മം (52) താമസിച്ചിരുന്നത്. പത്മത്തിന്റെ ഭർത്താവും രണ്ടു മക്കളും നാട്ടിലാണ്. 10 വർഷത്തിലേറെയായി ഇവർ കേരളത്തിലാണ് താമസം. 6 മാസമായി എറണാകുളം അമ്മൻകോവിൽ റോഡ്, ചിറ്റൂർ റോഡ് ഭാഗങ്ങളിൽ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ഇടയ്ക്കു മറ്റു ജോലികൾക്കും പോയി.

എല്ലാ ദിവസവും പതിവായി നാട്ടിലേക്കു വിളിക്കുമായിരുന്ന പത്മം 26നു ശേഷം വിളിച്ചില്ല. കലൂരിൽ താമസിക്കുന്ന സഹോദരി പളനിയമ്മയെ പത്മം സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ 26നു ശേഷം അതുമുണ്ടായില്ല. തുടർന്നു പളനിയമ്മ എളംകുളത്തെ പത്മത്തിന്റെ താമസ സ്ഥലത്തെത്തിയെങ്കിലും മുറി പൂട്ടിക്കിടക്കുകയായിരുന്നു. ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്. പിറ്റേന്നു കടവന്ത്ര പൊലീസിൽ പരാതി നൽകി. എന്നും വിളിക്കാറുള്ള അമ്മയെ ഫോണിൽ കിട്ടാതെ വന്നതോടെയാണു മകൻ സെൽവരാജ് ധർമപുരിയിൽനിന്ന് കൊച്ചിയിലെത്തിയത്. പലവഴി അന്വേഷിച്ചിട്ടും വിവരം കിട്ടാതായതോടെ പൊലീസിൽ പരാതി നൽകി. മകന്റെ വരവോടെയാണു പത്മത്തിന്റെ തിരോധാനം അടുപ്പക്കാരും അറിഞ്ഞത്. ലോട്ടറി കച്ചവടം നടത്തുന്ന പത്മം വീട്ടുപണിക്കും പോകുന്നുണ്ട്. കടവന്ത്രയിലെ വാടകമുറിയിൽ ഒറ്റയ്ക്കായിരുന്നു താമസം.

പതിവു രീതിയിൽ തന്നെയായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പത്മത്തിന്റെ മൊബൈൽ ഫോൺ സിഗ്‌നലുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. 26നു രാത്രി മുതൽ ഫോൺ ഓഫ്. അപ്പോൾ ആറന്മുളയിലായിരുന്നു പത്മത്തിന്റെ ഫോൺ. കൊച്ചിയിൽനിന്നു സ്‌കോർപിയോ കാറിൽ ഇവർ കയറിപ്പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതാണു കേസിനു തുമ്പായത്. കാർ എവിടെയൊക്കെ പോയി എന്ന അന്വേഷണം എത്തിയത് ഇലന്തൂരിൽ ഭഗവൽസിങ്ങിന്റെ വീട്ടിലാണ്.

9ന് രാത്രി ഭഗവൽ സിങ്ങിന്റെ അയൽവാസി ജോസ് തോമസിനെ പൊലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് അവിടെനിന്നു ശേഖരിച്ചു. ഇതിൽനിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്‌കോർപിയോ കാർ ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി തന്നെ ആറന്മുള സ്റ്റേഷനിൽനിന്നു 2 പൊലീസുകാരെത്തി അന്വേഷണം നടത്തി. ഭഗവൽ സിങ്ങിന്റെ വീട് നിരീക്ഷണത്തിലാക്കുകയും ചെയ്തു. തിങ്കൾ രാവിലെ ഏഴോടെ കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഭഗവൽ സിങ്ങും ഭാര്യയും.

പൊലീസ് ഇവരെ വീട്ടിനുള്ളിൽ 4 മണിക്കൂറോളം ചോദ്യം ചെയ്തു. തുടർന്ന് രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളും ഇവർ കാണിച്ചുകൊടുത്തു. 12 മണിയോടെ പൊലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ഇന്നലെ രാവിലെ പൊലീസെത്തി. പിന്നാലെ മാധ്യമപ്രവർത്തകർ എത്തിയതോടെയാണു നരബലി നടന്ന വിവരം നാട്ടുകാരറിയുന്നത്.

റോസ്‌ലിയെയും പത്മത്തെയും കാണാതാകുന്നതിനു മുൻപുള്ള അവസാനനാളുകളിൽ അവരുടെ നീക്കങ്ങളെക്കുറിച്ച് അടിമുടി ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭാഗ്യം വിറ്റുനടന്നവർ ലക്ഷപ്രഭുക്കളാകാമെന്ന പ്രതീക്ഷയിലാണ് ഏജന്റിന്റെ വാക്ക് വിശ്വസിച്ച് ഇരുവരും തിരുവല്ലയ്ക്ക് യാത്രയായത്. സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം നൽകാമെന്ന വാഗ്ദാനമാണ് ഇരുവർക്കും ഷാഫി നൽകിയത്. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരുവരും ഇയാളുടെ വലയിലാകുകയായിരുന്നു.

അടുത്ത ബന്ധുക്കൾക്കോ അയൽക്കാർക്കോ ഇതേക്കുറിച്ചു സൂചനകൾ പോലുമുണ്ടായിരുന്നില്ല. തൃശൂർ സ്വദേശി സജീഷിനൊപ്പം കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിക്കാനെത്തിയ റോസ്ലിയെ അടുത്തറിയാൻ വീട്ടുടമ ലീല ജോസിനുപോലുമായില്ല. ദൈവ ഭയത്തോടെ ജീവിച്ചിരുന്ന റോസ്ലിനെക്കുറിച്ച് അവർക്ക് നല്ലതു മാത്രമേ പറയാനുള്ളൂ. പക്ഷേ റോസ്ലിയെ കാണാനില്ലെന്ന മകളുടെ പരാതി കാലടി പൊലീസ് സ്റ്റേഷനിലെത്തിയതോടെ സംശയങ്ങളായി.

വൻതുക വാഗ്ദാനം ചെയ്ത് മുഹമ്മദ് ഷാഫി റോസ്ലിനെ വലയിലാക്കിയത് പങ്കാളി സജീഷും അറിഞ്ഞില്ല. ചങ്ങനാശേരിയിലെ ബന്ധുവീട്ടിൽ പോകുന്നെന്നായിരുന്നു റോസ്ലി സജീഷിനെ പറഞ്ഞു വിശ്വസിപ്പിച്ചത്. റോസ്ലിയെ കാണാനില്ലെന്ന് സജീഷ് പറയുമ്പോഴാണ് അന്വേഷിച്ചിറങ്ങിയതെന്നു മകൾ മഞ്ജു പറയുന്നു.