സുൽത്താൻ ബത്തേരി: വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ കേസിൽ കലാഭവൻ സോബി ജോർജ്ജ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്. വയനാട്ടിൽ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത് സോബി ജോർജ്ജ് പതിവാക്കിയ വ്യക്തിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സ്വിറ്റ്‌സർലാന്റ് അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. പുൽപ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസിന്റെ നടപടി. പുൽപ്പള്ളി സ്വദേശിനിക്ക് സ്വിറ്റസർലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് മൂന്ന് വർഷം മുമ്പ് സോബി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. സമാനരീതിയിൽ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ നാലും അമ്പലവയൽ സ്റ്റേഷനിൽ ഒരു കേസുമടക്കം ജില്ലയിൽ ആറ് കേസാണ് സോബിക്കെതിരെയുള്ളത്.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയിൽ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചേക്ക് കേസുകളിലും സോബി പ്രതിയാണ്. വയനാട്ടിൽ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാൾ തട്ടിയതായാണ് നിഗമനം. ഇയാൾ സഞ്ചരിച്ചിരുന്ന ബെൻസ് കാറും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. എസ്‌ഐ കെ.വി. ശശികുമാർ, സീനിയർ സി.പി.ഒ കെ.എസ് അരുൺജിത്ത്, സി.പി.ഒമാരായ വി.ആർ അനിത്, എം. മിഥിൻ, പി.കെ. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സോബിയെ പിടികൂടിയത്.

അതേസമയം, ബാലഭാസ്‌കർ കേസുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ താൻ ഉറച്ചുനിൽക്കുന്നതായും കഴിഞ്ഞദിവസം സിബിഐക്ക് മൊഴി നൽകിയതിന്റെ പരിണിതഫലമാണ് നിലവിലെ കേസുകളെന്നും സോബി പ്രതികരിച്ചു. കോടതിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് സോബി ഇക്കാര്യം പറഞ്ഞത്. കണ്ടകാര്യങ്ങൾ ഓർത്തിരിക്കുന്നതിനാൽ ഇങ്ങനെ കുറേ കലാപരിപാടികൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്‌കർ കേസിൽനിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ നടൻ കലാഭവൻ സോബി ജോർജിനു മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചിരുന്നു. കൊച്ചി മജിസ്‌ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. സോബിയുടെ കൂട്ടാളി ഇടക്കൊച്ചി സ്വദേശി പീറ്റർ വിൽസണും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇരുവരും. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാകാതിരുന്നതിനാണു നടപടി.

ഇരുവരുടെയും അപേക്ഷയിൽ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്. അഞ്ചു വർഷം വരെയുള്ള തടവു ശിക്ഷകൾക്ക് അപ്പീൽ അപേക്ഷയിൽ കോടതി സ്റ്റേ അനുവദിക്കുന്നതാണു പതിവ്. 2014ൽ ഇടക്കൊച്ചി സ്വദേശിയിൽനിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.