പത്തനംതിട്ട :കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിശദീകരണവും മാപ്പപേക്ഷയുമായി കേസിലെ പ്രതി റിവ തോളൂർ ഫിലിപ്പ് രംഗത്ത് വന്നു. ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. ഇതിനിടെ എസ്ഡിപിഐ നൽകിയ കേസുമായി ബന്ധപ്പെട്ട് റിവയെ കോഴഞ്ചേരി തെക്കേമലയിലെ വീട്ടിൽ നിന്ന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തെ തുടർന്നാണ് എസ്ഡിപിഐക്കെതിരെ പോസ്റ്റിട്ടത് എന്ന് റിവ പോസ്റ്റിൽ പറയുന്നു. പിന്നീടാണ് സ്ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിനെന്നയാളാണെന്ന് അറിഞ്ഞത്. പിന്നാലെ പോസ്റ്റുകൾ റിമൂവ് ചെയ്തു. തന്റെ പോസ്റ്റിന് പിന്നിൽ ഒരു മതത്തെയും അധിക്ഷേപിക്കാനാ മതസ്പർദ്ധ പരത്താനുമുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റിവ ഫിലിപ്പ് പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'കഴിഞ്ഞ ദിവസം കളമശേരിയിൽ നടന്ന ബോംബ് സ്ഫോടനം സംബന്ധിച്ച് തെറ്റായ ഒരു അഭിപ്രായം ഞാൻ ഫേസ്‌ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. പെട്ടന്നുണ്ടായ ഒരു വികാരവിക്ഷോഭത്തിൽ എസ്ഡിപിഐയെ കുറ്റപ്പെടുത്തി ആയിരുന്നു അത് ചെയ്തത്. അതിനെ തുടർന്ന് എനിക്കെതിരെ പത്തനംതിട്ട ജില്ലാ പൊലീസിൽ എസ്ഡിപിഐ പരാതി നൽകുകയുണ്ടായി.

പിന്നീട് വൈകുന്നേരം കളമശേരിയിൽ സ്ഫോടനം നടത്തി നിരപരാധികളെ കൊന്നത് ഡൊമിനിക് മാർട്ടിൻ എന്ന് പേരുള്ള ഒരാൾ ആണെന്ന് അറിയാൻ കഴിഞ്ഞു. അതിനെ തുടർന്ന് ഞാൻ ആ പോസ്റ്റുകൾ റിമൂവ് ചെയ്യുകയാണ് ഉണ്ടായത്.

ഞാൻ എഴുതിയത് ഒരു മതത്തെയും അധിക്ഷേപിക്കാനോ മതസ്പർദ്ധ പരത്തുവാനോ ഉള്ള ലക്ഷ്യം അല്ലായിരുന്നു. പെട്ടന്നുള്ള ഒരു വികാരത്തിന്റെ പുറത്തു സംഭവിച്ചതാണ്.

ഞാൻ എഴുതിയ തെറ്റായ പോസ്റ്റ് / അഭിപ്രായം മൂലം സഹോദര മത വിശ്വാസികൾക്കോ, സംഘടനകൾക്കോ പ്രവർത്തകർക്കോ ഉണ്ടായ വിഷമങ്ങൾക്കു ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. മാപ്പു അപേക്ഷിക്കുന്നു. ഇനി എന്റെ ഭാഗത്തു നിന്നും ഇത്തരം വീഴ്ചകൾ ആർക്കെതിരെയും ഉണ്ടാകില്ല എന്ന് അറിയിക്കുന്നു.

എസ്ഡിപിഐ എന്ന സംഘടനക്ക് ഈ ബോംബ് സ്ഫോടനവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞാൻ മനസിലാക്കുന്നു. മാത്രമല്ല അവർ കേരളത്തിലെ പല ജില്ലകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെന്നു മനസിലാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജനങ്ങളും, മതരാഷ്ട്രീയ വ്യത്യാസം മറന്നു ഒന്നിച്ചു നിൽക്കണമെന്നും മത സൗഹാർദ്ദം ഇവിടെ നിലനിൽക്കണമെന്നും ഞാൻ ആഗ്രിഹിക്കുന്നു.

അറിഞ്ഞോ, അറിയാതെയോ എന്റെ ഭാഗത്തു നിന്ന് വന്നു പോയ വീഴ്ചകൾ എന്നോട് ക്ഷമിക്കണമേ എന്ന് ഒരിക്കൽ കൂടി നിങ്ങളോടു അപേക്ഷിക്കുന്നു.'