- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരിയിൽ ബോംബ് വച്ചത് താൻ; യഹോവ സാക്ഷികളുടെ കൺവൻഷൻ സെന്ററിലെ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കീഴടങ്ങൽ; നാടകീയ സംഭവങ്ങളുണ്ടായത് തൃശൂരിലെ കൊടകര സ്റ്റേഷനിൽ; നീലക്കാറിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ കീഴടങ്ങൽ; യഥാർത്ഥ അക്രമിയാണോ എന്ന് അറിയാൻ പൊലീസ് അന്വേഷണം
തൃശൂർ: കളമശ്ശേരിയിൽ ബോംബ് വച്ചത് താനാണെന്ന് അവകാശപ്പെട്ട് ഒരാൾ തൃശൂർ പൊലീസിന് മുമ്പിൽ കീഴടങ്ങി. കൊടകര പൊലീസ് സ്‌റ്റേഷനിലാണ് നാടകീയ രംഗങ്ങൾ. താനാണ് ബോംബ് വച്ചതെന്ന് സ്‌റ്റേഷനിലേക്ക് കയറി വന്ന് അറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അക്രമിയാണോ അതോ മാനസിക പ്രശ്‌നമുള്ള ആളാണോ ഇയാളെന്നും പൊലീസ് തിരക്കുന്നുണ്ട്. നീലക്കാറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊച്ചി സ്വദേശിയാണ് കളമശ്ശേരിയിൽ നിന്നും എത്തിയെന്ന അവകാശ വാദവുമായി കൊടകരയിൽ എത്തിയത്. ഇതിന് അപ്പുറത്തേക്കുള്ള വിവരങ്ങളൊന്നും പൊലീസ് പങ്കുവയ്ക്കുന്നില്ല. ഇയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് പോലും പൊലീസ് പരിശോധിക്കുന്നു. തെളിവുകൾ വിശദമായി വിലയിരുത്തി മാത്രമേ ഇയാളുടെ പങ്കു പോലും സ്ഥിരീകരിക്കൂ.
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നീല കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരാൾ അവകാശ വാദവുമായി എത്തിയത്. പ്രാർത്ഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറായിരിക്കാം എന്നാണു നിഗമനം. നീലക്കാറിന്റെ രജിസ്‌ട്രേഷൻ നമ്പറും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണത്തിലാണ്. എൻ ഐ എ അന്വേഷണം ഏറ്റെടുത്തേക്കും.
പ്രാർത്ഥനാ യോഗം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാൻ പ്രധാന കാരണം. സിസിടിവി കേന്ദ്രീകരിച്ച് വിശദ അന്വേഷണം നടത്തുന്നുണ്ട്. അതിവിദഗ്ധമായാണ് ബോംബ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു തവണ സ്ഫോടനമുണ്ടായി. ടിഫിൻ ബോക്സിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം ഇപ്പോൾ നടക്കുന്നത്. കളമശേരിയിലേത് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. സംഭവം മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.
കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺവെൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർത്ഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ