കാളികാവ്: മലപ്പുറം കാളികാവിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കും ആക്രമണം. കാളികാവിൽ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം അച്ഛനിൽ നിന്നുണ്ടാകുന്നു. ദിവസങ്ങൾക്ക് മുമ്പ് അച്ഛന്റെ മർദ്ദനമേറ്റ് ഒരു കുട്ടി ഇവിടെ മരിച്ചിരുന്നു. അതിന്റെ വേദന മാറും മുമ്പാണ് വീണ്ടും അതിക്രമം.

രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് കാളികാവ് ചാഴിയോടിലെ തൊണ്ടിയിൽ ജുനൈദി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൂര ആക്രമണമാണ് കുട്ടിക്കുണ്ടായതെന്നാണ് സൂചന. ആശുപത്രിയിലെ ഡോക്ടർമാരുടെ ഇടപെടലാണ് കേസ് പൊലീസിന് മുമ്പിലെത്തിച്ചത്.

കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാടുള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ ഉള്ളതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ ഫർഷാനയാണ് സംഭവത്തിൽ പരാതി നൽകിയത്. മാർച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. പൂങ്ങോട് നാലുസെന്റിലെ മാതാവിന്റെ വീട്ടിൽനിന്നും ജുനൈദ് രണ്ടര വയസുള്ള കുട്ടിയെയും ഒരു വയസുള്ള കുട്ടിയേയും ബൈക്കിൽ കയറ്റി കാളികാവ് ചാഴിയോട്ടിലെ വീട്ടിലേക്ക് പോന്നു.

ചെറിയ കുട്ടികളെ ബൈക്കിൽ കയറ്റി പോയപ്പോൾ തന്നെ അപകടഭീതി തോന്നി പൊലീസിൽ വിളിച്ചു പരാതിപ്പെട്ടു. ഒരു മണിക്കൂറിനകം കുട്ടികളുമായി തിരിച്ചെത്തി. രണ്ടര വയസുകാരി തളർന്ന നിലയിലായിരുന്നുവെന്ന് മാതാവും മുത്തശ്ശിയും പറഞ്ഞു. ഉപ്പ മർദിച്ചുവെന്ന് കുട്ടി പറഞ്ഞതിനെ തുടർന്ന് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും കുട്ടിക്ക് വീണ്ടും അവശത തോന്നിയതിനെ തുടർന്ന് കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

പിന്നീട് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു ദിവസമായിട്ട് കുട്ടി മെഡിക്കൽ കോളേജിലെ നാലാം വാർഡിൽ ചികിത്സയിലാണ്. കുട്ടിയുടെ ചുമലിന് താഴെ ഭാഗത്ത് എല്ലിന് പൊട്ടൽ ഉണ്ടെന്നും സൂചനയുണ്ട്. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മർദനമേറ്റ പാടുകളുണ്ടെന്നും മാതാവ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അച്ഛനെ അറസ്റ്റു ചെയ്തത്.