- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്പിളിയും പാറശാല സുനിലും ചേർന്നുള്ള ആസൂത്രണം മദ്യപാനത്തിനിടെ
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ആസൂത്രണം നടത്തിയത് ചൂഴാറ്റുകോട്ട അമ്പിളിയും പാറശാല സുനിലും ചേർന്നുള്ള മദ്യപാനത്തിനിടെ. കൊലയ്ക്ക് ശേഷം കാറുമായി വരുമെന്ന് പറഞ്ഞിരുന്ന സുനിൽ അമ്പിളിയെ ചതിക്കുകയും ചെയ്തു. അതിനിടെ, ദീപുവിനെ കൊലപ്പെടുത്താനുപയോഗിച്ച ബ്ലേഡ് കണ്ടെത്തി. കൊലയ്ക്ക് ശേഷം ബ്ലേഡ് തോട്ടിൽ കളഞ്ഞതാണെന്ന് അമ്പിളി പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവിന്റെ ഭാര്യയുടെ മൊഴിയെടുപ്പ് പൂർത്തിയായിട്ടുണ്ട്. കളിയിക്കാവിള സ്റ്റേഷനിൽ വച്ചായിരുന്നു മൊഴിയെടുപ്പ്.
കൊലപാതകം നടന്നത് പണം തട്ടാനെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട ദീപുവിന്റെ കൈയിലുണ്ടായിരുന്ന പണത്തിനുവേണ്ടി നടത്തിയ ആസൂത്രിത കൊലയെന്നാണ് കണ്ടെത്തൽ. കാറിലുണ്ടായിരുന്ന ഏഴര ലക്ഷം രൂപ പ്രതിയായ അമ്പിളിയുടെ വീട്ടിൽ നിന്ന് വീണ്ടെടുത്തു.
നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയിരുന്നു. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി അമ്പിളി കാറിന്റെ പിൻസീറ്റിലിരുന്നാണ് കൊല നടത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിന്റെ കഴുത്ത് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് മുറിച്ചത്. പാറശാല സ്വദേശി സുനിലാണ് സർജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയത്. ഇയാൾ ഒളിവിലാണ്.
മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന അമ്പിളിക്ക് ടീ ഷർട്ടും പാന്റും വാങ്ങി നൽകിയത് സുനിലാണ്. ജെസിബി വാങ്ങാൻ വലിയൊരു തുകയുമായി കോയമ്പത്തൂരിലേക്ക് പോകാനാണ് ദീപു വന്നത്. ജെസിബി ഓപ്പറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം നിൽക്കാമെന്ന് നേരിട്ട് കണ്ടാണ് ദീപുവിനോട് അമ്പിളി പറഞ്ഞത്. കളിയിക്കാവിളയിൽ എത്തിയ ദീപു വാഹനം നിർത്തിയ ശേഷം അമ്പിളിയെ കാത്തുനിന്നു. പിന്നീട് ഇവിടെയെത്തിയ അമ്പിളി കാറിന്റെ പിൻസീറ്റിൽ കയറി ദീപുവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നു.
ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് സുനിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ അമ്പിളി കുഴിതുറയിലെ ഒരു കടയിൽ പോയി ഓട്ടോറിക്ഷ പിടിക്കാൻ സഹായം തേടി. എന്നാൽ അത് ലഭിച്ചില്ല. ഇതോടെ ഇയാൾ നടന്ന് ബസ് സ്റ്റാന്റിൽ പോയി. നേരെ വീട്ടിൽ പോയ പ്രതി ഇവിടെ പണം വച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗിൽ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയിൽ വലിച്ചെറിഞ്ഞു. കത്തിച്ച വസ്ത്രത്തിന്റെ ബാക്കി ഭാഗങ്ങൾ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ പൊലീസ് കണ്ടെത്തി.
എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ദീപുവിന്റെ കാറിൽ നിന്ന് പണം കിട്ടിയില്ലെന്നായിരുന്നു അമ്പിളി ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇത് കളവാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്തിയത്. പണം ഒളിപ്പിക്കാൻ കൂട്ടുനിന്നതിനാൽ അമ്പിളിയുടെ ഭാര്യയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.
ക്രഷർ താത്കാലികമായി പൂട്ടിയതോടെ ഉണ്ടായ കടുത്ത സാമ്പത്തികബാദ്ധ്യത കാരണം ദീപുവാണ് തന്നെ കൊല്ലാൻ ആവശ്യപ്പെട്ടതെന്നാണ് അമ്പിളി പൊലീസിന് മൊഴിനൽകിയത്. തിങ്കളാഴ്ച രാവിലെ അമ്പിളി കളിയിക്കാവിളയിലെത്തി കൊലപാതകം നടത്താനുള്ള സ്ഥലം കണ്ടെത്തി. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ശേഷം രാത്രി 8.30ന് കളിയിക്കാവിളയിൽ ദീപുവിനെ കാത്തുനിന്നു. ദീപു എത്തി അമ്പിളിയെയും കാറിൽ ഒപ്പം കൂട്ടി. പടന്താലുമൂട് ചെക്ക്പോസ്റ്റിനു സമീപം എത്തിയശേഷം കാർ റോഡരികിൽ പാർക്ക് ചെയ്തു. അമ്പിളി ക്ലോറോഫോമും കട്ടർ ബ്ലൈഡും സർജിക്കൽ ബ്ലേഡും കൈയിൽ കരുതിയിരുന്നു.
കാറിന്റെ മുൻവശത്തു നിന്ന് വൃദ്ധൻ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദീപു പുറത്തിറങ്ങി കാറിന്റെ ബോണറ്റ് തുറന്നുവച്ചു. തിരികെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയ ശേഷം സീറ്റ് ബെൽറ്റ് ധരിച്ചു. അമ്പിളി കൈയിൽ കരുതിയിരുന്ന ക്ലോറോഫോം ദീപുവിന് നൽകിയ ശേഷം കട്ടർ ബ്ലേഡുപയോഗിച്ച് കഴുത്തിൽ അറുത്തപ്പോൾ ബ്ലേഡ് ഒടിഞ്ഞു. (ഒടിഞ്ഞ ബ്ലേഡിന്റെ ഭാഗം പൊലീസ് കാറിൽ നിന്ന് കണ്ടെത്തിയിരുന്നു).
തുടർന്ന്, അമ്പിളി കാറിന്റെ മുൻ സീറ്റിൽ നിന്നിറങ്ങി പിൻ സീറ്റിൽ കയറിയ ശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വീണ്ടും കഴുത്തറുത്തു.മരണം ഉറപ്പാക്കിയ ശേഷം സമീപത്തെ മെഡിക്കൽ ഷോപ്പിലെത്തി ജീവനക്കാരോട് ഭാര്യയെ വിളിക്കാൻ ഫോൺ ചോദിച്ചു. വിളിച്ചശേഷം ഭാര്യയുടെ നമ്പർ ജീവനക്കാരെക്കൊണ്ട് ഡിലീറ്റാക്കുകയും ചെയ്തു. അവിടെനിന്ന് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കളിയിക്കാവിളയിൽ എത്തിയ ശേഷം ബസിൽ തിരുവനന്തപുരത്ത് തിരിച്ചെത്തി.