- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കളിയിക്കാവിള കൊലയിൽ ദുരൂഹത തുടരുന്നു; ക്വട്ടേഷൻ സംശയം സജീവം
തിരുവനന്തപുരം: കാറിനുള്ളിൽ ക്വാറി വ്യവസായിയെ കഴുത്തറത്തുകൊലപ്പെടുത്തിയ കേസിൽ ദുരൂഹത തുടരുന്നു. കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു സോമനെ കൊലപ്പെടുത്തിയത് മലയം സ്വദേശി അമ്പിളി(സജികുമാർ) ഒറ്റക്കായിരിക്കില്ലെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്. എന്നാൽ കൊലക്കുറ്റം സമ്മതിച്ച അമ്പിളി കാരണമായി പറയുന്നത് വിചിത്ര മൊഴിയാണ്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊലനടത്തിയതെന്നാണ് മൊഴി. കടബാധ്യത മൂലം ജീവിതം പ്രതിസന്ധിയിലായ ദീപു , കുടുംബത്തിന് ഇൻഷൂറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നാണ് മൊഴി നൽകിയത്. ഇത് പൊലീസ് വിശ്വസിക്കുന്നില്ല.
ഈ മൊഴി അന്വേഷണം വഴി തെറ്റിക്കാനായുള്ള നീക്കമെന്നാണ് പൊലിസ് കരുതുന്നത്. അതിനാൽ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. മറ്റൊരാളേക്കുറിച്ച് കൂടി സൂചന ലഭിച്ചതായും വിവരമുണ്ട്. ഇതിനിടെ അമ്പിളിയുടെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് അമ്പിളി തുടക്കം മുതൽ നൽകുന്നത്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്ന വിചിത്രമൊഴിയാണ് ഇയാൾ ആദ്യം നൽകിയത്. വാഹനത്തിലുണ്ടായിരുന്ന പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇയാൾ പറഞ്ഞു.
ഞായറാഴ്ച ക്രഷർ യൂണിറ്റിലെത്തി അമ്പിളി ദീപുവിനെ കണ്ടിരുന്നതായി പൊലീസിനു തെളിവു ലഭിച്ചതായി അറിയുന്നു. ഗുണ്ടാപ്പിരിവ് ചോദിച്ചാണ് അമ്പിളി എത്തിയതെന്നും കരുതുന്നു. പക്ഷേ, യാത്രകളിലൊന്നും കൂടെ കൊണ്ടു പോകാത്ത അമ്പിളിയെ 10 ലക്ഷം രൂപയുമായുള്ള യാത്രയിൽ എന്തിന് ദീപു കൂടെക്കൂട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്. കരൾ രോഗവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുള്ള അമ്പിളിക്ക് ഒറ്റയ്ക്ക് കൊല നടത്താനാകുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പൊലീസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നതെന്നാണ് സംശയം. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ സംഘത്തെ രക്ഷിക്കാനാണ് ഇങ്ങനെ മൊഴിമാറ്റുന്നതെന്നും പൊലീസ് കരുതുന്നു. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ താൻ എടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ സജികുമാർ, പിന്നീട് മാറ്റിപ്പറഞ്ഞു. പണം എടുത്തതായും അഞ്ചുലക്ഷം വീട്ടിലുണ്ടെന്നും സമ്മതിച്ചു. പണം വീട്ടിലുണ്ടെന്ന് ഇയാളുടെ ഭാര്യയും ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ പരിശോധനയ്ക്ക് തമിഴ്‌നാട് പൊലീസ് സംഘം മലയത്തെ ഇവരുടെ വീട്ടിലെത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് മടങ്ങുകയായിരുന്നു.
ദീപുവിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ദീപുവിന്റെ അച്ഛൻ ക്വാറി നടത്തിയിരുന്ന കാലം മുതലുള്ള ബന്ധം ഇപ്പോഴും തുടരുകയായിരുെന്നന്നും സജികുമാർ പറഞ്ഞു. ആഴ്ചയിൽ ഒരുദിവസമെങ്കിലും ദീപുവുമായി ബന്ധപ്പെടാറുള്ളതായും മണ്ണുമാന്തിയന്ത്രങ്ങളുടെ സെക്കന്റ് ഹാൻഡ് പാർട്സിന്റെ വില്പനയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ബന്ധമെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞിട്ടുള്ളത്. രണ്ടു കൊലക്കേസുകളിൽ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അമ്പിളിയെന്ന് പൊലീസ് പറഞ്ഞു. മൊട്ട അനിയെന്ന ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അമ്പിളി. ഇതേ കേസിലെ മറ്റൊരു പ്രതിയായ പാറശാല ബിനുവിന് പാമാംകോട് സുരക്ഷിത താവളമൊരുക്കിയതോടെ അമ്പിളി നഗരത്തിലെ ഗുണ്ടാ സംഘത്തിന്റെ ആളായി.
പല സമയത്തും നഗരത്തിലെ ഗുണ്ടകൾക്ക് ഒളിത്താവളമൊരുക്കിയാണ് ബന്ധം വളർത്തിയത്. 2011ൽ ചൂഴാറ്റുകോട്ടയിൽ വച്ച് തങ്കൂട്ടനെ ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2015നു ശേഷം അമ്പിളി സജീവമല്ലെന്നും ഗുരുതര കരൾരോഗ ബാധിതനെന്നുമാണു പൊലീസ് പറയുന്നത്. ചൂഴാറ്റുകോട്ട അമ്പിളിയെന്ന വിളിപ്പേരിൽ 3 പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളിൽ സജീവാണ് അമ്പിളി. ഗുണ്ടാ കുടിപ്പകയുടെ ഭാഗമായാണ് 2013ൽ മൊട്ട അനി എന്ന എതിരാളിയെ വെട്ടിക്കൊന്നത്.
6 വർഷത്തോളമായി അമ്പിളിക്കെതിരെ പുതിയ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു. പണമിടപാടുകൾ നടത്തിയാണ് അടുത്ത കാലത്ത് ഇയാൾ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന പല കേസുകളിലും ശിക്ഷ അനുഭവിക്കുകയോ എഴുതിത്ത്ത്ത്തള്ളുകയോ ചെയ്തതോടെ ഇപ്പോൾ വളരെ ചുരുങ്ങിയ കേസുകൾ മാത്രമാണ് അമ്പിളിക്കെതിരെ നിലവിലുള്ളതെന്നും പൊലീസ് പറഞ്ഞു.