- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചിന്നദുരൈയ്ക്ക് പിന്നിൽ വമ്പൻ മാഫിയ?
ചെന്നൈ: തമിഴനാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ പ്രതിഷേധം വ്യാപകം. ദുരന്തത്തിൽ 52 പേർ കൊല്ലപ്പെട്ടു. തമിഴ്‌നാട് നിയമസഭയിലും പ്രതിഷേധമുണ്ടായി. അണ്ണാ ഡിഎംകെയുടെ അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഇവരെ സഭയിൽ നിന്നും പുറത്താക്കി. അതിനിടെ മദ്യ ദുരന്ത കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. വ്യാജമദ്യം നിർമ്മിച്ച ചിന്നദുരൈയെ കടലൂരിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാൾ. 90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ചികിത്സയിൽ കഴിയുന്ന പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്കു ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോർട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ടയേർഡ് ജഡ്ജിയെ ഏകാംഗ കമ്മിഷനായി തമിഴ്‌നാട് സർക്കാർ നിയോഗിച്ചിട്ടുണ്ട്. സർക്കാർ വിതരണം ചെയ്യുന്ന മദ്യത്തിന് വില കൂടുതലാണ്. അതുകൊണ്ടാണ് തമിഴ്‌നാട്ടിൽ വ്യാജമദ്യം നിറഞ്ഞതെന്നാണ് ഉയരുന്ന ആരോപണം. അറസ്റ്റിലായ ചിന്നദുരൈയ്ക്ക് പിന്നിൽ വൻ മാഫിയ ഉണ്ടെന്നാണ് ആരോപണം.
കടലൂരിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ചിന്നദുരൈയെ അറസ്റ്റ് ചെയ്തത്. വിഷമദ്യം നിർമ്മിച്ചത് ഇയാളാണെന്ന് സിബിസി ഐഡി കണ്ടെത്തി. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. വിഷമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ള ഒരാൾ എങ്ങനെ ജയിലിന് പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
മെഥനോൾ കലർത്തിയ മദ്യമാണു കള്ളക്കുറിച്ചിയിൽ ഒട്ടേറെപ്പേരുടെ ജീവനെടുത്തത്. വ്യാജവാറ്റ് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് മെഥനോൾ കലർത്തിയ മദ്യം ഉപയോഗിക്കുമ്പോഴുണ്ടാകുക. ലഹരിപാനീയങ്ങളിൽ എഥനോൾ ഉപയോഗിക്കാൻ മാത്രമാണ് അനുമതിയുള്ളത്. ഉയർന്ന അളവിൽ മെത്തനോൾ ശരീരത്തിൽ പ്രവേശിക്കുന്നത് ആദ്യം ബാധിക്കുക ദഹനത്തിനെയാണ്. വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും. തുടർന്ന് നാഡീപ്രവർത്തനങ്ങൾ തകരാറിലാകുകയും നുരയോടു കൂടി ഛർദിക്കാൻ തുടങ്ങുകയും ചെയ്യും. പിന്നാലെ ശ്വാസതടസ്സം ഉണ്ടാകുകയും മസ്തിഷ്‌കത്തെ ബാധിക്കുകയും ചെയ്യും.
തുടർന്ന്, തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതോടെ കാഴ്ച മങ്ങൽ, ബോധക്ഷയം എന്നിവ സംഭവിക്കും. ഇതെല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിലാണ് സംഭവിക്കുകയെന്നും ഡോക്ടർമാർ പറയുന്നു. കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെ മരിച്ചവരെല്ലാം സമാനമായ രോഗലക്ഷണങ്ങളാണു പ്രകടിപ്പിച്ചത്. സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റിയിരുന്നു സർക്കാർ. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു.
എസ്‌പി സമയ്സിങ് മീനയെ സസ്പെൻഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.