- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രമക്കേടിന് തെളിവായി രേഖ കിട്ടിയപ്പോൾ മകനും സംശയ നിഴലിൽ ഇഡി; കിംസിലുള്ള ഭാസുരാംഗനെ ഡിസ്ചാർജ്ജ് ചെയ്താൽ ഉടൻ കസ്റ്റഡിയിൽ എടുക്കാൻ സാധ്യത. റെയ്ഡ് നീണ്ടത് 40 മണിക്കൂർ; കണ്ടലയിൽ തട്ടിപ്പ് പണത്തിന്റെ വിഹിതം വാങ്ങിയവർ എല്ലാം കുടുങ്ങും
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നടന്ന ഇഡി പരിശോധന നീണ്ട 40 മണിക്കൂറിന് ശേഷം അവസാനിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന്റെ വൻ നിക്ഷേപങ്ങളിലെ രേഖകളിൽ സംശയം തോന്നിയതിനാൽ ഉദ്യോഗസ്ഥരെ ഇഡി വിശദമായി ചോദ്യം ചെയ്തു. മൂന്ന് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെ പുലർച്ച അഞ്ചര മണി മുതൽ വിവിധ സ്ഥലങ്ങളിൽ തുടങ്ങിയ റെയ്ഡ് 40 മണിക്കൂറിന് ശേഷമാണ് പൂർത്തിയാക്കിയത്. ആദ്യ ദിനം പകൽ മുഴുവൻ പൂജപ്പുരയിലെ വീട്ടിൽവച്ചായിരുന്നു ഭാസുരാംഗന്റെ ചോദ്യം ചെയ്യൽ. രാത്രിയോടെ മാറനല്ലെൂരിലെ വീട്ടിലേക്ക് ഭാസുരാംഗനെ ഇഡി കൊണ്ടുപോയി. ഇവിടെ വെച്ചുള്ള ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാംഗനെ ഇന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൈക്ക് തരിപ്പുണ്ടായെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇഡി ചികിത്സയ്ക്ക് അനുമതി നൽകിയത്.
നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്. രാവിലെയാണ് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഭാസുരാംഗനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും നിരീക്ഷണത്തിനാണ് നിർദ്ദേശം. എപ്പോൾ ആശുപത്രി വിടുമെന്നതിനെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നില്ല. ഇഡി ഉദ്യോഗസ്ഥരും ആശുപത്രിയിൽ തുടരുകയാണ്. ആശുപത്രിയിൽ നിന്നും മോചിപ്പിച്ചാൽ ഉടൻ ഭാസുരാംഗനെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ട്.
ഭാസുരാംഗന്റെ മകൻ അഖിൽജിത്തിനെ കസ്റ്റഡിയിലെടുത്തു കൊച്ചിയിലെത്തിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. മകന്റേയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും. തട്ടിപ്പിൽ ഇയാൾക്കും പങ്കുണ്ടെന്ന് ഇ.ഡി നൽകുന്ന സൂചന.ബാങ്കിലടക്കം ബുധനാഴ്ച പുലർച്ചെയാണ് പരിശോധന തുടങ്ങിയത്. ഇ.ഡി കസ്റ്റഡിയിലായതോടെ ഭാസുരാംഗനെ സിപിഐയിൽ നിന്നും മിൽമ തിരുവനന്തപുരം യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്നും പുറത്താക്കി. ഭാസുരാംഗന് നൽകിയിരുന്ന ഇന്നോവ കാർ മിൽമ തിരിച്ചെടുത്തു.
ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ, ഇവയ്ക്കുള്ള ഈടുകൾ തുടങ്ങിയവ ഇ.ഡി പരിശോധിച്ചു. ക്രമക്കേടിന്റെ രേഖകൾ കിട്ടിയതായാണ് വിവരം. ഭാസുരാംഗന്റെയും അഖിലിന്റെയും 4ഫോണുകളും കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തു. അഖിൽജിത്തുമായി ബാങ്ക് ശാഖകളിൽ തെളിവെടുത്തു. ഇയാളുടെ ആഡംബരകാറിന്റെ രേഖകളും പിടിച്ചെടുത്തു
മാറനല്ലൂർ ബ്രാഞ്ചിലെ ലോക്കറുകൾ പരിശോധിക്കാനെത്തിയപ്പോൾ താക്കോലുകൾ മാറ്റിയിരുന്നു. പുറമെനിന്ന് ആളെയെത്തിച്ച് അഖിലിന്റെ സാന്നിദ്ധ്യത്തിൽ ലോക്കർ തുറന്നു. ഇതിലെ രേഖകൾ മാറ്രിയതായി ഇ.ഡി സംശയിക്കുന്നു. കൊച്ചി, മുംബയ് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥർ ഇന്നലെയെത്തി.ബാങ്ക് മുൻ സെക്രട്ടറിമാരായ എസ്.ശാന്തകുമാരി, എം.രാജേന്ദ്രൻ, കെ.മോഹനചന്ദ്രകുമാർ, മാനേജർ എസ്.ശ്രീഗാർ, അപ്രൈസർ കെ.അനിൽകുമാർ എന്നിവരുടെ വീടുകളിലും ഭാസുരാംഗന്റെ രണ്ടു വീടുകളിലുമടക്കമായിരുന്നു പരിശോധന.
ബാങ്ക് പ്രസിഡന്റായിരിക്കെ, 2006ലാണ് കോൺഗ്രസിൽ നിന്ന് ഭാസുരാംഗൻ സിപിഐയിലെത്തിയത്. അതോടെ ബാങ്ക് ഭരണം സിപിഐയിലെത്തി. തട്ടിപ്പ് പുറത്തായപ്പോൾ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. തട്ടിപ്പിനെക്കുറിച്ച് 64 എഫ്.ഐ.ആറുണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ഒരു മന്ത്രിയും ഉന്നതരായ ചില ഭരണകക്ഷി നേതാക്കളും തട്ടിപ്പുപണത്തിന്റെ വിഹിതം കൈപ്പറ്റിയെന്ന് ബി.ജെപി ആരോപിച്ചിട്ടുണ്ട്. ഇതും ഇഡി അന്വേഷിക്കും.




