കൊച്ചി: കണ്ടല ബാങ്കിലെ കള്ളപ്പണ കേസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവരുമ്പോൾ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമാനതകളില്ലാത്ത തട്ടിപ്പ് ഈ ബാങ്കിൽ നടന്നു. മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്.

അജിത് കുമാർ, ശ്രീജിത് തുടങ്ങിയ പേരിൽ ലോൺ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോൺ വിവരം മറച്ചു വെച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഭാസുരാംഗൻ കുടുംബങ്ങളുടെ പേരിലും ലോൺ തട്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തി. 2 കോടി 34 ലക്ഷം രൂപയാണ് കുടുംബങ്ങളുടെ പേരിൽ ബാങ്കിൽ നിന്ന് എടുത്തത്. ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കി വച്ചാണ് തട്ടിപ്പ് നടത്തിയത്. കണ്ടല ബാങ്കിൽ കുടുംബ വാഴ്ചയായിരുന്നു നടന്നത്. ഇതുകൊണ്ടാണ് മകൻ അഖിൽജിത്തിനേയും അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.

ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തും ലോൺ സംഘടിപ്പിച്ചു. 74 ലക്ഷം രൂപ അഖിൽ ജിത്ത് ബാങ്കിൽ നിന്ന് ലോൺ എടുത്തു. ഒരേ വസ്തു ഒന്നിലേറെ ലോണിനായി ഈടാക്കി വച്ചാണ് ലോൺ എടുത്തത്. അഖിൽ ജിത്തിന് വാർഷിക വരുമാനം 10 ലക്ഷം മാത്രമാണെന്ന് ഇ ഡി പറയുന്നു. എന്നാൽ നിരവധി കമ്പനികളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു. ബിആർഎം സൂപ്പർ മാർക്കറ്റ്, ബിആർഎം ട്രെഡിങ് കമ്പനി അടക്കമുള്ളവയിൽ ഇയാൾക്ക് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതെല്ലാം തട്ടിപ്പ് പണം ഉപയോഗിച്ചാണെന്നാണ് വിലയിരുത്തൽ. ചോദ്യം ചെയ്യുന്നതിൽ കൂടുതൽ നേതാക്കൾ അടക്കം കുടുങ്ങുമെന്നാണ് പ്രതീക്ഷ.

അജിത് കുമാർ, ശ്രീജിത്ത് എന്നിവർ ജീവിച്ചിരിക്കാത്ത വ്യക്തികളാണെന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനാകും തുടർ അന്വേഷണത്തിൽ പ്രാധാന്യം നൽകുക. സിപിഎം-സിപിഐ നേതാക്കളും ബാങ്കിൽ നിന്നും അനധികൃതമായി വായ്പ സ്വന്തമാക്കിയിട്ടുണ്ട്. ബന്ധുക്കൾക്കെല്ലാം വഴിവിട്ട് ജോലിയും നൽകി. ഇതെല്ലാം ഇഡി പരിശോധിക്കുന്നുണ്ട്. ഭാസുരാംഗനും കുടുംബവും നടത്തിയത് കോടികളുടെ തട്ടിപ്പെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ പേരുകളിൽ കൂട്ടത്തോടെ ചിട്ടികളിൽ ചേർന്നു വായ്പ തരപ്പെടുത്തി. ബാങ്ക് നഷ്ടത്തിലാണെന്നു പുറത്തറിയാതിരിക്കാൻ രേഖകൾ പൂഴ്‌ത്തി വച്ചതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കണ്ടല സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂർ മോഡൽ തട്ടിപ്പെന്ന് ഇഡി വിലയിരുത്തുന്നു. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നു. കൂടുതൽ അന്വേഷണം നടക്കുന്നതോടെ തുക ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഭാസുരാംഗനെയും മകനെയും കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഭാസുരാംഗൻ പ്രസിഡന്റായ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് ഇ.ഡി പറയുന്നത്. നേരത്തെ 101 കോടി രൂപയുടെ തട്ടിപ്പെന്നാണ് ഇ.ഡി പറഞ്ഞിരുന്നത്.

ഭാസുരാംഗനും ബാങ്ക് ഭരണസമിതി ഭാരവാഹികളും സാമ്പത്തിക തിരിമറിയിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് ഇ.ഡി നടപടി തുടങ്ങിയത്. വായ്പ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം വലിയ ക്രമക്കേട് കണ്ടെത്തി. ഉന്നത നേതാക്കളടക്കം വഴിവിട്ട വായ്പയ്ക്കായി ഇടപെട്ടെന്നും ഇ.ഡി പറയുന്നു.

30 വർഷത്തിലേറെയായി കണ്ടല ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗൻ. ആരോപണങ്ങളെത്തുടർന്ന് ഭരണസമിതി രാജിവെക്കുകയും അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയുമായിരുന്നു.