തിരുവനന്തപുരം: കണ്ടല സഹാകരണ ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന്റെ മകനും ഇഡി റഡാറിലായി. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിനെ ഇഡി വിളിച്ചുവരുത്തി. ബാങ്കിന്റെ ടൗൺ ബ്രാഞ്ചിലേക്കാണ് വിളിച്ചുവരുത്തിയത്. അഖിലിന്റെ പേരിലുള്ള ലോക്കർ തുറന്ന് ഇഡി പരിശോധിച്ചു.

അഖിൽജിത്തിന്റെ വാഹനത്തിന്റെ ആർ സി ബുക്ക് ഇ ഡി പിടിച്ചെടുത്തു. കഴിഞ്ഞദിവസം ഭാസുരാംഗനെ ഇ.ഡി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയിലേക്ക് മാറ്റി. ഭാസുരാംഗന്റെ അസാന്നിധ്യത്തിലും വീട്ടിലെ പരിശോധന തുടരാൻ ഇ.ഡി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ ഉദ്യോഗസ്ഥർ പൂജപ്പുരയിലെ വാടകവീട്ടിൽ നിന്ന് മാറനല്ലൂരിലെ വീട്ടിലെത്തിച്ചു.

ബാങ്കിലെ ലോക്കർ തുറക്കാൻ പറ്റാതിരുന്നതിനാലാണ് അഖിൽജിത്തിനെ വിളിച്ചത്. ലോക്കർ തുറന്നശേഷം കണ്ടല സഹകരണ ആശുപത്രിയിലേക്കും കണ്ടലയിലെ വീട്ടിലേക്കും ഇ.ഡി. ഇയാളെ കൊണ്ടുപോയി. പിന്നാലെ അഖിൽജിത്തിന്റെ ആർ.സി. ബുക്ക് പിടിച്ചെടുക്കുകയായിരുന്നു.

അതിനൊപ്പം ബാങ്കിൽ നടത്തിയ പരിശോധനയിൽ ചില ക്രമക്കേടുകൾ ഇ.ഡി കണ്ടെത്തി. ബാങ്ക് രജിസ്റ്ററിൽ വൻ തിരിമറി നടന്നതായാണ് കണ്ടെത്തൽ. രജിസ്റ്ററിൽ ഒരു കോടിക്ക് മുകളിൽ നിക്ഷേപിച്ചവരുടെ വിവരങ്ങളില്ല. ബാങ്കിലെ പഴയ രജിസ്റ്റർ ബുക്കുകളിൽ ചിലത് മാറ്റിയതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ. ബാങ്കിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്യാനും ഇ.ഡി തീരുമാനിച്ചു.

ഭാസുരാംഗന്റെ ബിനാമി പേരുകളിലുള്ള പണ നിക്ഷേപമാണ് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്ന സംശയത്തിലാണ് ഇ.ഡി. അഖിൽജിത്തിനെ എത്തിച്ച് തുറന്ന ലോക്കറിൽ ഉണ്ടായിരുന്ന ചില രേഖകൾ ഇ.ഡി പരിശോധിക്കും. നേരത്തെ അഖിൽജിത്തിന്റെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ആസ്തിവിവരങ്ങളുടെ രേഖകളിൽ ഏഴരക്കോടിയുടെ പൊരുത്തക്കേട് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അഖിൽജിത്തിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

സിപിഐയിൽ നിന്നും മിൽമയിൽ നിന്നും ഭാസുരാംഗൻ പുറത്ത്

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി പരിശോധനയും ചോദ്യം ചെയ്യലും പുരോഗമിക്കുന്നതിനിടെ മുൻ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനെ സിപിഐ പുറത്താക്കി. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ നേതൃത്വത്തിന് കിട്ടിയിരുന്നു. ജില്ല എക്സിക്യൂട്ടീവാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. നേരത്തെ ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇതാണ് പുറത്താക്കലാകുന്നത്. ഇതോടെ ഭാസുരാംഗൻ ഇടതുപക്ഷത്തിന്റെ ഭാഗമല്ലാതെയായി.

ഇ.ഡി റെയ്ഡിന് പിന്നാലെ മിൽമ തിരുവനന്തപുരം മേഖല അഡിമിന്‌ട്രെറ്റീവ് കമ്മിറ്റികൺവീനർ സ്ഥാനത്തു നിന്നും എൻ.ഭാസുരാംഗനെ മാറ്റി. പകരം മണി വിശ്വനാഥിനെ നിയമിച്ചു. മിൽമ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത യൂണിയൻ തലപ്പത്തെത്തുന്നത്. ഭാസുരാംഗന് അനുവദിച്ച വാഹനം മിൽമ തിരിച്ചെടുത്തു.

കണ്ടല സർവീസ് സഹകരണ ബാങ്കിൽ വർഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായതായാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഇത് ഇഡിയും ശരിവച്ചു. ഈ സാഹചര്യത്തിലാണ് സിപിഐയുടെ നടപടി. ഇന്ന് ചേർന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോൾ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ഇനി പാർട്ടി പിന്തുണയുണ്ടാകില്ല. ഇപ്പോഴും മിൽമ്മയുടെ ഔദ്യോഗിക ചുമതല ഭാസുരാംഗനുണ്ട്. ഇതിൽ നിന്നും സർക്കാർ ഒഴിവാക്കുമോ എന്നതും നിർണ്ണായകമാണ്.

കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി. ചോദ്യം ചെയ്യലിനിടയിൽ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ഭാസുരാംഗൻ. മെഡിക്കൽ റിപ്പോർട്ട് അനുകൂലമെങ്കിൽ ഭാസുരാംഗനെ അറസ്റ്റു ചെയ്യാൻ സാധ്യത ഏറെയാണ്.

ബുധനാഴ്ച രാത്രിയോടെയാണ് മാറനല്ലൂരിലെ വീട്ടിൽ നാടകീയ സംഭവവികാസങ്ങൾ നടക്കുന്നത്. ഭാസുരാംഗനെ 20 മണിക്കൂറുകളായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണി മുതൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ചോദ്യം ചെയ്തു. ഇപ്പോൾ താമസിക്കുന്ന പൂജപ്പുരയിലെ വീട്, കണ്ടല സർവീസ് സഹകരണ ബാങ്ക്, മുൻ സെക്രട്ടറിമാരുടെ വീടുകൾ, കളക്ഷൻ ഏജന്റുമാരുടെ വീടുകൾ, എന്നിങ്ങനെ പലയിടങ്ങളിലായി സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. 9 മണിയോടെയാണ് പൂട്ടിക്കിടക്കുന്ന മാറനല്ലൂരിലെ വീട്ടിലെത്തിക്കുന്നത്. രേഖകൾ സംബന്ധിച്ച് നടന്ന ചോദ്യം ചെയ്യൽ മൂന്നുമണി വരെയും തുടർന്നതോടെയാണ് ദേഹാസ്വാസ്ഥ്യം സംഭവിക്കുന്നത്. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്.

ബാങ്ക് മുൻ പ്രസിഡന്റും ഭാരവാഹികളും ഉദ്യോഗസ്ഥരും സാമ്പത്തിക തിരിമറി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇ.ഡി. അധികൃതർക്കു ലഭിച്ച പരാതി. നിക്ഷേപകരുടെ പരാതിയെത്തുടർന്ന് ഒക്ടോബർ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറിൽനിന്ന് ഇ.ഡി. സംഘം റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ബാങ്കിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണ റിപ്പോർട്ട്, രജിസ്ട്രാർ ഇ.ഡി.ക്കു കൈമാറി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പരിശോധനകൾ.

പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഭരണസമിതി രാജിവെച്ചു. തുടർന്ന് ബാങ്ക് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിൻ കീഴിലാണ്. ഇഡിയുടെ ചോദ്യം ചെയ്യലിലും ഭാസുരാംഗൻ പതറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി അറസ്റ്റ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം വന്നത്.