- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടല ബാങ്കിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എൽഡിഎഫിലെ ഉന്നത നേതാവ്; 48 കോടിക്ക് പകരം 101 കോടിയുടെ ക്രമക്കേടുണ്ടെന്ന റിപ്പോർട്ടിന് പിന്നിൽ ഈ നേതാവ്; പുതിയ ആരോപണങ്ങളുമായി എൻ ഭാസുരാംഗൻ
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ 101 കോടിയുടെ ക്രമക്കേടുണ്ടെന്ന റിപ്പോർട്ടിന് പിന്നിൽ ഒരു എൽഡിഎഫ് നേതാവാണെന്ന് ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ പറഞ്ഞു. കുഴപ്പങ്ങൾ ഉണ്ടാക്കിയത് എൽ ഡി എഫിലെ ഈ ഉയർന്ന നേതാവാണ്. 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നുമാണ് ഭാസുരാംഗന്റെ ആരോപണം. ഇ ഡി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ ഡി ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗൻ മാധ്യമങ്ങളോട് പറഞ്ഞു. നേതാവിന്റെ പേര് സഹിതം പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ പാർട്ടി നടപടിയെടുത്തെങ്കിലും സിപിഐക്കാരനായി തുടരുമെന്നും ഭാസുരാംഗൻ വ്യക്തമാക്കി.
അതേസമയം കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇഡിയുടെ പരിശോധന പൂർത്തിയായി. 44 മണിക്കൂർ പിന്നിട്ട പരിശോധന അർധരാത്രിയാണ് പൂർത്തിയായത്. ബാങ്കിൽനിന്നു സുപ്രധാന രേഖകളും സിപിയു ഹാർഡ് ഡിസ്‌ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാംഗന്റെ യും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഡംബര കാറും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർ അഖിൽജിത്തിനെ കിംസ് ആശുപത്രിയിൽ കഴിയുന്ന ഭാസുരാംഗന്റെ അടുത്തെത്തിച്ചിരുന്നു.
കണ്ടലയിലെ വീട്ടിൽവച്ച് ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഭാസുരാംഗനെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാസുരാംഗനെ ഇന്ന് വൈകിട്ടാണ് ഡിസ്ചാർജ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ മുതലാണ് ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഇ ഡി പരിശോധന ആരംഭിച്ചത്. കഴിഞ്ഞ 30 വർഷത്തോളമായി ഭാസുരാംഗനായിരുന്നു കണ്ടല സഹകരണ ബാങ്കിന്റെ പ്രസിഡന്റ്. സിപിഐ നേതാവാണ് ഇദ്ദേഹം. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്തതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ബാങ്കിൽ കമ്പ്യൂട്ടർവൽക്കരണം സഹകരണ രജിസ്ട്രാറുടെ നിർദ്ദേശപ്രകാരമായിരുന്നില്ലെന്നും വിവരം ലഭിച്ചിരുന്നു.ബാങ്കിന്റെ ലാഭനഷ്ടക്കണക്കുകളോ ബാക്കിപത്രമോ ലഭിച്ചിരുന്നില്ല. 101 കോടിയുടെ തട്ടിപ്പാണ് ബാങ്കിൽ കണ്ടെത്തിയത്. ഒരു പ്രമാണം വച്ച് നിരവധി വായ്‌പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. പലതവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്പയെടുത്തു. ഇത് 14 സെന്റ് വസ്തുവിന്റെ ആധാരം ഉപയോഗിച്ചായിരുന്നു. എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ ലോണായെടുക്കുകയും ചെയ്തെന്ന് കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.
ബാങ്ക് പ്രസിഡന്റായിരിക്കെ, 2006ലാണ് കോൺഗ്രസിൽ നിന്ന് ഭാസുരാംഗൻ സിപിഐയിലെത്തിയത്. അതോടെ ബാങ്ക് ഭരണം സിപിഐയിലെത്തി. തട്ടിപ്പ് പുറത്തായപ്പോൾ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. തട്ടിപ്പിനെക്കുറിച്ച് 64 എഫ്.ഐ.ആറുണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ഒരു മന്ത്രിയും ഉന്നതരായ ചില ഭരണകക്ഷി നേതാക്കളും തട്ടിപ്പുപണത്തിന്റെ വിഹിതം കൈപ്പറ്റിയെന്ന് ബി.ജെപി ആരോപിച്ചിട്ടുണ്ട്. ഇതും ഇഡി അന്വേഷിക്കും.




