കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ നേതാവായിരുന്ന ഭാസുരാംഗനും മകൻ അഖിലും അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, ബാങ്ക് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

നവംബർ 17ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടുവെങ്കിലും ഭാസുരാംഗനും മകനും ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചത്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു.

ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. ഇത് മൂന്നാം തവണയാണ് ഭാസുരാംഗനെ അധികൃതർ ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. 100 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതിൽ വലിയ ക്രമക്കേടുകൾ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇ.ഡി അറിയിച്ചു.

ബുധനാഴ്ച ഭാസുരാംഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ, കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

2012 ഓഗസ്റ്റിലാണ് കണ്ടലയ്ക്കെതിരെ ആദ്യ വാർത്ത മറുനാടൻ നൽകിയത്. തുടർന്നാണ് സഹകരണ സംഘം രജിസ്ട്രാർ നടപടികൾ തുടങ്ങിയത്. അതിനൊടുവിലാണ് ഇഡിയുടെ വരവ്. ഭാസുരാംഗനും കുടുംബവും വൻതോതിൽ സ്വത്ത് സമ്പാദിച്ചതായും ഇഡി കണ്ടെത്തി. സഹകരണവകുപ്പിലെ റിപ്പോർട്ടുകൾ ശേഖരിച്ച് ഇ.ഡി. നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളുടെ പേരിൽ അനധികൃതമായി വായ്പയെടുത്തെന്നും ചിട്ടി നടത്തിപ്പിന്റെ മറവിൽ ജീവനക്കാർ ലക്ഷങ്ങൾ കമ്മീഷൻ കൈപ്പറ്റിയെന്നും മനസ്സിലാക്കി. കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

സഹകരണ വകുപ്പ് നടത്തിയ ആഡിറ്റിൽ തന്നെ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്കിൽ അഡ്്മിനിസ്ട്രേറ്റീവ് ഭരണം എത്തിയിരുന്നു. വകുപ്പ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇതിലുണ്ടായിരുന്നത്. സ്വരൂപിക്കുന്ന ഫണ്ട് പ്രസിഡന്റ്ന്റെ ഇഷ്ടനുസരണം വിനിയോഗിക്കുന്നുവെന്നാണ് ആക്ഷേപം. മറ്റ് ഭരണസമിതി അംഗങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നതായിരുന്നു വസ്തുത.

കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പു പുറത്തു വന്നതിന് പിന്നാലെയാണ് തലസ്ഥാനത്ത് കാട്ടാക്കടയ്ക്കടുത്തുള്ള കണ്ടല സഹകരണ ബാങ്കിൽ 60 കോടിയിലേറെ രൂപ ആവിയായി എന്ന വാർത്തയാണ് മറുനാടൻ ആദ്യം പുറത്തു വിട്ടത്. മാറനല്ലൂർ മുൻ പഞ്ചായത്ത്് വൈസ് പ്രസിഡന്റ് പി.മുരളീധരൻ നൽകിയ പരാതിയാണ് നിർണ്ണായകമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ്് ഉദ്യോഗസ്ഥർ മുകളിലേക്ക് അറിയിച്ചുവെങ്കിലും സിപിഐ നേതാവിന്റെ ബാങ്കായതിനാൽ നടപടി വേണ്ടന്ന് നിർദ്ദേശിച്ചുവെന്നാണ് അറിയുന്നത്. അതാണ് ഇപ്പോൾ വലിയ തട്ടിപ്പിന് കളമൊരുക്കിയതും.

2008ൽ ഒരു ഭൂമി ബാങ്കിൽ പണയപ്പെടുത്തി 88 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അതേ വസ്തു തന്നെ 2010ൽ വീണ്ടും പണയപ്പെടുത്തി ഒരുകോടി പത്ത് ലക്ഷം രൂപയും വായ്പ എടുത്തിട്ടുണ്ട്. വീണ്ടും ഇതേ വസ്ത 2011ൽ പണയപ്പെടുത്തി ഒന്നര കോടി രൂപ വായ്പ എടുത്തു. ഇത് പുറത്തായതോടെ ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തി. ഭാസുരാംംഗൻ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്ത് തട്ടികൂട്ടിയ എസ്.എച്ച്.ജി സംഘങ്ങളുടെ പേരിൽ കണ്ടല സഹകരണ ബാങ്കിനെ നോഡൽ ഏജൻസിയായി 5 കോടി രൂപ തിരിമറി നടത്തിയതായും മാറനല്ലൂർ മുൻ പഞ്ചായത്ത്് വൈസ് പ്രസിഡന്റ് പി.മുരളീധരൻ നൽകിയ ആദ്യ പരാതിയിൽ പറഞ്ഞിരുന്നു

മറുനാടൻ 2021ൽ പുറത്തു വിട്ട മുരളീധരന്റെ പരാതിയുടെ പൂർണ്ണ രൂപം:

മാറനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ സംഘം പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ നടക്കുന്നത് മതിയായ രേഖയില്ലാത്ത വായ്പ തിരുമറി സംബന്ധിച്ചും, നിയമനങ്ങളിൽ നടക്കുന്ന അഴിമതിയെ സംബന്ധിച്ചും ബാങ്കിന്റെ യഥാർത്ഥ ധന സ്ഥിതി മറച്ചുവച്ച് ആഡിറ്റിൽ കൃത്രിമം കാട്ടി , സംഘത്തിന്റെ ക്ലാസിഫിക്കേഷൻ ഉയർത്തികാണിച്ച് തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ചും , വകുപ്പിന്റെ അനുമതി വാങ്ങാതെ കോടികൾ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി സ്വത്തുകൊള്ളയിക്കുന്നതു സംബന്ധിച്ചുമാണ് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ നായർ പരാതി നൽകിയിട്ടുള്ളത്.

കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ , മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണസംഘം (ക്ഷീര )യ്ക്കുവേണ്ടി 2008ൽഊരൂട്ടമ്പലം സബ് രജിസ്ട്രാരാഫീസിൽ 907 നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് 88 ലക്ഷം രൂപ വായ്പ വാങ്ങി. അതേ ഭൂമി തന്നെ വീണ്ടും ജാമ്യം നൽകി 2010ൽ2 61നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് ഒരുകോടി 10 ലക്ഷം രൂപ വായ്പ വാങ്ങി. ഇതേ ഭൂമി തന്നെ വീണ്ടും പണയപ്പെടുത്തി2011ൽ 111 നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് ഒരുകോടി 50 ലക്ഷം രൂപ വായ്പ വാങ്ങി.

ഒരു വസ്ത തന്നെ മൂന്ന് തവണ പണയപ്പെടുത്തി വായ്പ എടുത്തിരിക്കുകയാണ്.ഒരു സംഘം മറ്റൊരു സംഘത്തിന് വായ്പ കൊടുക്കുമ്പോൾ ഗഹാൻ പതിക്കാൻ നിയമമില്ലാതിരിക്കെയാണ് ഈ ക്രമക്കേട്. ഇത് ചൂണ്ടിക്കാട്ടി മുൻപ് പരാതി നൽകിയെങ്കിലും അത് ഉന്നത സ്വാധീനമുള്ള ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ പരാതി ചവറ്റുകൊട്ടയിലാക്കി.മാറനല്ലൂർക്ഷീരസംഘം കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത ഇടപാടിൽ ക്ഷീര വികസന വകുപ്പിന്റെ അനുമതിവാങ്ങിയിട്ടില്ല. കഴിഞ്ഞ പത്ത് വർഷമായി കണ്ടല സർവ്വീസ് സഹകരണ ബാങ്കിന് ഈ വായ്പ സംബന്ധിച്ച് തിരിച്ചടവില്ലാതെ കിട്ടാക്കടമായി കിടക്കുകയാണ്.

കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന പി.കെ.വി മൊമ്മോറിയൽ കണ്ടല സഹകരണ ആശുപത്രിയുടെ പേരിലും കോടികണക്കിന് രൂപ കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ഡിപ്പാർട്ട് മെന്റിന്റെ അനുമതിയില്ലാതെ വായ്പ എടുത്ത് വൻതോതിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ആശുപത്രി നടത്തിപ്പിൽ തുടക്കം മുതൽ തന്നെ വ്യാപകമായ തോതിൽ തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. ആശുപത്രിയുടെ പേരിൽ കോടികണക്കിന് രൂപ ചെലവിട്ട് മിഷീനുകൾ വാങ്ങിയതായി രേഖുണ്ടെങ്കിലും പലതും ആശുപത്രിയിൽ കാണാനില്ലെന്നാണ് ആശുപത്രി ജീവനക്കാർ തന്നെ രഹസ്യമായി പറയുന്നു.ആശുപത്രിയുടെ പേരിൽ വൻ കൊള്ളയാണ് നടക്കുന്നത്.

കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ പ്രസിഡന്റായിരുന്ന കാലത്ത് കണ്ടല സർവ്വീസ് സഹകരണ ബാങ്കിനെ നോഡൽ ഏജൻസിയായി മാറനല്ലൂർ ,മലയിൻകീഴ്, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളിൽ വ്യാജ എസ്.എച്ച്.ജി സംഘങ്ങൾ തട്ടികൂട്ടി തിരുവനന്തപുരം ജില്ലാ ബാങ്കിൽ നിന്നും അഞ്ച് കോടിയിലേറെ രൂപ തട്ടിയെടുത്തത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊന്നുമുണ്ടായില്ല.വ്യാജ എസ്.എച്ച്.ജി സംഘങ്ങൾ തിരുവനന്തപുരം ജില്ലാ ബാങ്കിൽ നിന്നും എടുത്ത വായ്പ ഇതേവരെ തിരിച്ചടവും നടത്തിയിട്ടില്ല.

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ ഡിപ്പാർട്ട് മെന്റ് അനുവദിച്ചതിലും കൂടുതൽ പേരെ ജീവനക്കാരിയി നിയമിച്ചിട്ടുണ്ട്.അതിലേറെയും സ്വന്തക്കാരും പാർശ്വവർത്തികളുമാണ്.ഇവിടെ ഒരു നിയമനംപോലും സഹകരണ പരീക്ഷാ ബോർഡിൽ അറിയിച്ച് ടെസ്റ്റ് നടത്തിയിട്ടില്ല.ആഡിറ്റിൽ ക്രിതൃമം കാട്ടി ബാങ്കിന്റെ യഥാർത്ഥ ധനനസ്ഥിതി മറച്ചുവയ്ക്കുകയാണ്.കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ തൂങ്ങാംപാറ ഹെഡ് ഓഫീസിലും, ഓഫീസ് ബ്രാഞ്ചും,മാറനല്ലൂർ ,പുന്നാവൂർ, പാപ്പാറ ശാഖകളിൽ രണ്ടെണ്ണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ അനുമതി നേടാതെ പലപ്രാവശ്യം സ്വന്തക്കാരായ കരാറുകാരെ വച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തി കോടികളാണ് തട്ടിയെടുത്തിട്ടുള്ളത്.

ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും ജോലി

ഈ പരാതിയെ തുടർന്ന് സഹകരണ വകുപ്പ് അന്വേഷണത്തിൽ നൂറ് കോടിയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും നടന്ന നിയമനങ്ങളിലും വ്യാപക ക്രമക്കേട് കണ്ടെത്തി. താൽക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി ബാങ്കിന്റെ പ്രസിഡന്റായി തുടരുന്ന സിപിഐ നേതാവ് ഭാസുരാംഗന്റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി. ജീവനക്കാർക്ക് അനർഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാൻ കഴിഞ്ഞ 15 വർഷത്തിനിടെ 22 കോടി രൂപ വിനിയോഗിച്ചതായാണ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

സഹകരണ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ അനധികൃത നിയമനങ്ങൾ, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കൽ, ബാങ്കിന്റെ ക്ലാസിഫിക്കേഷൻ യോഗ്യത സംബന്ധിച്ച് തിരിമറി, മുൻകൂർ അനുമതിയില്ലാതെ അനധികൃത നിർമ്മാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, നിയമാവലിയിൽ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും അതിന് അമിത പലിശ നൽകിയും ബാങ്കിന് ഭീമമായ നഷ്ടം ഉണ്ടാക്കി എന്നിങ്ങനെ അഴിമതികൾ അക്കമിട്ടു നിരത്തി 92 പേജിലാണ് റിപ്പോർട്ട് തയാറാക്കിയിത്. ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്.

കണ്ടല സഹകരണ ആശുപത്രിയിൽ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താൽക്കാലികക്കാർ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയിൽ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനിടയിൽ പ്രസിഡണ്ട് ഭാസുരാംഗന്റെ ജ്യേഷഠന്റെ മകൻ അഖിലേഷും അഖിലേഷിന്റെ ജ്യേഷഠന്റെ ഭാര്യയും ഭാസുരാംഗന്റെ അളിയന്റെ ഭാര്യയും നിയമനം നേടി. സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കൾക്കും ബാങ്കിൽ ജോലിയുണ്ട്. എന്നാൽ നിയമനത്തിനായി രജിസ്ട്രാർക്ക് അപേക്ഷിച്ചാൽ അനുമതി കിട്ടാത്തതുകൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗൻ മുന്നോട്ട് വെക്കുന്നത്.

വർഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്തുകൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ ബാങ്ക് ക്ലാസ് അഞ്ചിൽ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാർക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവർക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പള ഇനത്തിൽ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

വായ്പാ തട്ടിപ്പും ഞെട്ടിപ്പിക്കുന്നത്.. ഭാസുരാംഗനെ കുടുക്കിയത് സിപിഎം നേതാവ്

കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുക്കാത്തവർക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടിയിരുന്നു. കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയ മൂന്ന് കൂലിപ്പണിക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം ബാങ്കിലെ വായ്പകളിൽ 37 കോടി രൂപയുടേത് അനധികൃതമോ കൃത്രിമമോ ആണെന്ന് സഹകരണ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുമുണ്ട്. മാറനെല്ലൂർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയുള്ള കണ്ടല ബാങ്കിന് മലയൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് എന്ന സ്ഥലം വായ്പ കൊടുക്കാൻ കഴിയാത്ത പ്രദേശമാണ്. എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയും നോട്ടീസ് ലഭിച്ചവരുണ്ട്. പത്തുമുതൽ 20 പേർ വരെയുള്ള സ്വാശ്രയ സംഘങ്ങൾക്ക് നൽകുന്ന വായ്പയുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് സംശയം.

ജീവിത്തിൽ ഇന്നേവരെ ലോൺ എടുക്കാത്ത ആളുമുണ്ട് ഈ കുട്ടത്തിൽ. നൂറുകണക്കിന് പേർക്കാണ് തോന്നുംപോലെ കണ്ടല ബാങ്കിൽ നിന്ന് വായ്പ നൽകിയത്. കണ്ടല ബാങ്കിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇങ്ങനെ പറയുന്നു. ബാങ്ക് ആകെ 102 കോടി രൂപയുടെ വായ്പ നൽകി. ഇതിൽ 37 കോടി രൂപ തികച്ചും അനധികൃതവും നിയമവിരുദ്ധവും ആണ്. അനധികൃത വായ്പകൾ ബാങ്ക് നിയമാവലിക്ക് വിരുദ്ധമായും സഹകരണ ചട്ടവും നിയമവും സഹകരണ രജിസ്ട്രാറുടെ സർക്കുലറുകളും ലംഘിച്ചാണെന്നും കാണുന്നു. അനധികൃതമായി നൽകിയ വായ്പകളിൽ പലതും തിരിച്ചുപിടിക്കുക സാധ്യമല്ലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.

കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതൃത്വം നടത്തിയ നൂറുകോടി തട്ടിപ്പിനെ വെല്ലുന്നതാണിതെന്നാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എസ് ജയചന്ദ്രൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് 2022 ജനുവരി 22 ന് സഹകരണ വകുപ്പിന് സമർപ്പിച്ചെങ്കിലും ഇടതുപക്ഷ നേതാവ് എൻ ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ സർക്കാർ നടപടി എടുക്കാതെ പൂഴ്‌ത്തി. എന്നാൽ പ്രദേശത്തെ പ്രധാന സിപിഎം നേതാവ് ഇതിന് എതിരായിരുന്നു. ജനപ്രതിനിധിയായ ഈ നേതാവ് കച്ചകെട്ടി ഇറങ്ങിയതാണ് ഭാസുരാംഗനെ യഥാർത്ഥത്തിൽ കുടുക്കിയത്. ഈ നേതാവിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ഭാസുരാംഗൻ ശ്രമിച്ചിരുന്നു.

കാട്ടാക്കടയിലെ പ്രമുഖ സിപിഎം നേതാക്കളെല്ലാം ഭാസുരാംഗനൊപ്പമായിരുന്നു. എന്നാൽ ഈ പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിന്ന ജില്ലയിലെ പ്രമുഖൻ ഭാസുരാംഗനെതിരെ രംഗത്തു വന്നപ്പോൾ സഹകരണ വകുപ്പിനും നടപടികൾ എടുക്കേണ്ടി വന്നു.

ഭാസുരാംഗനെ രക്ഷിക്കാനുള്ള ശ്രമം ഫലിച്ചില്ല

100കോടി ആവിയായ കരവന്നൂർ മോഡൽ തട്ടിപ്പു നടന്ന തിരുവനന്തപുരത്തെ കണ്ടല സഹകരണ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ, ഭാസുരാംഗനും കൂട്ടാളികൾക്കും രക്ഷപ്പെടാൻ സർക്കാർ നല്കിയ പഴുതുകൾ നിരവധിയാണ്. സഹകരണ ചട്ടം 65 പ്രകാരം അന്വേഷണം പ്രഖ്യാപിച്ചിട്ട് റിപ്പോർട്ട് നല്കാൻ മാത്രം എടുത്തത് 7 മാസത്തിലധികം സമയം. പിന്നീട് ഈ റിപ്പോർട്ടിന്മേൽ സർക്കാർ അടയിരുന്നത് 6മാസം. അങ്ങനെ ഒരു വർഷത്തോളമാണ് അന്വേഷണം എന്ന മാമാങ്കത്തിൽപ്പെടുത്തി ഭാസുരാംഗനും കൂട്ടാളികൾക്കും കോടതിയിൽ പോകാനും രക്ഷപ്പെടാനുമായി സർക്കാർ അവസരമൊരുക്കിയത്. എന്നാൽ അതൊന്നും നടക്കാതെ പോയി.

ഭാസുരാംഗൻ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയെന്ന് പറഞ്ഞു രക്ഷിക്കാൻ ശ്രമിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം തന്നെ വാർത്താകുറിപ്പ് ഇറക്കുകയും ചെയ്തു. നിക്ഷേപത്തിന്റെ പേരിൽ തങ്ങളുടെ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ചിട്ടി പിടിച്ചിട്ടു കിട്ടാത്ത ഹതഭാഗ്യർ വേറെ. സർക്കാരോ സഹകരണ വകുപ്പോ ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ തട്ടിപ്പുകാർക്ക് രക്ഷപ്പെടാൻ അവസരം ലഭിക്കില്ലയായിരുന്നു. ഇനി കേസും നൂലാമാലകളുമായി വ്യവഹാരം തുടരുക തന്നെ ചെയ്യും. പണം പോയവർക്ക് പോയത്് തന്നെ. 2011ൽ ലും കണ്ടല ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തന്റെ സ്വാധീനത്താൽ ഭാസുരാംഗൻ അന്ന് അന്വേഷണം തന്നെ അട്ടിമറിച്ചു.

തട്ടിപ്പു നടത്തിയവർക്ക് രക്ഷപ്പെടാൻ തന്നെ സർക്കാർ സമയം അനുവദിച്ചു നല്കുകയായിരുന്നു. അതിനായി അന്വേഷണം ഇഴച്ചു. ഇത്രയും വലിയ തട്ടിപ്പ്് നടന്ന ബാങ്കിലെ ക്രമക്കേട് അനേഷിച്ചിത് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ഒറ്റയ്ക്ക്. രജിസ്റ്ററുകളും രേഖകളും പരിശോധിക്കാൻ മാത്രം അദ്ദേഹത്തിന് വേണ്ടി വന്നത് നാലു മാസത്തിലധികം സമയം.

പ്രസുകാരനിൽ നിന്നും കോടീശ്വരനിലേയ്ക്ക്

35 വർഷം മുൻപ് പ്രസു ജീവനക്കാരനായാണ് ഭാസുരാംഗൻ മാറനല്ലൂർ എത്തിയത്. ചെറിയ അച്ചടി ജോലികൾ തുച്ഛമായ ശമ്പളം. ഇങ്ങനെ പോയി ജീവിതം. പിന്നീട് ചെറിയൊരു പ്രസ് തുടങ്ങി. മാറനല്ലൂരിൽ കട വാടകയ്ക്ക് എടുത്തായരുന്നു അച്ചടി ശാലയുടെ പ്രവർത്തനം. പലപ്പോഴും കട വാടക കൊടുക്കാത്തതിന്റെ പേരിൽ ആഴ്ചകളോളം പ്രസ് അടച്ചിടേണ്ടതായും വന്നിട്ടുണ്ട്. പ്രസ് നടത്തിപ്പിന് പുറമെ ചെറിയ രാഷ്ട്രീയ പ്രവർത്തനം കൂടി നടതതി തുടങ്ങി ഭാസുരാംഗൻ. പൊതു പ്രവർത്തകനായാൽ പ്രസിൽ കൂടുതൽ പണി കിട്ടും എന്ന ചിന്തയിലാണ് പ്രാദേശികമായി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്.

കോൺഗ്രസിനോടൊപ്പം നിന്ന് അവിടെത്തെ പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങി. ഇതോടെ ഭാസുരംഗൻ അവിടെത്തെ കോൺഗ്രസ് നേതാവായി. ചെറിയ ചെറിയ ബന്ധങ്ങളും ആയി. ഇതോടെ പ്രസ് ബിസിനസ് വിട്ട് ക്ഷീര കർഷകന്റെ കുപ്പായം ഭാസുരാംഗൻ ഇട്ടു. മിൽമയ്ക്ക് ബദൽ എന്ന നിലിയൽ ക്ഷീര അവതരിപ്പിച്ചു. കവർ പാൽ, സിപ്പപ്പ്, തൈര്, വെണ്ണ, നെയ്യ് ഇങ്ങനെ പുതിയ പ്രോഡക്ടുകൾ ഇറക്കി ഭാസുരാംഗൻ മാറനല്ലൂർകാരെ ഞെട്ടിച്ചു. ക്ഷീര കർഷകൻ സഹകാരി തുടങ്ങിയ കുപ്പായങ്ങൾ തയ്ച്ചായി പിന്നീടുള്ള പ്രവർത്തനം. ഇതിനിടെ കണ്ടല ബാങ്കിന്റെ ഭാരണ സമിതിയിൽ എത്തി തുടർന്ന് പ്രസിഡന്റും ആയി.

പീന്നീട് നാട്ടിൽ സ്ഥലം വാങ്ങി ബഹു നില മന്ദിരം പണിതു. കാറും വീടുമൊക്കെ ആയതോടെ ഭാസുരംഗന്റെ സ്വഭാവത്തിലും മാറ്റം വന്നതായി പഴയ ആൾക്കാർ ഓർക്കുന്നു. പേരു പത്രാസും ആയെങ്കിലും കോൺഗ്രസുകാരനായതിനാൽ സിപി എമ്മുമായി എന്നും ഏറ്റുമുട്ടലിലായിരുന്നു ഭാസുരാംഗൻ. സി പി എം പ്രാദേശിക നേതാവും പാർട്ടി പത്രത്തിന്റെ ലേഖകനുമായ നേതാവായിരുന്നു പ്രധാന ശത്രു. ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരന് സഹകരണ ബാങ്കിൽ ജോലി നല്കി സി പി എമ്മുകാരെയും ഭാസുരാംഗൻ പാട്ടിലാക്കി. ഇതിനിടെ ദുർവ്യയം കാരണം ക്ഷീര പൊളിഞ്ഞു. കോടികളുടെ നഷടമായി. ക്ഷീര പൊളിഞ്ഞപ്പോൾ കണ്ടല ബാങ്കിന്റെ ലേബലിൽ ഭാസുരാംഗൻ സഹകരണ ആശുപത്രിയും മാറനല്ലൂരിൽ തുടങ്ങി.

ഒപ്പം നിലനിൽപ്പിനായി രാഷ്ട്രീയവും മാറി. അങ്ങനെ ഇടത്തോട്ടു ചാഞ്ഞ ഭാസുരംഗൻ ഇന്ന് സിപിഐ ജില്ലാ കൗൺസിൽ അംഗമാണ്. അടുത്തിടെ നടന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ കണ്ടല ബാങ്കിലെ തട്ടിപ്പു സംബന്ധിച്ച് ആരും ഒരക്ഷരം മിണ്ടിയില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം സമ്മേളനം നടത്താൻ സാമ്പത്തിക പിന്തുണ നൽകിയവരിൽ പ്രധാനി ഭാസുരാംഗൻ തന്നെ. സിപിഐയിൽ എത്തിയതോടെ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാകാൻ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും നടന്നില്ല. ഒടുവിൽ കാനം രാജേന്ദ്രനും പ്രകാശ് ബാബുവും കനിഞ്ഞതു കൊണ്ട് മിൽമ മേഖല യൂണിയൻ അഡ്‌മിനിസ്ട്രേറ്ററായി. അതും ഇപ്പോൾ നഷ്ടമായി.