കാഞ്ഞങ്ങാട്: സഹകരണ അഗ്രികള്‍ച്ചര്‍ സൊസൈറ്റി പണയ തട്ടിപ്പ് കേസില്‍ പരാതിക്കാരനെ ജില്ലാ പോലീസ് മേധാവി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. കേസിലെ, പ്രതിയുടെ ബന്ധുവിനെ കേസ്സില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം പുറത്തായതോടെയാണ് നടപടി. കാസര്‍കോട് ക്രൈം ബ്രാഞ്ചിലെ എസ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി വാര്‍ത്ത പുറത്തുവിട്ടിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ പേര് തട്ടിപ്പില്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് അദ്ദേഹം നേരിട്ട് ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചതോടെയാണ് ഇടപെടല്‍.

നേരത്തെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന തൈക്കടപ്പുറം സ്വദേശിയും നിലവില്‍ ക്രൈംബ്രാഞ്ച് എസ് ഐയുമായ ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്തിയാണ് കര്‍ണാടക സ്വദേശിയും ബേക്കലത്ത് കുടിയേറി താമസക്കാരനുമായ ടൈഗര്‍ സമീര്‍ എന്ന വ്യക്തി തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നത്. ടൈഗര്‍ സമീര്‍ റാഷിദ് ഇസ്മായില്‍ എന്നിവരടങ്ങുന്ന സംഘമാണ് ബേക്കല്‍ സ്വദേശിയെ കേസ്സില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുത്തത്.

ക്രൈംബ്രാഞ്ച് എസ്.ഐ. അടക്കമുള്ളവരുടെ ഭീഷണിയില്‍ ഭയന്ന ബേക്കല്‍ സ്വദേശി പണം കൈമാറിയതിന് പിന്നാലെ സംഘം 3 ലക്ഷം രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടു. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ക്രൈംബ്രാഞ്ച് എസ്. ഐക്കുമായിട്ടാണ് പണമെന്ന വ്യാജേനയാണ് എസ്.ഐ .യുടെ നേതൃത്വത്തിലുള്ള സംഘം ബേക്കല്‍ സ്വദേശിയുടെ കയ്യില്‍ നിന്നും പണം തട്ടിയെടുത്തത്.

കൂടുതല്‍ പണമാവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെയാണ് പരാതിക്കാരന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ ഡി.വൈ.എസ്. പി.യെ നേരില്‍ കണ്ട് പരാതി ബോധ്യപ്പെടുത്തിയത്. ഡിവൈഎസ്പിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ ക്രൈംബ്രാഞ്ച് എസ്.ഐ. ക്കെതിരെ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്.

തട്ടിപ്പിനിരയായ ബേക്കല്‍ സ്വദേശിയുടെ മൊഴി നിലവിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായ സിബി തോമസിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ മുരളി പെരിയയാണ് രേഖപ്പെടുത്തിയത്. തട്ടിപ്പുസംഘവുമായി നടത്തിയ പരാതിക്കാരന്റെ ഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നതോടെ ടൈഗര്‍ സമീറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

തട്ടിയെടുത്ത പണം തിരികെ നല്‍കാം എന്ന് വാഗ്ദാനം നല്‍കുന്നതോടൊപ്പം സംഘം ഭീഷണിയും തുടരുകയായിരുന്നു.
സമാനരീതിയില്‍ ഈ തട്ടിപ്പ് സംഘം മറ്റു മൂന്നുപേരെയും ബ്ലാക്ക് മെയിലിന് ഇരയാക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. ടൈഗര്‍ സെമീര്‍ എന്ന തട്ടിപ്പ് വീരന്‍ ഏതോ ഇടതുപക്ഷ ഘടകകക്ഷിയുടെ നേതാവാണെന്ന് അവകാശപ്പെടുന്നത്. മാത്രമല്ല ലഹരിക്കെതിരെ പോരാടുന്ന സംഘടനയുടെ പ്രസിഡണ്ട് ആണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മയക്കുമരുന്ന് വില്‍പ്പനക്കാരുമായി നിരന്തരം സഹവാസവും ഉണ്ട്. തളങ്കരയിലെ ഒരു അക്കാദമിയുടെ പിടിഎ വൈസ് പ്രസിഡണ്ട് ആണെന്നും ഇയാള്‍ പറയുന്നു. തന്റെ സ്ഥാനങ്ങളൊക്കെ ഒരു കാര്‍ഡില്‍ എഴുതി പുലിയുടെയും, കടുവയുടെയും ചിത്രവും ഒട്ടിച്ചാണ് പരിചയപ്പെടുന്നവര്‍ക്ക് കൈമാറുന്നത് .