- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൂട്ടുകാരിയെ വിളിച്ചത് പൊലീസിന് അറിയില്ലെന്ന ധാരണയിൽ
കാസർകോട്: കാഞ്ഞങ്ങാട്ടെ ക്രൂരനെ കുടുക്കിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണം. പ്രതി കാഞ്ഞങ്ങാട്ടെ ഭാര്യ വീട്ടിൽ താമസിക്കുന്ന പി എ സലിം എന്ന് മനസ്സിലാക്കിയതോടെ പൊലീസ് ഇയാളുടെ ചരിത്രം മൊത്തെ ചികഞ്ഞു. ഇതിൽ കാഞ്ഞാങ്ങാട്ട് ഭാര്യയുള്ള ഈ പ്രതിക്ക് സ്വന്തം നാടായ കുടകിൽ പെൺസുഹൃത്തുണ്ടെന്നും മനസ്സിലാക്കി. ഈ കണ്ടെത്തലാണ് ഒൻപതാം നാൾ പീഡകനെ കുടുക്കിയത്. പെൺസുഹൃത്തിനെ പൊലീസ് കണ്ടെത്തിയത് സലിം അറിഞ്ഞില്ല. ഈ വീഴ്ചയാണ് അറസ്റ്റായി മാറിയത്.
സലീമിന് സ്വന്തമായി ഫോണില്ലെന്ന് മനസ്സിലാക്കിയ പൊലീസ് ഭാര്യയുടെയും അമ്മയുടേയും കുടകിലെ പെൺസുഹൃത്തിന്റെയുമൊക്കെ ഫോൺനമ്പർ വാങ്ങി നീരീക്ഷിച്ചു. ആന്ധ്രയിൽ നിന്ന് കുടകിലെ പെൺസുഹൃത്തിനൊരു കോൾ വന്നു. ആ സമയം മൈസുരൂ മാണ്ഡ്യയിലുണ്ടായിരുന്ന എസ്‌ഐ. അബൂബക്കർ കല്ലായി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ് കാസർകോട്, നിഖിൽ അച്ചാംതുരുത്തി എന്നിവർ ആന്ധ്രയിലേക്ക് പോയി. അവിടെ നിന്നും പ്രതിയെ അതിവേഗം പൊക്കി.
പൊലീസിന് കുടകിൽനിന്ന് കിട്ടിയത് നിർണായകമായ ഒട്ടേറെ വിവരങ്ങളാണ്. പിടിച്ചുപറിയും തട്ടിപ്പും പശുവിനെയും ആടിനെയും മോഷ്ടിക്കലുമൊക്കെയായി ഒരു പിടി കേസുകളുണ്ട് ഇയാൾക്ക് കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ. ചെറുപ്പത്തിലേ വിവാഹിതനായി. 15 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ യുവതിയെ കല്യാണം കഴിച്ചത്. അതിനുശേഷം കുടകിലും കാഞ്ഞങ്ങാട്ടുമായി താമസിക്കും. കുറച്ചു വർഷം ഗൾഫിലേക്ക് പോയി. നാട്ടിലെത്തിയ ശേഷം ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഹോട്ടൽപ്പണിയെടുത്തു. നാട്ടിലുള്ളപ്പോൾ ഇടയ്ക്ക് കൂലിപ്പണിക്ക് പോകും. 13 വയസ്സുകാരനടക്കം നാല് മക്കളുണ്ട്. ഇയാളുടെ ഭാര്യ വീട്ടുവേലയ്ക്ക് പോയാണ് കുടുംബം പുലർത്തുന്നത്. പകൽ ഇയാൾ വീട്ടിൽ കഴിച്ചുകൂട്ടും.
രാത്രി പുറത്തേക്കിറങ്ങും. തോട്ടിൽ മീൻപിടിക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞാണ് നട്ടപ്പാതിരയ്ക്ക് പുറത്തേക്ക് പോകുക. താമസിക്കുന്നിടത്തെ വിവിധ സ്ഥലങ്ങളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമെല്ലാം നടക്കും. ഈ നടത്തം കവർച്ചയ്ക്ക വേണ്ടിയുള്ളതായിരുന്നു. കാഞ്ഞങ്ങാട് പത്തു വയസുകാരിയെ പീഡിപ്പിച്ചതും മോഷണത്തിന് എത്തിയപ്പോഴാണ്. കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവശേഷം വഴിയിൽ മദ്യപിച്ച് കിടന്ന ആളുടെ ഫോണിൽ നിന്ന് ഇയാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. കർണാടകയിലുള്ള പെൺസുഹൃത്തിന്റെ അടുത്തേക്ക് പോകാനായിരുന്നു സലീമിന്റെ പദ്ധതി.
കഴിഞ്ഞ 15ന് കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. പി എ സലീമാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കാലങ്ങളായി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് മൂലം പ്രതിയിലേക്ക് എത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോൾ ഭാര്യയുടെയും കുടകിൽ വീട്ടിൽ താമസിക്കുമ്പോൾ അമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. പെൺസുഹൃത്തിനെ തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായത്.
പെൺസുഹൃത്തിനെ മറ്റൊരാളുടെ ഫോണിൽ നിന്ന് പ്രതി വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് ലൊക്കേഷൻ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതി വിചിത്ര സ്വഭാവക്കാരനാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു സീസണിൽ കുറ്റകൃത്യങ്ങൾ ചെയ്യുകയും തുടർന്ന് മാന്യനായി പെരുമാറുകയുമാണ് പ്രതിയുടെ സ്വഭാവം. ഇയാളുടെ പേരിൽ പോക്സോ, പിടിച്ചുപറി ഉൾപ്പെടെ വിവിധ കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.