- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ മാമ്പഴ മോഷണം; സസ്പെഷനായതിന് പിന്നാലെ എആർ ക്യാമ്പിലെ സിപിഒ ഒളിവിൽ; വിദേശത്തേക്ക് കടന്നെന്ന അഭ്യൂഹം; കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് ഒടുവിൽ പഴക്കച്ചവടക്കാരൻ; പൊലീസുകാരൻ പ്രതിയായ കേസ് ഒത്തു തീർപ്പിലേക്ക്
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണ കേസ് ഒത്തുതീർപ്പിലേക്ക്. കേസ് പിൻവലിക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതിക്കാരൻ അപേക്ഷ നൽകി. അപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും. കേസിൽ പ്രതിയായ ഇടുക്കി എആർ ക്യാമ്പിലെ സിപിഒ ഷിഹാബ് വിപി നിലവിൽ ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കാട്ടിയാണ് പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
കഴിഞ്ഞ മാസം 30ന് പുലർച്ചെ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ചത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണ് എന്ന് തിരിച്ചറിഞ്ഞത്.
വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാൻ കാഞ്ഞിരപ്പള്ളി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസുകാരനായ ഷിഹാബിന് പൊലീസിന്റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താൻ കാഞ്ഞിരപ്പള്ളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകൾ പൊലീസിന് കിട്ടിയിരുന്നു. എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.
മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയാണ് ഷിഹാബ്. ഈ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. ബലാത്സംഗ കേസിലെ ഷിഹാബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും പൊലീസ് ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ ഷിഹാബ് വിദേശത്തേക്ക് കടന്നെന്ന അഭ്യൂഹങ്ങളും നാട്ടിൽ ശക്തമായിട്ടുണ്ട്. ഇക്കാര്യം പക്ഷേ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ