- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയുമായി അകന്ന ദർശനോട് 10 വർഷമായി പവിത്ര അടുപ്പത്തിൽ
ബംഗളുരു: കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് നടൻ ദർശന്റെയും പവിത്രഗൗഢയുടെയും അറസ്റ്റ്. കൊലപാതക കേസിൽ നടൻ അറസ്റ്റിലായത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ഭാര്യയുമായി പത്ത് വർഷമായി അകന്നു കഴിയുന്ന ദർശൻ പവിത്രയുമായി അടുപ്പത്തിലായിരുന്നു. ഇതിനെ ആരാധകൻ ചോദ്യം ചെയ്തതാണ് കൊലപ്പെടുത്താൻ മാത്രം പ്രകോപനമായത്.
കൊല്ലപ്പെട്ട രേണുകസ്വാമി നടൻ ദർശൻ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തൽ. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി പവിത്ര ഗൗഡയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ രേണുക സ്വാമി എതിർത്തത്. ഇരുവരെയും ചേർത്ത് അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
സിനിമകളിൽ കരുത്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ കന്നഡ നടൻ ദർശൻ തൊഗുദീപ, കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും പലവട്ടം മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കയാണ്.
പൊലീസുകാർ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡർ ഇവരോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.
സംഭവത്തിൽ ദർശന് കുരുക്ക് മുറുകുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദർശന്റെ ജീപ്പ് മൃതദേഹം സൂക്ഷിച്ചെന്ന് കരുതുന്ന ഷെഡിലേക്ക് വരുന്നതും പോകുന്നതും ആയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒൻപതാം തിയതി പുലർച്ചെ മൂന്നരയോടെയാണ് ഈ വാഹനം അടക്കം രണ്ട് വാഹനങ്ങൾ ഷെഡിലേക്ക് വരുന്നത്. എന്തിനാണ് പുലർച്ചെ ഷെഡിലേക്ക് പോയത് എന്ന ചോദ്യത്തിന് ആരെയോ പിടിച്ചു കൊണ്ട് വന്നു എന്ന് ഫാൻസ് അസോസിയേഷൻകാർ അറിയിച്ചു എന്നും അതാരാണ് എന്ന് നോക്കാൻ പോയതാണ് എന്നുമാണ് ദർശന്റെ മറുപടി.
ശേഷം അവിടെ നടന്നത് എന്തെന്ന് അറിയില്ലെന്നും താൻ ആരെയും മർദിച്ചിട്ടില്ല എന്നുമുള്ള മൊഴിയിൽ ദർശൻ ഉറച്ച് നിൽക്കുകയാണ്. നടന്റെ വീട്ടിലേക്ക് കൊണ്ട് വന്ന ശേഷം സുഹൃത്തിന്റെ ഷെഡിലേക്ക് കൊണ്ട് പോയി രേണുക സ്വാമിയെ ക്രൂരമായി മർദിച്ച് അവശനാക്കി എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി. മർദ്ദനത്തിനിടെ മരിച്ച ഇയാളെ മാലിന്യക്കൂമ്പാരത്തിൽ കൊണ്ട് പോയി തള്ളുകയായിരുന്നു. ഇന്ന് പവിത്ര ഗൗഡയെയും ദർശനെയും വിശദമായി വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദർശന്റെ വീട്ടിൽ പരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം.
രേണുക സ്വാമിയുടെ ശവശരീരം ജൂൺ 9ന് ബെംഗലൂരുവിലെ സോമനഹള്ളിയിലുള്ള ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും കണ്ടെത്തി. ഇതൊരു ആത്മഹത്യയാണ് എന്നാണ് പൊലീസ് ആദ്യം കരുതിയത്. ശേഷം നടത്തിയ അന്വേഷണത്തിൽ ഇതുകൊലപാതകമാണ് എന്ന് തെളിഞ്ഞു. തുടർന്ന് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ എന്ന തരത്തിൽ നടത്തിയ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്ക് പ്രാഥമിക അന്വേഷണം നീണ്ടതോടെ മരിച്ച ആളെ കുറിച്ച് വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചു.
ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ ഈ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി. പൊലീസ് നടത്തിയ തുടർ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശന്റെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടർന്ന് ദർശനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.
ദർശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടർന്നു പിടികൂടി ബെംഗളൂരുവിൽ എത്തിച്ചത്. ദർശന്റെ മാനേജർ പവന്റെ നിർദ്ദേശത്തെ തുടർന്നാണിത്. കഴിഞ്ഞ 8ന് രേണുകസ്വാമിയെ ചിത്രദർഗയിൽ നിന്നു കാണാതായതിനെ തുടർന്ന് അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ദർശനും മാനേജർ പവനും നടത്തിയ ഫോൺ കോളുകളും മറ്റു ഡിജിറ്റൽ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. രേണുകസ്വാമിയെ മർദ്ദിച്ച് അവശനാക്കിയ കൊലയാളി സംഘം തലയ്ക്ക് ക്ഷതമേൽപ്പിച്ചും ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് കൈകാലുകളിൽ പരുക്കേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്. നേരത്തെ ദർശന്റെ 2 സിനിമകളുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച വിജനമായ 5 ഏക്കർ പറമ്പിലെ ഷെഡിലാണ് കൊലപാതകം നടന്നത്. ദർശന്റെ വീടിനു 2 കിലോമീറ്റർ ചുറ്റളവിലാണിത്.
നേരത്തെ 2011ൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ദർശൻ അറസ്റ്റിലായിരുന്നു. യുവതിയെ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന കേസും മൈസൂരുവിലെ ഫാമിൽ അനധികൃതമായി ദേശാടനപക്ഷികളെ കൂട്ടിലടച്ചെന്ന കേസും ഇയാൾക്കെതിരെയുണ്ട്. ക്രാന്തിവീര സംഗോള്ളി രായണ്ണ, കലാശിപാളയ, നവഗ്രഹ, സാരഥി, റോബർട്ട് തുടങ്ങിയവയാണ് ദർശന്റെ ഹിറ്റ് സിനിമകൾ.