കണ്ണൂർ: തലശേരി ഇരട്ടക്കൊലപാതക കേസിൽ പൊലിസ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. തലശേരി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ കൊലയ്ക്കു കാരണം വ്യക്തിവൈരാഗ്യവും ലഹരിവിൽപന ചോദ്യം ചെയ്തതുമാണെന്നതാണ് പൊലിസ് പ്രാഥമികറിപ്പോർട്ടിൽ പറയുന്നത്. കേസിലെ പ്രധാനപ്രതിയായ നെട്ടൂർ ചിറക്കക്കാവിന് സമീപം മുട്ടങ്ങൽ വീട്ടിൽ ജാക്സൺ വിൻസെന്റ് നടത്തിയ കഞ്ചാവ് വിൽപനയെ ചോദ്യം ചെയ്ത വൈരാഗ്യമാണ് പ്രതികൾ ആസൂത്രിതമായി ഇരട്ടക്കൊല നടത്താൻ കാരണമായത്.

ലഹരിമാഫിയ സംഘത്താൽ കൊല്ലപ്പെട്ട സി.പി. എം നെട്ടൂർ ബ്രാഞ്ച് അംഗമായ പൂവനാഴി ഷമീറിന്റെ(40) മകൻ ഷബീലിനെ(20) ബൈക്കിലെത്തിയ ജാക്സൺ തടഞ്ഞു നിർത്തി മർദ്ദിച്ചിരുന്നു. ഡി.വൈ. എഫ്. ഐ പ്രവർത്തകനായ ഷബീലാണ് തന്റെ വീട്ടിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന വിവരം പൊലിസിനെ അറിയിച്ചതാണെന്ന സംശയത്തെ തുടർന്നാണ് മർദ്ദിച്ചത്. സംഭവത്തിനു മുൻപായി പൊലിസ് ജാക്സന്റെ ചിറക്കക്കാവ് വീട്ടിൽ പരാതിയെ തുടർന്ന് റെയ്ഡു നടത്തിയിരുന്നു. എന്നാൽ വിവരം മുൻകൂട്ടി ചോർന്നു കിട്ടിയതിനാൽ ഇവിടെ നിന്നും മറ്റൊന്നും കണ്ടെത്തിയില്ല.

ഈ സംഭവത്തിൽ വ്യാജപരാതി നൽകിയെന്നു ആരോപിച്ചാണ് ജാക്സൺ ഷബീലിനെ മർദ്ദിച്ചത്. സംഭവത്തിനു ശേഷം തലശേരി സഹകരണാ ആശുപത്രിയിൽ പരുക്കേറ്റ ഷബീലിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതു പൊലിസ് കേസിലെത്തുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ജാക്സനും സഹോദരി ഭർത്താവ് പാറായി ബാബുവും സംഘവും അനുരഞ്ജന ചർച്ചകൾക്കെത്തിയത്. തലശേരി സഹകരണാശുപത്രിയിൽ ഷബീലിനൊപ്പം നിന്ന പിതാവ് പൂവനാഴി ഷമീറിനെയും സഹോദരി ഭർത്താവും നെട്ടൂർ ഇല്ലിക്കുന്ന് കെ. ഖാലിദിനെയും(52) പുറത്തേക്ക് വിളിച്ചു വരുത്തുന്നത്.

തലശേരി കോംട്രേസ്റ്റ് ആശുപത്രി കോംപൗണ്ടിൽ നടന്ന അനുരഞജന ചർച്ചയ്ക്കിടെ ഇരുവിഭാഗവും പ്രകോപിതരാവുകയും പാറായി ബാബു കൈയിൽ കരുതിയ കത്തിക്കൊണ്ടു ഷമീറിനെ കുത്തുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ഖാലിദിന് കഴുത്തിന് കുത്തേൽക്കുന്നത്. ഖാലിദ് തൊട്ടടുത്ത തലശേരി സഹകരണ ആശുപത്രിയിൽ വെച്ചും ഷമീർ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിൽ വെച്ചുമാണ് മരണമടയുന്നത്.

ഈ കേസിൽ അറസ്റ്റിലായ ഏഴുപ്രതികളെ കോടതി ഇന്നലെ തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ ഇന്ന് ഹരജി നൽകുമെന്നു തലശേരി എ.സി.പി നിഥിൻരാജ് അറിയിച്ചു.